സ്ഥിരതയില്ലാത്ത നിലപാടുകള്‍; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളുന്ന മുഖ്യമന്ത്രി മോദി

modi main

ഭൂതകാലം ഒരു രാഷ്ട്രീയ നേതാവിനെ വിടാതെ പിന്തുടരുന്നുണ്ടെങ്കില്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണം നരേന്ദ്രമോദിയാണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പ്രധാന മന്ത്രിയായ മോദിയെ ട്രോളുകയാണ്.

മമത ബാനര്‍ജിയെ പ്രതിരോധത്തിലാക്കി ബംഗാളില്‍ വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കെല്ലാം വഴിമരുന്നിട്ടിട്ട് വലിയ പ്രസ്ഥാവനങ്ങളോ വിമര്‍ശനങ്ങളോ ഒന്നും തന്നെ നടത്താതെ മിണ്ടാതിരിക്കുകയാണ് പ്രധാനമന്ത്രി. ഭരണകൂടത്തെ വിറപ്പിക്കുന്ന പ്രതിഷേധമാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. സിബിഐയുടെ ജോലി ചെയ്യാന്‍ മമത സമ്മതിക്കുന്നില്ലെന്നാണ് രാജ്നാഥ് സിംഗ് പ്രതികരിച്ചത്. മറ്റ് ബിജെപി നേതാക്കളുടെ അഭിപ്രായവും മറിച്ചല്ല.

ഇനി, ചോദ്യമിതാണ് മോദിയും പാര്‍ട്ടിയും എല്ലാ കാലത്തും സിബിഐയുടെ സ്വാതന്ത്രത്തെ ബഹുമാനിക്കുന്ന സമീപനമാണോ സ്വീകരിച്ചിരുന്നത്? 2013 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദിയുടെ ട്വീറ്റ് ഇന്നത്തെ നിലപാടുകള്‍ക്ക് ഘടക വിരുദ്ധമായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുകയായിരുന്നു അന്ന് മോദി. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ അന്വേഷണ സംവിധാനത്തെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണെന്നും സിബിഐയുടെ ദുരുപയോഗമാണ് നടക്കുന്നതെന്നും അന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

ഇനി രാഹുലിനുമുണ്ട് സോഷ്യല്‍ മീഡിയയുടെ ഓര്‍മ്മപ്പെടുത്തലുകള്‍. ശാരദാ തട്ടിപ്പില്‍ 20 ലക്ഷം ആളുകള്‍ക്ക് പണം നഷ്ടപ്പെട്ടു എന്ന് പണ്ട് വിലപിച്ച രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ മമതയുടെ തോളോട് തോള്‍ ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ശാരദാ കേസില്‍ മമത മൗനം പാലിക്കുന്നു എന്ന് നിരന്തരം വിലപിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പഴയ പോസ്റ്റുകള്‍ തെരഞ്ഞ് പിടിച്ച് പുറത്തു കൊണ്ടുവരികയാണ് സോഷ്യല്‍ മീഡിയ.

പ്രധാനമന്ത്രി മോദിയെ മുന്‍കൂട്ടി വിമര്‍ശിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി തന്നെയായിരുന്നു. ഇതിന് ഇനിയുമുണ്ട് ഏറെ തെളിവുകള്‍. എഫ്ഡിഐ, പെട്രോള്‍ വില വര്‍ദ്ധനവ്, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങളിലെല്ലാം പണ്ട് മോദി നിലപാട് വ്യക്തമാക്കിയിരുന്നു.

മോദിയുടെ മുന്‍ ട്വീറ്റുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും, അദ്ദേഹം ഒരിക്കലും വിദേശ നിക്ഷേപത്തെ പിന്തുണയ്ക്കുന്ന ആള്‍ ആയിരുന്നില്ല. 2012 ഡിസംബറില്‍ യുപിഎ സര്‍ക്കാറിന്റെ വിദേശ നിക്ഷേപ നയം രാജ്യത്ത് തൊഴില്‍ രഹിതരെ സൃഷ്ടിക്കുമെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു.

രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിഭാസമാണ്. 2018 ആഗസ്റ്റില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.1 ആയി തകര്‍ന്നിരുന്നു.

എന്നാല്‍ ഈ പ്രതിസന്ധി ചില ബാഹ്യഘടകങ്ങളുടെ ഫലമാണെന്നാണ് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര വിശദീകരിക്കുന്നത്. മറ്റ് ചില രാജ്യങ്ങളുടെ കരന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ അത്ര വലിയ പ്രതിസന്ധി അനുഭവിക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ വാദം. അടല്‍ ബിഹാരി വാജ്‌പേയി ഭരിച്ചിരുന്നപ്പോള്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 42 രൂപയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി യുപിഎ സര്‍ക്കാരിനെ വെല്ലു വിളിച്ച മോദിയുടെ ഭരണത്തിലാണ് ഇപ്പോല്‍ മൂല്യം 71 കടന്നിരിക്കുന്നത്.

രാജ്യത്ത് എല്ലാ സമയത്തും കത്തിപ്പടരുന്ന വിഷയമാണ് പെട്രോള്‍ വില. 2012ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഇത് സംബന്ധിച്ച് മോദിയുടെ വിഖ്യാതമായ പെട്രോള്‍ ട്വീറ്റ് ഉണ്ടാകുന്നത്. പെട്രോള്‍ വിലവര്‍ദ്ധനവാണ് യുപിഎ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ് എന്നതിന്റെ ആദ്യത്തെ തെളിവെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചിരുന്നത്.

മോദി സമം ആധാര്‍ എന്ന് വിലയിരുത്തേണ്ട അഞ്ച് വര്‍ഷങ്ങളാണ് കടന്നു പോകുന്നത്. ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും ആധാര്‍ വേണമെന്ന സ്ഥിതിയാണ് ഇപ്പോള്‍ രാജ്യത്ത് ഉള്ളത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോദിയ്ക്ക് ആധാറിന്റെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. യാതൊരു വിധ കാഴ്ചപ്പാടുകളുമില്ലാത്ത ആശയമാണ് ആധാര്‍ എന്ന് ട്വീറ്റ് ചെയ്ത അദ്ദേഹം ഇന്ന് ആധാറിന്റെ വക്താവായി മാറിയിരിക്കുകയാണ്.

നിലപാടുകളിലെ മലക്കം മറിച്ചിലുകള്‍ പലത് കണ്ടിട്ടുണ്ടെങ്കിലും പ്രധാന മന്ത്രിയ്ക്ക് ഒരു വിഷയത്തിലും ഉറച്ച നിലപാടില്ല എന്ന പറയുന്നത് കഷ്ടമാണ്. ഭാവി പ്രധാന മന്ത്രി എന്ന് വാഴ്ത്തുന്ന രാഹുലും തന്റെ പഴയ ട്വീറ്റുകള്‍ക്ക് മറുപടി പറയേണ്ടതുണ്ട്. ജനങ്ങളുടെ സംശയ ദൂരീകരണം ഇരുവര്‍ക്കും ഒരേ പോലെ ഈ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകും.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top