Mammootty as Karnan, Directed by Madhupal with a budget

പൃഥ്വിരാജിന്റെ കര്‍ണ്ണന് പിന്നാലെ മമ്മൂട്ടിയുടെ കര്‍ണനും അങ്കത്തിന് ഒരുങ്ങുന്നു. എന്നാല്‍ ഈ കര്‍ണന്റെ കഥയ്ക്ക് ഇത്തിരി പഴക്കമുണ്ട്. 18 വര്‍ഷം മുമ്പ് തീരുമാനിക്കപ്പെട്ട ചിത്രമായിരുന്നു മമ്മൂട്ടിയുടെ കര്‍ണന്‍.

നടനും സംവിധായകനുമായ പി ശ്രീകുമാറാണ് കര്‍ണനെ അഭ്രപാളിയിലെത്തിക്കാന്‍ ആദ്യം ശ്രമം നടത്തിയത്. ശ്രീകുമാറിന്റേത് തന്നെയായിരുന്നു തിരക്കഥ. കര്‍ണനായി ആദ്യം മനസ്സില്‍ കണ്ടിരുന്നത് മോഹന്‍ലാലിനെയായിരുന്നു.

പിന്നീട് ഈ തിരക്കഥയില്‍ ആകൃഷ്ടനായ മമ്മൂട്ടി താന്‍ കര്‍ണന്റെ വേഷം ചെയ്യാമെന്ന് ഏല്‍ക്കുകയായിരുന്നു. അതോടെ മോഹന്‍ലാല്‍ നിറഞ്ഞ മനസ്സോടെ കര്‍ണനെ മമ്മൂട്ടിക്ക് കൈമാറിയെന്നതാണ് പഴയ കഥ.

എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പിന്നീട് ചിത്രം നീണ്ടുപോയി. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. അടുത്ത കാലത്ത് തിരക്കഥയെക്കുറിച്ചറിഞ്ഞ മധുപാല്‍ ചിത്രം സംവിധാനം ചെയ്യാമെന്നേറ്റു. പ്രൊഡ്യൂസറെ കണ്ടെത്തി സിനിമയുടെ ബഡ്ജറ്റും തീരുമാനിച്ചു.

50 കോടിയായിരുന്നു ചിത്രത്തിന്റെ നിര്‍മാണച്ചെലവ്. ലൊക്കേഷന്‍ കണ്ടെത്തി കഥാപാത്രങ്ങളെയും നിശ്ചയിച്ച് കഴിഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതീവ രഹസ്യമായി നടന്നു കൊണ്ടിരിക്കുമ്പോഴാണ് പൃഥ്വിരാജ് കര്‍ണന്‍ എന്ന ചിത്രം പ്രഖ്യാപിക്കുന്നത്.

എന്നാല്‍ ഇതൊന്നും തങ്ങളുടെ കര്‍ണനെ ബാധിക്കില്ലെന്ന് പി ശ്രീകുമാര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. യോദ്ധാവായ കര്‍ണനെയല്ല, അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയാണ് തന്റെ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

പൃഥ്വിരാജിന്റെ കര്‍ണനെ ഒരു പ്രതിബന്ധമായി കാണുന്നില്ല. കര്‍ണനെ എങ്ങനെ ആളുകളില്‍ എത്തിക്കുന്നു എന്നതിലാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.

Top