‘കടയ്ക്കല്‍ ചന്ദ്രനാ’യി മമ്മൂട്ടി; ‘വണ്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ‘വണ്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി പുറത്തുവിട്ടത്. കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ‘കടയ്ക്കല്‍ ചന്ദ്രന്‍’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുന്നതിനിടെ മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. മമ്മൂട്ടി നേരിട്ട് ഓഫീസില്‍ കാണാനെത്തിയ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സംവിധാനം നിര്‍വഹിക്കുന്ന സന്തോഷ് വിശ്വനാഥന്‍ ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സ്പൂഫ് ചിത്രം ഒരുക്കിയ ആളാണ്. ബോബി-സഞ്ജയ്യാണ് തിരക്കഥ. നിര്‍മ്മാണം ഇച്ചായീസ് പ്രൊഡക്ഷന്‍സ്. ആര്‍ വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. എഡിറ്റിംഗ് നിഷാദ്.

Top