മമ്മുട്ടിക്കും ഉണ്ടായിരുന്നു ‘ബാർബർ ബാലനെ’ പോലെ ഒരു കൂട്ടുകാരൻ !

സിനിമയെ വെല്ലുന്നതാണ് നടൻ മമ്മുട്ടിയുടെ ജീവിതം. അത് പലപ്പോഴും ഈ കേരളം കണ്ടിട്ടുള്ളതുമാണ്. എഴുപതാം ജന്മദിനത്തിൽ മമ്മുട്ടിയുടെ അധികം ആരും അറിയാത്ത ഒരു കഥയും ഇപ്പോൾ പുറത്തായിരിക്കുകയാണ്. മാതൃഭുമിയിലൂടെ ശങ്കർ സി.ജിയാണ് വ്യത്യസ്തമായ ഒരു അനുഭവ കഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സംഭവത്തിന് മമ്മൂട്ടി തന്നെ അഭിനയിച്ച് സൂപ്പർഹിറ്റാക്കിയ “കഥ പറയുമ്പോൾ ” എന്ന സിനിമയുമായി ഏറെ സാമ്യമുണ്ട്.

റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം ചുവടെ :-

ആരവങ്ങളിൽ നിന്നും പുരുഷാരങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി മമ്മൂട്ടി മൂന്നാറിലാണ്, സതീർത്ഥ്യനും പ്രിയപ്പെട്ട കൂട്ടുകാരനുമായ അപ്പൂപ്പിക്കൊപ്പം. കഥ പറയുമ്പോൾ എന്ന സിനിമയിലെ ബാർബർ ബാലനും നായകനും തമ്മിലുള്ള ബന്ധമാണ് മമ്മൂട്ടിയും താനുമായുള്ളതെന്ന് അപ്പൂപ്പി പറയുന്നു. അപ്പുക്കുട്ടൻ എന്നാണ് ശരിക്കുള്ള പേര്. പക്ഷെ, മലയാളത്തിന്റെ മെഗാസ്റ്റാർ അപ്പൂപ്പിയെന്നാണ് വിളിക്കുക. സ്നേഹം ചാലിച്ചുള്ള ആ വിളിപ്പുറത്ത് കഴിഞ്ഞ ആറു പതിറ്റാണ്ടായി അപ്പുകുട്ടനുണ്ട്.

വൈക്കത്ത് ചെമ്പിൽ താമസിച്ചിരുന്ന കാലത്ത് മമ്മൂട്ടിയുടെ അയൽക്കാരനായിരുന്നു അപ്പുക്കുട്ടൻ. മമ്മൂട്ടിയേക്കാൾ രണ്ട് വയസ്സ് മുതിർന്നതാണെങ്കിലും ഇരുവരും കളിച്ചുവളർന്നതും കുലശേഖരമംഗലത്തെ സ്കൂളിലേക്ക് പോയതുമെല്ലാം ഒരുമിച്ചായിരുന്നു. പഠനത്തിലെന്ന പോലെ അഭിനയത്തിലും മമ്മൂട്ടി ഏറെ മികവ് പുലർത്തിയിരുന്നുവെന്ന് അപ്പൂപ്പി ഓർത്തെടുക്കുന്നു. വീട്ടിലുണ്ടായിരുന്ന നീളൻ വാൽക്കണ്ണാടി നോക്കി അഭിനയം പരിശീലിക്കുന്ന മമ്മൂട്ടിയുടെ മുഖം ഇപ്പോഴും അപ്പൂപ്പിക്ക് ഓർമയുണ്ട്. മമ്മൂട്ടിയുടെ അഭിനയ മികവ് ആദ്യം തിരിച്ചറിഞ്ഞത് അപ്പൂപ്പിയായിരുന്നു. അഭിനയം പരിശീലിക്കുമ്പോൾ അപ്പൂപ്പി കൂടെ വേണമെന്നത് മമ്മൂട്ടിക്ക് നിർബന്ധമായിരുന്നു. ഒരുദിവസം പോലും ഇവർ പരസ്പരം കാണാതിരുന്നിട്ടില്ല. പണം കൂട്ടിവെച്ച് കുട്ടിക്കാലത്ത് മമ്മൂട്ടിക്കൊപ്പം സിനിമ കാണാൻ പോയതും കുട്ടിക്കാലത്തെ കുസൃതികളുമെല്ലാം അപ്പൂപ്പി ഇന്നലെയെന്ന പോലെ ഓർത്തെടുക്കുന്നു.

പഠനത്തിൽ മോശമായിരുന്ന അപ്പൂപ്പി പ്രീഡിഗ്രിക്ക് ശേഷം പഠനം നിർത്തി. പക്ഷെ മമ്മൂട്ടിയുടെ ഡിഗ്രിക്കാലത്തും നിയമപഠനകാലത്തും അപ്പൂപ്പി കൂടെത്തന്നെയുണ്ടായിരുന്നു. മമ്മൂട്ടിയുടെ കൂടെ കോളേജിലേക്ക് പോയിതിരിച്ചുവരുന്നത് അപ്പൂപ്പിയുടെ പതിവുകളിലൊന്നായിരുന്നു. പിന്നീട് മമ്മൂട്ടി മഞ്ചേരി കോടതിയിൽ പ്രാക്ടീസ് ചെയ്യുമ്പോൾ അപ്പൂപ്പിക്ക് ജോലി തരപ്പെടുത്തി കൂടെക്കൂട്ടി. ഇപ്പോൾ മമ്മൂട്ടിയുടെ മൂന്നാറിലെ എസ്റ്റേറ്റിലെ മാനേജറാണ് അപ്പുകുട്ടൻ. സൂപ്പർസ്റ്റാറായി തിളങ്ങുമ്പോഴും അപ്പൂട്ടിയുടെ ജീവിതത്തിലെ സുഖത്തിലും ദുഃഖത്തിലും മമ്മൂട്ടിയുണ്ടായിരുന്നു.

സിനിമയിലെ ബാലനെപ്പോലെ കുട്ടിക്കാലത്ത് കടുക്കനിട്ടിരുന്ന അപ്പൂപ്പി പക്ഷെ ബാർബറല്ല. പക്ഷെ ബാലനെ പോലെ അപ്പൂപ്പിക്കും ഉണ്ട് രണ്ടു പെൺമക്കളും ഒരു ആൺകുട്ടിയും. വളരെ കുട്ടിക്കാലത്തു തുടങ്ങിയ ഈ ബന്ധം ഇപ്പോഴും തുടരുന്നു. മമ്മൂട്ടിയുടെ വിശ്വസ്തനായി, ആത്മമിത്രമായി ഇന്നും അപ്പൂപ്പി മമ്മൂട്ടിക്കൊപ്പം ഉണ്ട്. സ്നേഹസതീർഥ്യനായ അപ്പൂപ്പിയുടെ മൂന്നാറിലെ വീടിന്റെ പാലുകാച്ചലിനായാണ് മമ്മൂട്ടി മൂന്നാറിലെത്തിയത്. തന്റെ എഴുപതാം ജന്മദിനം ഉറ്റസുഹൃത്തിനൊപ്പമാണ് മമ്മൂട്ടി ചെലവഴിക്കുന്നത്.

‘മമ്മൂട്ടി എന്റെ സുഹൃത്ത് മാത്രമല്ല, എന്റെ ജീവനാണ്, കാണപ്പെട്ട ദൈവമാണ്. അദ്ദേഹമില്ലായിരുന്നെങ്കിൽ എനിക്കും എന്റെ കുടുംബത്തിനും ഇത്രയും മനോഹരമായ ഒരു ജീവിതം ഉണ്ടാവുമായിരുന്നില്ല.’ മമ്മൂട്ടിയെക്കുറിച്ച് പറയാൻ അപ്പൂപ്പിക്ക് വാക്കുകൾ തികയുന്നില്ല.

കടപ്പാട് : മാതൃഭൂമി

Top