ആരാധകരെ നിരാശരാക്കി ‘പരോള്‍’; മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടി

റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മമ്മൂട്ടി ചിത്രം പരോളിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചു. ഏപ്രില്‍ 5ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിലീസിന് തൊട്ടുമുന്‍പാണ് തിയതി മാറ്റുന്ന വിവരം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ചിത്രം ഒരു ദിവസം കൂടി വൈകി ഏപ്രില്‍ 6നാകും പ്രേക്ഷകരിലേക്കെത്തുക.

മാര്‍ച്ച് 31 ആയിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ് തിയതി. എന്നാല്‍ പിന്നീട് അത് ഏപ്രില്‍ 5ലേക്ക് നീട്ടി. പ്രമേയത്തിലും അവതരണത്തിലും ഒട്ടേറെ പ്രത്യേകതകളുള്ള പരോളിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനുമെല്ലാം വന്‍വരവേല്‍പ്പാണ് മമ്മൂട്ടി ആരാധകര്‍ നല്‍കിയത്.

യഥാര്‍ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പരോള്‍ ഒരുക്കിയിരിക്കുന്നത്. സഖാവ് അലക്‌സ് എന്ന കര്‍ഷകന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവഭങ്ങളാണ് സിനിമക്കാധാരം. മിയ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ലാലു അലക്‌സ്, സുധീര്‍ കരമന, കലാശാല ബാബു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ശരത് സന്ദിത് ആണ് സംവിധാനം. തിരക്കഥ ഒരുക്കിയത് അജിത് പൂജപ്പുരയാണ്.

ഏതായാലും റിലീസ് അടിക്കടി മാറ്റിവെക്കുന്നതില്‍ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ നിരാശരാണ്.

Top