ആന്ധ്രയിൽ ജഗൻ മോഹന് വീണ്ടും മുഖ്യമന്ത്രി കസേര ലഭിക്കുവാൻ ‘ പദ യാത്ര’യുമായി നടൻ മമ്മുട്ടി !

ദ്യം തെലങ്കാന … പിന്നീട് ആന്ധ്ര പിടിക്കുക, തെലങ്കു മണ്ണിലെ കോണ്‍ഗ്രസ്സിന്റെ സ്വപ്നമാണിത്. അതിനുവേണ്ടി അവര്‍ പ്രത്യേക ചുമതല നല്‍കിയിരിക്കുന്നത് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. എന്നാല്‍ തെലങ്കുമണ്ണില്‍ അട്ടിമറിക്കു ശ്രമിക്കുന്ന കോണ്‍ഗ്രസ്സിന്റെ കണക്കു കൂട്ടല്‍ തെറ്റിക്കുന്ന അട്ടിമറി നീക്കമാണ് കര്‍ണ്ണാടകയില്‍ ബി.ജെ.പി നടത്തി വരുന്നത്. കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് കര്‍ണ്ണാടകയില്‍ വലിയ രാഷ്ട്രീയ അട്ടിമറിക്കാണ് ബി.ജെ.പി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ലോകസഭ സീറ്റില്‍ കഴിഞ്ഞ തവണ നേടിയ മിന്നും വിജയം ആവര്‍ത്തിക്കാന്‍ ഇത്തവണ ബി.ജെ.പി കൂട്ടു പിടിച്ചിരിക്കുന്നത് ജെ.ഡി.എസിനെയാണ്. ഇതോടെ, ഡി.കെ ശിവകുമാറിനും സിദ്ധരാമയ്യക്കും, തെലങ്കു മണ്ണില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കര്‍ണാടക ഭരണം പിടിച്ച, കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന തെലങ്കാനയില്‍ ഭരണം പിടിക്കുക എന്നത് ദക്ഷിണേന്ത്യയിലെ തിരിച്ചു വരവിന് പരമ പ്രധാനമാണ്. തെലങ്കാന രൂപീകരണം മുതല്‍ അവിടെ ഭരിക്കുന്നത് ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ്. ടി.ആര്‍.എസ് എന്ന പാര്‍ട്ടിയുടെ പേര് ബി.ആര്‍.എസ് ആക്കിയ ചന്ദ്രശേഖര റാവു കേന്ദ്രത്തിലും പ്രധാന പദവി ആഗ്രഹിക്കുന്നുണ്ട്.

ബി.ആര്‍.എസും കോണ്‍ഗ്രസ്സുമാണ് മാത്രമാണ് പ്രധാന മത്സരമെങ്കിലും, ബി.ജെ.പിയും ഇവിടെ ശക്തമായി മത്സര രംഗത്തുണ്ട്. സി.പി.എം 17 സീറ്റുകളില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഭരണവിരുദ്ധ വികാരം വോട്ടാക്കുക എന്നതാണ് കോണ്‍ഗ്രസ്സ് പയറ്റുന്ന രാഷ്ട്രീയം. തെലങ്കാനയ്ക്കു ശേഷം ആന്ധ്രയില്‍ ഭരണം പിടിക്കുക എന്നതും, കോണ്‍ഗ്രസ്സിന്റെ അജണ്ടയാണ്. ഇതിനായി അവിടുത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ടി.ഡി.പിയുമായി കൂട്ടു കൂടാനും കോണ്‍ഗ്രസ്സ് തയ്യാറാണ്.

അതേസമയം , അടുത്ത ആന്ധ്ര തിരഞ്ഞെടുപ്പില്‍ , ശത്രുക്കള്‍ എല്ലാം ഒരുമിക്കുമെന്ന് തിരിച്ചറിയുന്ന ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി , പിതാവിന്റെ ഓര്‍മ്മകള്‍ വീണ്ടും സജീവമാക്കി കരുത്താര്‍ജിക്കാനാണ് നീക്കം നടത്തുന്നത്. കോണ്‍ഗ്രസ്സിനെയും ടി.ഡി.പി യെയും തകര്‍ത്ത് , ആന്ധ്ര ഭരണം പിടിക്കാന്‍ , വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിക്ക് വഴി ഒരുക്കിയതിനു പിന്നില്‍ ,യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചത് , ജഗന്റെ പിതാവായ വൈ.എസ്. രാജശേഖര റെഡ്ഡി ഫാക്ടര്‍ തന്നെയായിരുന്നു. 2004ലും 2009ലും ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയെ , ജനകീയ മുഖ്യമന്ത്രി എന്നാണ് , എതിരാളികള്‍ പോലും വിശേഷിപ്പിച്ചിരുന്നത്.

കോണ്‍ഗ്രസ്സ് പ്രതിസന്ധി നേരിട്ട ആദ്യ കാലഘട്ടങ്ങളില്‍, ആന്ധ്രയില്‍ തുടര്‍ച്ചയായി ഭരണം പിടിച്ചതിനു പിന്നില്‍ രാജശേഖര റെഡ്ഡി നടത്തിയ പദയാത്രയും വലിയ പങ്കാണ് വഹിച്ചിരുന്നത്. ലക്ഷങ്ങളെ തെരുവിലിറക്കി, ആന്ധ്രയുടെ ഗ്രാമങ്ങളിലൂടെ രാജശേഖര റെഡ്ഡി നടത്തിയ ആ പദയാത്ര ആന്ധ്രയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ആന്ധ്ര വിഭജന ആവശ്യത്തെ ശക്തമായി എതിര്‍ത്ത മുഖ്യമന്ത്രി കൂടി ആയിരുന്നു രാജശേഖര റെഡ്ഡി. 2009 സെപ്തംബര്‍ രണ്ടിന് ഒരു ഹെലികോപ്റ്റര്‍ അപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടിരുന്നത്. തുടര്‍ന്ന് , ആന്ധ്ര അന്നുവരെ കാണാത്ത അധികാര പോരിനും , പിളര്‍പ്പിനുമാണ് സാക്ഷ്യം വഹിച്ചിരുന്നത്.

രാജശേഖര റെഡ്ഡിയുടെ കുടുംബത്തെ രാഷ്ട്രീയമായി ഒതുക്കാനുളള കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നീക്കമാണ്, വൈ എസ് ആര്‍ കോണ്‍ഗ്രസ്സിന്റെ പിറവിയില്‍ കലാശിച്ചിരുന്നത്. സോണിയ ഗാന്ധിയെ കാണാനുള്ള അവസരം പോലും രാജശേഖര റെഡ്ഡിയുടെ കുടുംബത്തിനു നിഷേധിക്കപ്പെട്ടു. ഇതോടെ, കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ച് കളത്തിലിറങ്ങിയ ജഗന്‍ മോഹന്‍ റെഡ്ഡി, ലോകസഭ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനു വിജയിച്ചാണ് ആദ്യ ഷോക്ക് സോണിയ ഗാന്ധിക്ക് നല്‍കിയിരുന്നത്.

പിന്നീട് ആന്ധ്ര – തെലങ്കാന സംസ്ഥാനങ്ങളുടെ വിഭജനത്തെ തുടര്‍ന്ന് ആന്ധ്രയില്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ജഗന്‍ മോഹന്‍ റെഡ്ഡി , കോണ്‍ഗ്രസ്സിന്റെ അഡ്രസ്സാണ് ഇല്ലാതാക്കിയിരുന്നത്. വൈ.എസ്.ആര്‍ നടത്തിയ പദയാത്രയുടെ മോഡലില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജഗന്‍ നടത്തിയ പദയാത്രയാണ് ആന്ധ്രഭരണം പിടിക്കാന്‍ പ്രധാന കാരണമായിരുന്നത്. വൈ.എസ്. രാജ ശേഖര റെഡ്ഡി തുടക്കമിട്ട പദയാത്രയെ, തിരഞ്ഞെടുപ്പ് പ്രചരണമാക്കാന്‍ യാത്ര എന്ന പേരില്‍ ജഗന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ സിനിമയും, ആന്ധ്രയില്‍ വമ്പന്‍ ഹിറ്റായിരുന്നു. നടന്‍ മമ്മുട്ടിയാണ്, വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. മമ്മുട്ടിക്ക് ഏറെ പ്രശംസ നേടി കൊടുത്ത സിനിമ കൂടിയായിരുന്നു അത്.

തുടര്‍ന്ന് , ടി.ഡി.പി – ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ജഗന്‍ മോഹന്‍ റെഡ്ഡി , മികച്ച ഭരണമാണ് ആന്ധ്രയില്‍ കാഴ്ചവച്ചിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളോടും അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ജഗന്റെ നടപടി ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെയാണ് ഞെട്ടിച്ചിരുന്ന്. തിരിച്ചു പകരം വീട്ടാന്‍ , ചന്ദ്രബാബുവിന് അവസരം നല്‍കാതിരിക്കാന്‍ ആന്ധ്രയില്‍ ഭരണം നിലനിര്‍ത്തുക എന്നത് ജഗനെ സംബന്ധിച്ച് അനിവാര്യമാണ്.

2024 ജൂണിലാണ് ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതായത്, ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നടക്കുന്ന തിരഞ്ഞെടുപ്പാണിതെന്നത് വ്യക്തം. ഇനി ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് ജഗന്‍ തയ്യാറാകുമോ എന്നതും, കണ്ടറിയേണ്ട കാര്യമാണ്. തിരഞ്ഞെടുപ്പ് എപ്പോള്‍ വന്നാലും, അതിനു മുന്‍പു തന്നെ, യാത്ര സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കാനാണ് തീരുമാനം. രണ്ടാം ഭാഗത്തിലും, രാജശേഖര റെഡ്ഡിയെ അവതരിപ്പിക്കുന്നത് മമ്മുട്ടി തന്നെയാണ്. ജഗന്‍ മോഹന്‍ റെഡ്ഡിയെ, തമിഴ് താരം ജീവയാണ് അവതരിപ്പിക്കുന്നത്. കോടികള്‍ ചിലവിട്ടാണ് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

തെലങ്കുമണ്ണില്‍ തിരിച്ചു വരവിനൊരുങ്ങുന്ന കോണ്‍ഗ്രസ്സിന്റെ വികൃതമുഖം, കൂടുതല്‍ വ്യക്തമാക്കുന്നതായിരിക്കും യാത്ര – 2 എന്നാണ് , പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും ഒടുവിലായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട സോണിയാ ഗാന്ധിയുടെ കഥാപാത്രത്തിന്റെ ലുക്കും , ഇപ്പോള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. സോണിയാ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ഈ ക്യാരക്ടര്‍ ലുക്ക്, ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായിരിക്കുന്നത്. ജര്‍മന്‍ നടിയായ സൂസെയ്ന്‍ ബെര്‍ണെര്‍ട്ടാണ്, സിനിമയില്‍ സോണിയാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. നിരവധി ഇന്ത്യന്‍ സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തില്‍, സോണിയാ ഗാന്ധിയായി എത്തിയതും സൂസെയ്‌നാണ്. പൃഥ്വിരാജിന്റെ ‘തീര്‍പ്പിലും ‘ അവര്‍ വേഷമിട്ടിട്ടുണ്ട്. യാത്രയുടെ രണ്ടാം ഭാഗത്തില്‍ , പ്രധാന്യം നല്‍കിയിരിക്കുന്നത് , നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിക്കാണ്. ഈ വേഷത്തില്‍ മിന്നും പ്രകടനമാണ് ജീവ കാഴ്ചവയ്ക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അവകാശവാദം എന്തു തന്നെയായാലും മമ്മുട്ടിയും ജീവയും തെലങ്കു രാഷ്ട്രീയത്തില്‍ കൊടുക്കാറ്റ് സൃഷ്ടിക്കുമെന്ന കാര്യം എന്തായാലും ഉറപ്പാണ്…

EXPRESS KERALA VIEW

 

 

Top