മമ്മുട്ടിക്ക് പത്മഭൂഷൺ നിഷേധിച്ചത് കമ്മ്യൂണിസ്റ്റ് ആയതിനാലാണോ സർ ?

ത്മ പുരസ്‌ക്കാരം എന്നു പറയന്നത് അര്‍ഹതക്കുള്ള നാടിന്റെ ആദരമാണ്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രഖ്യാപികേണ്ട ഒന്നല്ല ഈ പുരസ്‌ക്കാരങ്ങള്‍.

സംസ്ഥാനം നല്‍കിയ പത്മ പുരസ്‌കാര പട്ടിക വെട്ടിനിരത്തിയ കാര്യം, ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.
ഏഷ്യാനെറ്റാണ് രേഖകള്‍ സഹിതം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റേത് ഒരു ന്യായീകരണവും ഇല്ലാത്ത നടപടിയാണ്. സംഘ പരിവാറിന് താല്‍പ്പര്യമില്ലാത്തവര്‍ ഉള്‍പ്പെട്ടത് കൊണ്ടാണോ ഈ വെട്ടിനിരത്തല്‍ എന്നതിന് കേന്ദ്ര സര്‍ക്കാരാണ് മറുപടി പറയേണ്ടത്.

അതല്ലങ്കില്‍, കേരള സര്‍ക്കാരനോടുള്ള പകയാണോ നടപടിക്ക് കാരണമെങ്കില്‍ അതും തുറന്ന് പറയണം.

ഇതില്‍ ഏത് കാരണമാണെങ്കിലും അത് രാജ്യതാല്‍പ്പര്യത്തിന് എതിരാണ്. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഇങ്ങനെ പകപോക്കാന്‍ കേന്ദ്രം തുനിഞ്ഞാല്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കുക.

കേരളം പത്മ പുരസ്‌കാരത്തിന് നല്‍കിയ പട്ടികയില്‍ ആരെ വെട്ടിമാറ്റിയാലും അതിന് തക്കതായ കാരണം പറയേണ്ടതുണ്ട്.

തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് പത്മ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത് കേന്ദ്രം ഭരിക്കുന്ന എല്ലാ പാര്‍ട്ടികളും പിന്തുടരുന്ന ഒരു നയമാണ്. അതില്‍ കോണ്‍ഗ്രസ്സ് എന്നോ, ബി.ജെ.പിയെന്നോ ഒരു വ്യത്യാസവുമില്ല.

എന്നാല്‍ ഇതുപോലൊരു നിസഹകരണം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് അപൂര്‍വ്വമാണ്.

മോഹന്‍ലാലിന് പത്മഭൂഷനും അന്തരിച്ച ആര്‍.എസ്.എസ് താത്വികാചാര്യന്‍ പി.പരമേശ്വരന് പത്മവിഭൂഷനും കൊടുത്തവരാണ്, മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് പുരസ്‌കാരം നിഷേധിച്ചിരിക്കുന്നത്.

എന്താണ് ഇതിനായി കേന്ദ്രത്തെ പ്രേരിപ്പിച്ചത് എന്നത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്.

മമ്മൂട്ടിക്ക് ഇല്ലാത്ത എന്ത് അധിക യോഗ്യതയാണ് മോഹന്‍ലാലിനുള്ളത് എന്നതും പറയണം.

പത്മവിഭൂഷന്‍ പുരസ്‌കാരത്തിനായി എം ടി വാസുദേവന്‍ നായരെ അടക്കം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പട്ടികയാണ് കേന്ദ്രം തള്ളിയിരിക്കുന്നത്.

ഇതിന് പകരം കേരളത്തില്‍ നിന്ന് ആത്മീയരംഗത്ത് നിന്ന് ശ്രീ എമ്മിനും , നിയമപണ്ഡിതന്‍ പ്രഫ.എന്‍.ആര്‍.മാധവമേനോന് മരണാനന്തരമായും പത്മഭൂഷന്‍ നല്‍കുകയാണുണ്ടായത്. ശാസ്ത്രജ്ഞനായ കെ എസ് മണിലാല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എം കെ കുഞ്ഞോള്‍, എഴുത്തുകാരന്‍ എന്‍ ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരിയായ എം എസ് പങ്കജാക്ഷി എന്നിവര്‍ക്കാണ് പത്മശ്രീ നല്‍കിയിരിക്കുന്നത്.

അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭന, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയാശാന്‍, കവി സുഗതകുമാരി, ചെണ്ടയുടെ ആശാന്‍മാരായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍ മാരാര്‍, ഓസ്‌കര്‍ ജേതാവായ ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടി എന്നിവര്‍ക്കാണ് പദ്മഭൂഷന്‍ പുരസ്‌കാരത്തിന് കേരളം ശുപാര്‍ശ നല്‍കിയിരുന്നത്.

സൂര്യ ഫെസ്റ്റിവല്‍ സംഘാടകനായ സൂര്യ കൃഷ്ണമൂര്‍ത്തി, സംഗീതജ്ഞ കെ ഓമനക്കുട്ടി, കഥകളി ആശാന്‍ സദനം കൃഷ്ണന്‍കുട്ടി നായര്‍, ശില്‍പി കാനായി കുഞ്ഞിരാമന്‍, സംഗീതജ്ഞന്‍ രമേശ് നാരായണന്‍, ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, അഭിനേത്രി കെപിഎസി ലളിത, എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി, സാമൂഹ്യപ്രവര്‍ത്തനത്തിന് ബിഷപ്പ് സൂസൈപാക്യം, സിനിമയിലെ സംഭാവനകള്‍ക്ക് ജി കെ പിള്ള, മാധ്യമപ്രവര്‍ത്തകന്‍ കെ മോഹനന്‍, എഴുത്തുകാരായ വിപി ഉണിത്തിരി, ഡോ. ഖദീജ മുംതാസ്, കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി, അഭിനേതാവ് നെടുമുടി വേണു, ഗായകന്‍ എം ജയചന്ദ്രന്‍, പ്രശസ്ത കാന്‍സര്‍ ചികിത്സകന്‍ ഡോക്ടര്‍ വി പി ഗംഗാധരന്‍, മാധ്യമരംഗത്തെ സംഭാവനകള്‍ക്ക് എം എസ് മണി, യോഗ- നാച്ചുറോപ്പതി രംഗത്തെ സംഭാവനകള്‍ക്ക് എം കെ രാമന്‍ മാസ്റ്റര്‍, ഡോ. ടി കെ ജയകുമാര്‍ എന്നിവര്‍ക്ക് പദ്മശ്രീ പുരസ്‌കാരം നല്‍കാനും കേരളം ശുപാര്‍ശ നല്‍കിയിരുന്നു ഇതെല്ലാമാണ് മൊത്തത്തില്‍ വെട്ടിനിരത്തപ്പെട്ടിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ശുപാര്‍ശകള്‍ പരിഗണിക്കേണ്ടത് പത്മ അവാര്‍ഡ് കമ്മിറ്റിയാണ്. ഇത് രൂപീകരിക്കുന്നതാകട്ടെ പ്രധാനമന്ത്രിയുമാണ്. കാബിനറ്റ്, ആഭ്യന്തര സെക്രട്ടറിമാര്‍, പ്രസിഡന്റിന്റെ സെക്രട്ടറി എന്നിവരോടൊപ്പം വിവിധ മേഖലകളില്‍ പ്രശസ്തരായ നാല് മുതല്‍ ആറ് വരെ അംഗങ്ങളെ ചേര്‍ത്താണ് ഈ കമ്മിറ്റി രൂപീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ശുപാര്‍ശകള്‍ ഒന്നിച്ച് ചേര്‍ത്ത് പരിശോധിച്ച് ചില പേരുകള്‍ തെരഞ്ഞെടുത്ത് ഇവര്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതാണ് നിലവിലെ രീതി. ഇവിടെ പൂര്‍ണമായും ഇപ്പോള്‍ നടപ്പായിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യം മാത്രമാണ്.

നടന്‍ മമ്മൂട്ടിക്കാണ് ഏറ്റവും വലിയ പ്രഹരം ഇതോടെ കിട്ടിയിരിക്കുന്നത്. നേരത്തെ ദേശീയ അവാര്‍ഡില്‍ നിന്നും തഴയപ്പെട്ടു. ഇപ്പോള്‍ പത്മഭൂഷന്‍ പുരസ്‌കാരവും നിഷേധിച്ചിരിക്കുകയാണ്. ഒരു കമ്മ്യൂണിസ്റ്റ്കാരനാണ് എന്നതിനാലാണ് മമ്മൂട്ടി ഇങ്ങനെ തഴയപ്പെടുന്നതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇതിനും മറുപടി പറയേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.

നിരൂപക പ്രശംസ പിടിച്ചുപറ്റിയ പേരന്‍പിലെ അഭിനയത്തിന് മമ്മൂട്ടിക്ക ദേശീയ അവാര്‍ഡ് നിഷേധിച്ചത് ചലച്ചിത്ര മേഖലയെ ആകെ ഞെട്ടിച്ച സംഭവമാണ്. നരേന്ദ്ര മോദിക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയവരാണ് ദേശീയ അവാര്‍ഡുകളെല്ലാം വാരിക്കൂട്ടിയത്. ആ ചരിത്രമാണ് ഇപ്പോള്‍ വീണ്ടും ആര്‍ത്തിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രത്തിന് അനിഷ്ടക്കാരായ ചിലരെ ഒഴിവാക്കാന്‍ കേരളം സമര്‍പ്പിച്ച ലിസ്റ്റ് തന്നെ ഒഴിവാക്കുകയാണുണ്ടായതെന്ന ആരോപണം ശക്തിപ്പെടാന്‍ കാരണവും ഇതാണ്.

മോഹന്‍ലാലിന് പത്മഭൂഷന്‍ കൊടുക്കാന്‍ വലിയ താല്‍പര്യം കാട്ടിയതും കേന്ദ്രം തന്നെയാണ്. അന്ന് ലിസ്റ്റില്‍ കൈവെക്കാത്തവരാണ് ഇന്ന് മമ്മൂട്ടി ഉള്‍പ്പെട്ട ലിസ്റ്റില്‍ കൈവെച്ചിരിക്കുന്നത്. ഇത് അസാധാരണ നടപടിയാണ്. കേരളം നല്‍കിയ ലിസ്റ്റിലെ ഒരാള്‍ പോലും പത്മ പുസ്‌കാരത്തിന് അനര്‍ഹരല്ല. ആ ലിസ്റ്റ് പരിശോധിച്ചാല്‍ ആര്‍ക്കും തന്നെ അത് ബോധ്യമാകുന്നതുമാണ്.

പത്മഭൂഷന്‍ കിട്ടിയില്ലങ്കിലും മോഹന്‍ലാലിനേക്കാള്‍ കേമന്‍ എന്തുകൊണ്ടും മമ്മൂട്ടി തന്നെയാണ്.
നിലവില്‍ മൂന്ന് ദേശീയ അവാര്‍ഡുകളാണ് മമ്മൂട്ടിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. മതിലുകള്‍, വടക്കന്‍ വീരഗാഥ എന്നീ സിനിമകളിലെ അഭിനയത്തിന് 1989 ലും, പൊന്തന്മാട, വിധേയന്‍ എന്നീ ചിത്രങ്ങള്‍ക്ക് 1993 ലും, ഡോക്ടര്‍ ബാബാ സാഹിബ് അംബേദ്കറിലെ അഭിനയത്തിന് 1999 ലുമാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ തേടി എത്തിയിരുന്നത്. ഇതില്‍ ബാബാ സാഹിബ് അംബേദ്കര്‍ ഒരു ഇംഗ്ലീഷ് ചിത്രമാണ്.

രണ്ടു ഭാഷകളില്‍ അഭിനയിച്ച സിനിമകളിലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ രാജ്യത്തെ ഏകനടനും മമ്മൂട്ടി മാത്രമാണ്. പേരന്‍പിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നുവെങ്കില്‍ അതൊരു റെക്കോര്‍ഡായി മാറുമായിരുന്നു. മികച്ച നടനുള്ള അവാര്‍ഡുകള്‍ നാലുതവണ അമിതാഭ് ബച്ചനോ, കമല്‍ഹാസനോ മോഹന്‍ലാലിനോ ഇതുവരെ ലഭിച്ചിട്ടില്ല.

മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് 2 തവണമാത്രമാണ് ലഭിച്ചത്. 1991 -ല്‍ ഭരതത്തിനും 1999-ല്‍ വാനപ്രസ്ഥത്തിനുമാണ് ഈ പുരസ്‌കാരം. 1989-ല്‍ കിരീടത്തിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് മാത്രമാണ് ലഭിച്ചിരുന്നത്. 99-ലെ മികച്ച സിനിമക്കുള്ള അവാര്‍ഡും മോഹന്‍ലാലിനായിരുന്നു. വാനപ്രസ്ഥത്തിന്റെ നിര്‍മ്മാതാവ് എന്ന നിലയിലായിരുന്നു അത്.

അമിതാഭ്ബച്ചന് 1991-ല്‍ അഗ്‌നിപഥ് എന്ന സിനിമക്കും 2006-ല്‍ ബ്ലാക്ക്, 2010-ല്‍ ‘പാ’ എന്നിവക്കുമായി മൂന്ന് ദേശീയ അവാര്‍ഡുകളാണ് കൈമുതലായുള്ളത്. 1969 ലെ പുതുമുഖ നടനുള്ള പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു.

സകലകലാ വല്ലഭനായ കമല്‍ഹാസന് മികച്ച ബാലതാരത്തിനുള്‍പ്പെടെയാണ് നാല് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്. 1960, 1982, 1987, 1996 കാലഘട്ടങ്ങളിലാണ് ഈ പുരസ്‌കാരങ്ങള്‍ അദ്ദേത്തിന് ലഭിച്ചത്.

മമ്മൂട്ടി ഒഴികെ മറ്റ് മൂന്ന് പേരും തങ്ങളുടെ സ്വന്തം മാതൃഭാഷയില്‍ അഭിനയിച്ച സിനിമകളില്‍ മാത്രമാണ് എല്ലാ ദേശീയ അവാര്‍ഡുകളും വാങ്ങിക്കൂട്ടിയിരിക്കുന്നത്. പേരന്‍പിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ അതൊരു റെക്കോര്‍ഡ് തന്നെയാകുമായിരുന്നു. ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് നിഷേധിക്കാന്‍ പ്രേരകമായ ‘ഘടകം’ തന്നെയാണ് പത്മഭൂഷന്‍ നിഷേധിക്കുന്നതിനും, കാരണമായിരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍, അവരെ കുറ്റം പറയാന്‍ കഴിയുകയില്ല. കാരണം കേന്ദ്ര സര്‍ക്കാരാണ്, പാര്‍ട്ടി ബിജെപിയാണ്, ഭരിക്കുന്നതാകട്ടെ മോദിയുമാണ്, ഒരു സാധ്യതയും നമുക്ക് തള്ളിക്കളയാന്‍ കഴിയുകയില്ല.

Express View

Top