ചാലക്കുടിയെ ഇളക്കി മറിച്ച്‌ റോഡ് ഷോ ; ഇന്നസെന്റിനൊപ്പം പ്രചാരണത്തില്‍ പങ്കെടുത്ത്‌ മമ്മൂട്ടി

പെരുമ്പാവൂര്‍: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകനുമായ ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിന് നടന്‍ മമ്മൂട്ടിയും. പെരുമ്പാവൂരില്‍ നടന്ന മെഗാ റോഡ് ഷോയിലാണ് മമ്മൂട്ടി പങ്കെടുത്തത്.

പ്രചാരണവാഹനത്തിലേക്ക് അപ്രതീക്ഷിതമായി ആയിരുന്നു താരത്തിന്റെ കടന്നുവരവ്. യാത്രക്കിടെ ഇന്നസെന്റിന്റെ പ്രചാരണവാഹനം കണ്ടപ്പോള്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒപ്പം കൂടിയതാണെന്ന് മമ്മൂട്ടി പറഞ്ഞു. സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഇന്നസെന്റിന് എല്ലാ വിധ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിലുണ്ടായതിനേക്കാള്‍ മികച്ച ജനപിന്തുണയാണ് ഈ വര്‍ഷം കാണുന്നതെന്നും കൂടുതല്‍ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തുമെന്നും മെഗാ റോഡ് ഷോയിലുടനീളം പങ്കെടുത്തതിന്റേ ആവേശം പങ്കുവെച്ചുകൊണ്ട് ഇന്നസെന്റ് പറഞ്ഞു.

ഇതുവഴിയെത്തിയപ്പോള്‍ ഇന്നസെന്റിനെ കണ്ടാണ് ഇറങ്ങിയതെന്ന മുഖവുരയോടെയാണ് മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്. കാറില്‍ നിന്നിറങ്ങിയ മമ്മൂട്ടിയെ പ്രചാരണ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ തുറന്നവാഹനത്തിലേയ്ക്കാനയിച്ചു. ഒപ്പമെത്തിയപ്പോള്‍ ഇന്നസെന്റ് കൈകൊടുത്ത് മമ്മൂട്ടിയെ കുറച്ചുകൂട് മുന്നിലേയ്ക്ക് കൊണ്ടുവന്നു. പിന്നാലെ മൈക്ക് കൊണ്ടുവരാന്‍ ഇന്നസെന്റ് തന്നെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഉടന്‍ മുന്നിലെ അനൗണ്‍സ്മെന്റ് വാഹനത്തില്‍ നിന്നും മൈമ്മൂട്ടിയുടെ കൈകളിലേയ്ക്ക് മൈക്ക് എത്തിച്ചു. തുടര്‍ന്നാണ് സൗഹൃദം വിവരിച്ച്, വിജയാംസകള്‍ നേര്‍ന്ന് മമ്മൂട്ടി യാത്രയായത്.

സംവിധായകന്‍ കമല്‍ ആണ് നേരത്തെ റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തത്. കോലഞ്ചേരിയിലെത്തിയപ്പോള്‍ കെപിഎസി ലളിതയാണ് ഇന്നസെന്റിന് വിജയാശംസകളുമായെത്തിയത്.

Top