ദുൽഖറിന്റെ ‘സല്യൂട്ടി’ന്റെ പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി; ഇത്തവണയും മമ്മൂട്ടിയുടെ ഫോൺ അടിച്ചുമാറ്റിയിരിക്കുമെന്ന് ട്രോളുകൾ

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘സല്യൂട്ടി’ന്റെ റിലീസ് തീയതി പുറത്ത് വിട്ട് മമ്മൂട്ടി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം 2022 ജനുവരി 14ന് തീയേറ്ററുകളിലെത്തും.

മമ്മൂട്ടി പങ്കുവച്ച പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായാണ് ആരാധകർ എത്തിയിരിക്കുന്നത്. സാധാരണ ദുൽഖർ ചിത്രങ്ങളുടെ പ്രമോഷന്റെ ഭാ​ഗമായി പോസ്റ്ററുകളോ മറ്റോ മമ്മൂട്ടി സ്വന്തം പേജിലൂടെ പങ്കുവയ്ക്കാറില്ല.

എന്നാൽ അതിനൊരു മാറ്റം വന്നത് ദുൽഖർ ചിത്രം കുറുപ്പിന്റെ ട്രെയ്‌ലർ മമ്മൂട്ടി തന്റെ പേജിലൂടെ പങ്കുവച്ചപ്പോഴാണ്. എന്നാൽ ഇത് മമ്മൂട്ടിയുടെ ഫോൺ എടുത്ത് ദുൽഖർ തന്നെ പോസ്റ്റ് ചെയ്തതായിരിക്കുമെന്ന് ട്രോളുകൾ ഇറങ്ങിയിരുന്നു. പിന്നാലെ കുറുപ്പിൻറെ പ്രീ-റിലീസ് വാർത്താസമ്മേളനത്തിൽ അതുതന്നെയാണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് ദുൽഖർ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോൾ സല്യൂട്ടിന്റെ പോസ്റ്ററും അത്തരത്തിൽ മമ്മൂട്ടിയുടെ ഫോൺ അടിച്ചുമാറ്റി ദുൽഖർ തന്നെ പങ്കുവച്ചതാണെന്നാണ് കമന്റുകൾ പറയുന്നത്.

ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഉദ്യോ​ഗസ്ഥനായാണ് ദുൽഖർ എത്തുന്നത്.
വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്.

Top