‘ഏജന്റ്’ ട്രെയ്‍ലറില്‍ മമ്മൂട്ടിക്ക് രണ്ട് ശബ്‍ദം; കാരണം വ്യക്തമാക്കി അണിയറക്കാർ

തെലുങ്കിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ നല്ല പ്രേക്ഷകശ്രദ്ധയില്‍ നില്‍ക്കുന്ന ഒന്നാണ് ഏജന്റ്. അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് ഈ പ്രോജക്റ്റിനോടുള്ള താല്‍പര്യം. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തിയത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയ്‍ലര്‍ മികച്ച ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്ന ഒന്നാണെങ്കിലും മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു പ്രധാന പോരായ്മ ചര്‍ച്ചയായി. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി ആയിരുന്നു അത്.

2.19 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംഭാഷണങ്ങളില്‍ ചിലത് മമ്മൂട്ടിയുടെ ശബ്ദത്തിലും മറ്റു ചിലത് മറ്റാരുടെയോ ശബ്ദത്തിലുമാണ്. തെലുങ്കിലെ കഴിഞ്ഞ ചിത്രമായ യാത്രയിലുള്‍പ്പെടെ തെലുങ്ക് സംഭാഷണങ്ങള്‍ മമ്മൂട്ടി സ്വയമാണ് ഡബ്ബ് ചെയ്യാറ്. അതിനാല്‍ത്തന്നെ ഏജന്റ് ട്രെയ്‍ലര്‍ ഇക്കാരണത്താല്‍ ചര്‍ച്ചയായി. മമ്മൂട്ടി ഡബിള്‍ റോളില്‍ ആയിരിക്കുമെന്നായിരുന്നു സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ പ്രചരിച്ച ഒരു തമാശ. എന്നാല്‍ ചിത്രം ഇറങ്ങുമ്പോള്‍ മമ്മൂട്ടി ആരാധകര്‍ക്ക് നിരാശരാകേണ്ടിവരില്ല. കേണല്‍ മഹാദേവന്റെ മുഴുവന്‍ സംഭാഷണങ്ങളും മമ്മൂട്ടിയുടെ ശബ്ദ ഗാംഭീര്യത്തില്‍ തന്നെ കേള്‍ക്കാനാവും.

ഏജന്റ് സിനിമയുടെ ഡബ്ബിംഗ് മമ്മൂട്ടി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് പ്രതികരണം. ട്രെയ്‍ലര്‍ ലോഞ്ച് തീയതി നേരത്തെ തീരുമാനിച്ചിരുന്നതായതിനാല്‍ ട്രെയ്‍ലര്‍ പെട്ടെന്ന് ഇറക്കാന്‍ വേണ്ടി മറ്റൊരാളെക്കൊണ്ട് താല്‍ക്കാലികമായി ഡബ്ബ് ചെയ്യിച്ചതാണ്. ഇപ്പോഴത്തെ തിരക്കുകള്‍ക്ക് ശേഷം ചിത്രത്തിന്റെ ഡബ്ബിംഗ് മമ്മൂട്ടി പൂര്‍ത്തിയാക്കും. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ കേണൽ മഹാദേവനായാണ് മമ്മൂട്ടി ഏജന്റില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖില്‍ അക്കിനേനിയുടെ കഥാപാത്രം. പാൻ ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് ബിഗ് ബജറ്റിലാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്.

Top