മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടേയും നടി അമലയുടെയും മകന് അഖില്‍ അക്കിനേനി പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ഏജന്റ് എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാവുകയാണ് താരം. അഖില്‍ അക്കിനേനിക്കൊപ്പം തുല്യ പ്രാധാന്യമാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിനും.
പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ബോണ്‍ സീരീസില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ സ്പൈ ഏജന്റായാണ് അഖില്‍ എത്തുന്നത്. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധാനം. വക്കാന്തം വംശി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഹിപ്ഹോപ് തമിഴയാണ് സംഗീതമൊരുക്കുന്നത്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. വിദേശ സീനുകള്‍ യൂറോപ്പിലാകും ചിത്രീകരിക്കുക. ഇതിനായി മറ്റന്നാള്‍ മമ്മൂട്ടിയും സംഘവും യൂറോപ്പിലേക്ക് പോകും.
നവംബര്‍ 2 വരെയാണ് അവിടെ ചിത്രീകരണം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടാകും. വൈഎസ്ആറിന്റെ ജീവിതകഥ പറഞ്ഞ ‘യാത്ര’യാണ് മമ്മൂട്ടിയുടെ അവസാന തെലുങ്ക് ചിത്രം. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി വളരെയധികം നിരൂപക പ്രശംസ നേടിയിരുന്നു.