ദുബായ്: കുടുംബസമേതം ദുബായില്‍ ഒത്തുകൂടി മമ്മൂട്ടിയും മോഹന്‍ലാലും. എമ്പുരാനില്‍ അഭിനയിക്കുന്നതിനായി യു.എസ്സിലേക്ക് പോകുന്ന വഴിക്കാണ് മോഹന്‍ലാല്‍ ദുബായില്‍ എത്തിയത്. ദുബായിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ലെന്‍സ് മാന്‍ ഷൗക്കത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മമ്മൂട്ടി. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും മോഹന്‍ലാലും ഭാര്യ സുചിത്രയും ഒത്തുള്ള ചിത്രം ചുരുങ്ങിയ നേരം കൊണ്ട് ആരാധകശ്രദ്ധ നേടിയിട്ടുണ്ട്. ഓഡിറ്റര്‍ സനില്‍ കുമാറും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം റിലീസായ മലൈക്കോട്ടൈ വാലിബന്‍ ദുബായിലെ പ്രേക്ഷകര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ കണ്ടത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ വ്യവസായിയായ അഹമ്മദ് ഗുല്‍ഷനും ഒപ്പമുണ്ടായിരുന്നു. കൊച്ചിയില്‍ മടങ്ങിയെത്തിയാലുടന്‍ താന്‍ മലൈക്കോട്ടൈ വാലിബന്‍ കാണുമെന്ന് മമ്മൂട്ടി പറഞ്ഞു. യു.എസ്സിലേക്കു പോകുന്നതിന് മുന്നോടിയായി മോഹന്‍ലാലിന് കുറച്ച് ദിവസം ദുബായില്‍ പരിപാടികളില്‍ പങ്കെടുക്കാനുണ്ട്. ഇരുപത്തിയൊന്‍പതിന് മമ്മൂട്ടി കൊച്ചിയിലേക്കു മടങ്ങും.
ഒരാഴ്ച്ചയ്ക്ക് മുമ്പ് ഗുരുവായൂരില്‍ നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. വ്യക്തി ജീവിതത്തിലും ഔദ്യോഗികരംഗത്തും ഏറെ അടുപ്പം സൂക്ഷിക്കുന്നവരാണ് താരങ്ങള്‍. ചെന്നൈയിലേയും കൊച്ചിയിലേയും വീടുകളില്‍ ഇരു കുടുംബങ്ങളും ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ട്.