മാഡ്രിഡിലെ ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്ത് മമ്മൂട്ടി ചിത്രം ‘കാതൽ ദി കോർ’

ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ മാഡ്രിഡിലെ ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു. ചിത്രത്തിന്റെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്ന് കാതൽ കൂടാതെ ‘പ്രൈവസി’, ‘ഡിയർ ലതിക’, ‘എ മാച്ച്’, ‘കാലിഡോസ്കോപ്പ് നൗ’, എന്നീ നാല് ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ തിരഞ്ഞെടുത്തത്.

മാഡ്രിഡ് ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ ‘കാതൽ ദി കോർ’ തിരഞ്ഞെടുത്തതിൽ ഒരുപാട് സന്തോഷം എന്ന് കുറിച്ചാണ് മമ്മൂട്ടി കമ്പനി ഈ വിവരം അറിയിച്ചത്. മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയായ കഥാപാത്രത്തെയും നടന്റെ അഭിനയ മികവിനെയും ജൂറി പ്രശംസിച്ചിരുന്നു. ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലും കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവംബര്‍ 23നാണ് കാതൽ റിലീസ് ചെയ്തത്.

ജ്യോതിക, സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസാണ്.

Top