മമ്മൂക്ക, ഉമ്മ, എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്; ജയറാം

യറാം ചിത്രം ‘എബ്രഹാം ഓസ്ലര്‍’ ല്‍ അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ ആവേശത്തിരയിലാഴ്ത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ജയറാം. എത്ര വൈകി വന്നാലും നല്ലൊരു സിനിമയുമായി വന്നാല്‍ നിങ്ങള്‍ രണ്ടുകയ്യും നീട്ടി തിരിച്ചും സ്വീകരിക്കും എന്നുള്ളതിന് തെളിവാണ് തീയറ്ററില്‍നിന്ന് കിട്ടിയ സ്‌നേഹവും സന്തോഷങ്ങളും എല്ലാമെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. ഒരു ഇടവേളയ്ക്കു ശേഷം തീയറ്ററില്‍ എത്തിയ തന്റെ ചിത്രം രണ്ടുകയ്യും നീട്ടി സ്വീകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും വരും ദിവസങ്ങളില്‍ തീയറ്ററില്‍ നേരിട്ടെത്തി പ്രേക്ഷകരെ കാണുമെന്നും ജയറാം ഇന്‍സ്റ്റാഗ്രാം വിഡിയോയിലൂടെ പറഞ്ഞു.

”ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാന്‍ ഈ വിഡിയോ ചെയ്യുന്നത്. മറ്റൊന്നിനും വേണ്ടിയല്ല, നന്ദി പറയാന്‍ വേണ്ടിയാണ്. ഒരു വലിയ ഇടവേളയ്ക്കു ശേഷം ഇന്ന് തിയറ്ററില്‍ എത്തിയ എന്റെ സിനിമയാണ് എബ്രഹാം ഓസ്ലര്‍. എത്ര വൈകി വന്നാലും നല്ലൊരു സിനിമയുമായി വന്നാല്‍ നിങ്ങള്‍ രണ്ടുകയ്യും നീട്ടി തിരിച്ചും സ്വീകരിക്കും എന്നുള്ളതിന് തെളിവാണ് ഇന്ന് തിയറ്ററില്‍നിന്ന് എനിക്ക് കിട്ടിയ സ്‌നേഹവും സന്തോഷങ്ങളും എല്ലാം.

വരും ദിവസങ്ങളില്‍ കേരളത്തിലുള്ള എല്ലാ പ്രധാനപ്പെട്ട തീയറ്ററുകളിലും എത്തി നിങ്ങളോടെല്ലാം നേരിട്ട് എനിക്ക് നന്ദി പറയണമെന്നുണ്ട്. അവിടെ വച്ച് നമുക്ക് നേരിട്ടു കാണാം. എന്തായാലും ഈ സിനിമയിലുള്ള എല്ലാ ടെക്നീഷ്യന്‍സിനും സഹ താരങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി. എന്നില്‍ ഒരു എബ്രഹാം ഓസ്ലര്‍ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിന് മിഥുന് നന്ദി. അവസാനമായി മമ്മൂക്ക, ഉമ്മ, എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്.” -ജയറാം പറഞ്ഞു.

Top