മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’ റിലീസ്; പുതിയ അപ്ഡേറ്റ്

വാ​ഗതർക്ക് എപ്പോഴും അവസരങ്ങളുടെ വാതിൽ തുറന്നിടുന്ന നടനാണ് മമ്മൂട്ടി. സമീപകാലത്ത് പുതുമുഖ സംവിധായക ചിത്രങ്ങളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടു. അവയിൽ മിക്കതും വലിയ പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങളുമാണ്. അത്തരത്തിൽ മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന മറ്റൊരു നവാ​ഗത സംവിധായകന്റെ സിനിമയാണ് ‘കണ്ണൂർ സ്‌ക്വാഡ്’. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

സിനിമ എന്ന് റിലീസ് ചെയ്യുമെന്ന തരത്തിൽ നേരത്തെ ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ അതിന് വിരാമം ഇട്ടിരിക്കുകയാണ് മമ്മൂട്ടി. ചിത്രം ഈ മാസം തന്നെ തിയറ്ററിൽ എത്തുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ് പുതിയ പോസ്റ്ററിലൂടെ. ചിത്രം ഉടൻ തിറ്ററിൽ എത്തുമെന്നാണ് മമ്മൂട്ടി പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. മോഹൻലാൽ ചിത്ര മലൈക്കോട്ടെ വാലിബന്റെ റിലീസ് അപ്ഡേറ്റിന് പിന്നാലെ എത്തിയ മമ്മൂട്ടി ചിത്രത്തിന്റെ അപ്ഡേറ്റും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

‘കണ്ണൂർ സ്ക്വാഡ്’ സെപ്റ്റംബർ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല. കേരളത്തിൽ മാത്രം 300ൽ അധികം തിയറ്ററുകളിൽ സിനിമ പ്രദർശനത്തിന് എത്തുമെന്നും വിവരമുണ്ട്.

മുഹമ്മദ് ഷാഫിയാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. നടന്‍ റോണി ഡേവിഡ് രാജ് ആണ് തിരക്കഥ. മമ്മൂട്ടി കമ്പനിയാണ് നിർമാണം ദുൽഖറിന്റെ വേഫെറര്‍ ഫിലിംസ് ചിത്രം വിതരണത്തിന് എത്തിക്കും. അമിത് ചക്കാലയ്ക്കൽ, ഷറഫുദ്ദീൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം എത്തുന്ന പ്രധാന അഭിനേതാക്കൾ. കാതല്‍, ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍. ഭ്രമയുഗം എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Top