മമ്മൂട്ടി – ബി ഉണ്ണികൃഷ്‍ണൻ ചിത്രം ‘ക്രിസ്റ്റഫർ’ ഒടിടിയില്‍ എത്തി

ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തിലുള്ള മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഒടിടിയില്‍ റിലീസ് ചെയ്‍തു. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഉദയ്‍കൃഷ്‍ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ‘ക്രിസ്റ്റഫര്‍’ എത്തിയിരിക്കുന്നത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ തിയ്യേറ്ററുകളിൽ എത്തിയ ‘ക്രിസ്റ്റഫർ’ ഇതിനോടകം തന്നെ പ്രേക്ഷകർക്ക് പ്രിയ ചിത്രം ആയി വൻ വിജയം ആയി മാറിയിരുന്നു. സ്ത്രീകൾക്ക് എതിരെ അതിക്രമം കാണിക്കുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടു കൊടുക്കാതെ സ്പോട്ടിൽ തന്നെ ശിക്ഷ വിധിക്കുന്ന ‘DPCAW’ എന്ന അന്വേഷണ ഏജൻസിയുടെ തലവനായ ‘ക്രിസ്റ്റഫർ’ എന്ന ടൈറ്റിൽ കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്.

സ്നേഹ ആണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തില്‍ എത്തിയത്. തമിഴ് നടൻ ശരത് കുമാറും ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘ക്രിസ്റ്റഫറി’ൽ പ്രതി നായക വേഷത്തിൽ എത്തുന്നത് തമിഴ് നടൻ വിനയ് റായ് ആണ്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ്. ക്രിസ്റ്റഫർ ആർഡി ഇല്യൂമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അമല പോളും, ഐശ്വര്യ ലക്ഷ്‍മിയും ചിത്രത്തിൽ നായികമാരായി എത്തിയിരിക്കുന്നു. അമലാ പോളും ഐശ്വര്യ ലക്ഷ്‍മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ‘ക്രിസ്റ്റഫർ’.

‘ആറാട്ട്’ എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്‍ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ക്രിസ്റ്റഫർ’. 2010 ൽ പുറത്തിറങ്ങിയ ‘പ്രമാണി’ക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്‍ണനും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ‘ക്രിസ്റ്റഫറി’നുണ്ട്. ഇതിനോടകം തന്നെ ‘ക്രിസ്റ്റഫർ’ തിയേറ്ററുകളിലും സോഷ്യൽ മീഡിയകളിലും വൻ തരംഗം ആയി മാറി കഴിഞ്ഞു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, ദീപക്ക് പറമ്പോൾ തുടങ്ങിയവരോടൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു.

സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്. ‘ഓപ്പറേഷൻ ജാവ’ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാ സംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രവർത്തകർ.

Top