ഏത് പാർട്ടി അവകാശവാദം ഉന്നയിച്ചാലും കേന്ദ്രം ഭരിക്കാൻ ഇവർ കനിയണം !

2019ലെ ലോകസഭ തിരഞ്ഞെടുപ്പിലെ വിധി പുറത്തു വന്നാൽ രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ഇനി രണ്ടു വനിതകളായിരിക്കും.

ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്സ് നേതാവുമായ മമത ബാനർജിയും മുൻ യു.പി മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതിയുമാണ് ആ രണ്ടു പേർ.42 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ബംഗാളിൽ നിന്നും കഴിഞ്ഞ തവണ 34 സീറ്റ് നേടിയാണ് മമത ബാനർജി കരുത്ത് കാട്ടിയത്.ഇവിടെ കോൺഗ്രസ്സിനു ലഭിച്ചത് 4 സീറ്റാണ്. ബി.ജെ.പിയും സി.പി.എമ്മും രണ്ടു വീതം സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു.

എണ്ണത്തിൽ വ്യത്യസമുണ്ടായാലും 2019-ലെ തിരഞ്ഞെടുപ്പിലും മമതയുടെ തൃണമൂൽ തന്നെ കൂടുതൽ സീറ്റുകൾ നേടാനാണ് സാധ്യത കൂടുതൽ.

80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യുപിയിൽ കഴിഞ്ഞ തവണ 71 സീറ്റ് നേടിയാണ് ബി.ജെ.പി തൂത്തുവാരിയത്. സമാജ് വാദി പാർട്ടിക്ക് 5 സീറ്റും കോൺഗ്രസ്സിന് രണ്ടു സീറ്റുകൊണ്ടും തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

യു.പി മുൻപ് ഭരിച്ച മായാവതിയുടെ ബി.എസ്.പിയെ തരിപ്പണമാക്കിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്.

2014ൽ യു.പിയിൽ നേടിയ വിജയചരിത്രം 2019 ൽ ആവർത്തിച്ചില്ലങ്കിൽ നരേന്ദ്ര മോദിയുടെ രണ്ടാം ഊഴത്തിനുള്ള സകല സാധ്യതകളും അടയും. ഇവിടെയാണ് സമാജ് വാദി പാർട്ടി – ബി.എസ്.പി സഖ്യ സാധ്യത ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നത്.

രണ്ടായി മത്സരിച്ചാൽ ഒന്നും കിട്ടില്ലന്ന ബോധ്യമുള്ള മായാവതി സമാജ് വാദി പാർട്ടിയുമായി സഹകരിക്കാനുള്ള നീക്കത്തിലാണിപ്പോൾ.

നേർ പകുതി സീറ്റുകൾ മത്സരിക്കാൻ ആവശ്യപ്പെടാനാണ് ബി.എസ്.പിയുടെ നീക്കം. അതേ സമയം അപകടം മുൻകൂട്ടി കണ്ട് രണ്ടു പാർട്ടി യിലെയും സ്ഥാനമോഹികളെ ലക്ഷ്യമിട്ട് ആഭ്യന്തര പ്രശനം ഉണ്ടാക്കാൻ ബി.ജെ.പിയും അണിയറയിൽ ചരടുവലി തുടങ്ങിയിട്ടുണ്ട്.

കാര്യങ്ങൾ എങ്ങനെ വന്നാലും യു.പിയിൽ നിന്നും 25 ൽ കുറയാത്ത ലോകസഭ അംഗങ്ങൾ ഉണ്ടാകുമെന്നാണ് ബി.എസ്.പി നേതൃത്വത്തിന്റെ കണക്കു കൂട്ടൽ.

ഇപ്പോൾ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം ഒറ്റക്ക് കാഴ്ചവച്ചതിനാൽ യു.പിക്ക് പുറത്ത് നിന്നും ചുരുങ്ങിയത് 10 സീറ്റെങ്കിലും നേടാനാവുമെന്ന പ്രതീക്ഷയും ബി.എസ്.പിക്കുണ്ട്. ഇതിനായി ദേശീയ പാർട്ടികളുമായുള്ള സഖ്യ സാധ്യതയും പാർട്ടി നേതൃത്വം പരിഗണിക്കുന്നുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ചത്തിസ് ഗഡിലും രാജസ്ഥാനിലും ആറ് സീറ്റുകൾ വീതം നേടാൻ ബി.എസ്.പിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. മധ്യപ്രദേശിൽ മൂന്ന് സീറ്റിലാണ് വിജയിച്ചത്.

ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി സഖ്യത്തിലായി കൂടുതൽ സീറ്റുകൾ നേടാനാണ് മായാവതിക്ക് താൽപ്പര്യം. എന്നാൽ ഈ നീക്കത്തിനെതിരെ ബി.എസ്.പിയിൽ തന്നെ അതൃപ്തിയുള്ള മറ്റൊരു വിഭാഗവുമുണ്ട്.ഇവർക്കു പിന്നിൽ പ്രധാനമായും ചരടുവലിക്കുന്നത് ബി.ജെ.പിയാണ്.

അതേസമയം ബി.ജെ.പി ആയാലും കോൺഗ്രസ്സായാലും രണ്ടു പാർട്ടികളും മമതയെയും മായാവതിയെയും ആശങ്കയോടെയാണ് ഇപ്പോൾ വീക്ഷിച്ചു വരുന്നത്.

പ്രധാനമന്ത്രി പദം സ്വപ്നം കണ്ട കരു നീക്കങ്ങളാണ് രണ്ടു വനിതാ നേതാക്കളും അണിയറയിൽ നടത്തുന്നത് എന്നതാണ് ആശങ്കക്കു കാരണം.

കേവല ഭൂരിപക്ഷം ബി.ജെ.പിക്കും കോൺഗ്രസ്സിനും ലഭിച്ചില്ലങ്കിൽ വിലപേശാം എന്നതാണ് മമതയുടെയും മായാവതിയുടെയും അജണ്ട. ഈ വിലപേശലിനു വേണ്ടി പരമാവധി ലോകസഭ അംഗങ്ങളെ വിജയിപ്പിക്കുക എന്നതു കൂടിയാണ് തന്ത്രം.

മോദി വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ കോൺഗ്രസ്സും രാഹുൽ പ്രധാനമന്ത്രി ആവാതിരിക്കാൻ ബി.ജെ.പിയും വിട്ടു വീഴ്ചകൾ ചെയ്യുമെന്നാണ് മായാവതിയും മമതയും കണക്കുകൂട്ടുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ മറ്റു സംവിധാനങ്ങളെ പിന്തുണക്കാൻ ബി.ജെ.പിയും കോൺഗ്രസ്സും നിർബന്ധിക്കപ്പെടും എന്ന വിലയിരുത്തലാണ് പുതിയ സ്വപ്നങ്ങളുടെ അടിസ്ഥാനം.

ഇനി മായാവതിക്കും മമത ബാനർജിക്കും പ്രധാനമന്ത്രിയാവാൻ സാധിച്ചില്ലങ്കിൽ പോലും ആര് രാജ്യം ഭരിക്കണമെന്ന കാര്യം തീരുമാനിക്കുന്നതിൽ ഇരുവർക്കും നിർണ്ണായക പങ്കു വഹിക്കാൻ കഴിയും. ഇക്കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർക്കു പോലും തർക്കമില്ല.

കോൺഗ്രസ്സിനോട് മാത്രമല്ല ബി.ജെ.പിയോടും അയിത്തമില്ലാത്ത പാർട്ടികളാണ് തൃണമൂൽ കോൺഗ്രസ്സും ബി.എസ്.പിയും.

വാജ്പേയി മന്ത്രിസഭയിൽ കേന്ദ്ര റെയിൽവെ മന്ത്രി ആയിരുന്നു മുൻപ് മമത ബാനർജി. മായാവതിയാകട്ടെ സമ്മർദ്ദം നടക്കില്ലന്ന് കണ്ടാൽ ഏറ്റവും വലിയ ഒറ്റകക്ഷിക്ക് പിന്തുണ കൊടുക്കാനാണ് സാധ്യത.കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നത് ആരായാലും അത് തങ്ങൾക്ക് സ്വാധീനം ഉള്ളവർ മാത്രം ആയിരിക്കണമെന്ന വാശി കൂടി ഇപ്പോൾ മമതക്കും മായാവതിക്കുമുണ്ട്.

Top