കല്യാണത്തിനായി നീക്കി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി ഒരു മമ്മൂക്ക ഫാന്‍

കോട്ടയം: കോവിഡ് പ്രതിരോധത്തിന് സഹായഹസ്തമായി കല്യാണത്തിനായി നീക്കി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഒര കട്ട മമ്മൂക്ക ഫാന്‍.

കോട്ടയം പള്ളിക്കത്തോട്ടിലെ അറിയപ്പെടുന്ന ഒരു യുവ വ്യാപാരി കൂടി ആയ ബോണിയാണ് ഈ നല്ല മനസ്സിനുടമ. മമ്മൂട്ടി ഫാന്‍സിന്റെ പള്ളിക്കത്തോട് ഘടകത്തിലെ സജീവ പ്രവര്‍ത്തകനാണ് ഇദ്ദേഹം. ചൈതന്യ എന്ന യുവതിയുമായുള്ള വിവാഹം മുന്‍പേ നിശ്ചയിച്ചതാണെകിലും കോവിഡ് കാലം കഴിയും വരെ മാറ്റി വക്കാകാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം .

ബോണിക്ക് അങ്ങനെ ചെറിയ തോതില്‍ കല്യാണം നടത്താന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ കല്യാണം അല്‍പ്പം കഴിഞ്ഞേ ഉണ്ടാവൂ എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ബോണിയുടെ തീരുമാനം മറ്റൊന്നായിരുന്നു. നിശ്ചയിച്ച ഡേറ്റില്‍ തന്നെ വിവാഹം നടത്തുക. ആര്‍ഭാടത്തോടെ വിവാഹ ചടങ്ങും ആഘോഷങ്ങളും വേണ്ട. പകരം അതിനായി നീക്കി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക. ”കോവിഡ് പ്രതിരോധം ലോകത്തിന് തന്നെ മാതൃകയായി മുന്നോട്ട് കൊണ്ടുപോവുകയാണ് സര്‍ക്കാര്‍ . വലിയ സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും അത് ജനങ്ങളെ അറിയിക്കാതെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. നമ്മളും എന്തെങ്കിലും ചെയ്യേണ്ടേ. ഇതല്ലേ നമുക്ക് ചെയ്യാന്‍ പറ്റൂ.. ഇത്രയും കാലം നമ്മുടെ ഫാന്‍സ് കാരോട് ഇങ്ങനെ ചെയ്യാന്‍ അല്ലേ നമ്മുടെ ഇക്കയും പറഞ്ഞു കൊണ്ടിരുന്നത്? ‘ ബോണി പറഞ്ഞു.

കോട്ടയം കളക്ട്രേറ്റിലെത്തി ബോണിയും വധു ചൈതന്യയും ചേര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് ഈ തുക കൈമാറി. ഇക്കാര്യം ഫാന്‍സ് ഭാരവാഹികള്‍ മമ്മൂക്കയെ അറിയിച്ചു. കയ്യടികളോടെയാണ് അദ്ദേഹം ഈ വാര്‍ത്തയെ വരവേറ്റതെന്ന് മമ്മുട്ടിയുടെ പി ആര്‍ ഒ റോബര്‍ട്ട് കുര്യാക്കോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Top