മായാവതിയ്ക്കും മമതയ്ക്കും ‘ലക്ഷ്യം’ ഒന്ന് , ബി.ജെ.പിക്ക് പ്രതീക്ഷയുടെ പൂക്കാലം ! !

ന്ത്യ ഏതെങ്കിലും പ്രാദേശിക പാര്‍ട്ടി ഭരിക്കണമോ ? സ്ഥിരതയില്ലാത്ത ഒരു ഭരണ സംവിധാനവും അതുവഴി രാജ്യത്തിന്റെ തകര്‍ച്ചയുമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് ? മമതയുടെ മഹാറാലിയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി ഉയര്‍ത്തുന്ന പ്രധാന ചോദ്യമാണിത്.

പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ,ബി.എസ്.പി നേതാവ് മായാവതി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു , എന്‍.സി.പി നേതാവ് ശരദ് പവാര്‍ തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ നടത്തുന്ന നീക്കങ്ങളാണ് ബി.ജെ.പിയുടെ ഈ ചോദ്യത്തിനു കാരണം.

ദേശീയ പാര്‍ട്ടികള്‍ അല്ലാതെ സംസ്ഥാന പാര്‍ട്ടികള്‍ക്ക് കേന്ദ്ര ഭരണത്തില്‍ അപ്രമാധിത്വം ലഭിച്ചാല്‍ നാട് തകരുമെന്നും അസമത്വം പടരുമെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ്സിന് ഒറ്റക്ക് ഒരു കാരണവശാലും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സാമ്പാറ് മുന്നണി തട്ടിക്കൂട്ടിയാല്‍ ലോകത്തിനു മുന്നില്‍ രാജ്യം നാണം കെടുമെന്നും ഇന്നുവരെ ആര്‍ജിച്ച സകല നേട്ടങ്ങളും തകര്‍ന്ന് തരിപ്പണമാകുമെന്നും ബി.ജെ.പി മുന്നറിയിപ്പു നല്‍കുന്നു.

ഇത്തരം മന്ത്രിസഭകള്‍ക്ക് അല്പായുസ്സാണ് ഉണ്ടാകുകയെന്ന് വി.പി സിംഗ്, ചന്ദ്രശേഖര്‍, ഗുജ്‌റാള്‍, ദേവഗൗഡ എന്നീ മുന്‍ സര്‍ക്കാറുകളെ ചൂണ്ടിക്കാട്ടി കാവിപ്പട ആരോപിക്കുന്നു.

അധികാരകൊതിയാല്‍ അന്ധകാരം ബാധിച്ചവര്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടി കേന്ദ്രത്തില്‍ വിലപേശല്‍ നടത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

മമതയുടെ മഹാറാലിയില്‍ മറ്റൊരു പ്രധാനമന്ത്രി മോഹി ബി.എസ്.പി നേതാവ് മായാവതി പങ്കെടുക്കാത്തതില്‍ നിന്നു തന്നെ ഉദ്ദേശവും വ്യക്തമാണ്.

എന്‍.ഡി.എക്കും ഭൂരിപക്ഷം ലഭിക്കാതെ ഇരിക്കുകയും യു.പി.എക്കാള്‍ കൂടുതല്‍ സീറ്റുകള്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന പാര്‍ട്ടി സ്വാഭാവികമായും പ്രധാനമന്തി പദത്തിന് അവകാശവാദം ഉന്നയിക്കും.

ഇവിടെയാണ് തമ്മിലടി നടക്കാന്‍ പോകുന്നത്. മമത പ്രധാനമന്ത്രിയാകാന്‍ മായാവതിയും മായാവതി പ്രധാനമന്ത്രിയാകാന്‍ മമതയും നിന്നുകൊടുക്കില്ല. ഇവരുടെ പിന്തുണയില്ലാതെ മറ്റു കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവകാശവാദം ഉന്നയിക്കാനും കഴിയില്ല. ഇത് മുന്നില്‍ കണ്ടാണ് മൂന്നാം ചേരിയില്‍ കുറു മുന്നണി ഉണ്ടാക്കി മേധാവിത്വം ഉറപ്പിക്കാന്‍ മമത ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് കൊല്‍ക്കത്തയില്‍ നടത്തിയ റാലിയിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചത്. ബി.ജെ.പി ഇതര പാര്‍ട്ടികളുടെ സംഗമം എന്ന രീതിയിലാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ പ്രതിനിധികളെ റാലിയിലേക്ക് അയച്ചത്.

സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, എന്‍സിപി നേതാവ് ശരദ് പവാര്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ഡല്‍ഹി മുഖ്യമന്ത്രി അര്‍വിന്ദ് കെജ്രിവാള്‍, ആന്ധ്ര മുഖ്യന്‍ എന്‍ ചന്ദ്രബാബു നായിഡു, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരാണ് റാലിയില്‍ പങ്കെടുത്തത്. ഇടതുപക്ഷവും ബി.എസ്.പിയുമാണ് വിട്ടു നിന്ന പാര്‍ട്ടികളില്‍ പ്രമുഖര്‍.

യു.പി.എയിലെ ഘടകകക്ഷികള്‍ ഉള്‍പ്പെടെ റാലിയില്‍ പങ്കെടുത്തതിനാല്‍ എത്ര ഘടകകക്ഷികള്‍ മമതയുടെ മോഹത്തിനൊപ്പം നില്‍ക്കുമെന്നത് എന്തായാലും ഇപ്പോള്‍ കണക്കുകൂട്ടാന്‍ കഴിയില്ല. 42 സീറ്റുള്ള ബംഗാളില്‍ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 34 സീറ്റാണ് മമതയുടെ തൃണമൂല്‍ നേടിയത്. ഇത്തവണയും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മമതയുടെ നീക്കങ്ങള്‍.

യുപിയില്‍ നിന്നുള്ള 80 ലോക്‌സഭാ സീറ്റില്‍ 38 എണ്ണത്തിലാണ് സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമായി ബിഎസ്പി മത്സരിക്കുന്നത്. തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ് മായാവതി. തിരഞ്ഞെടുപ്പിനു മുന്‍പുള്ള ദേശീയ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ഈ അധികാര വടംവലി ബി.ജെ.പിയെ ആണ് ഏറ്റവും അധികം സന്തോഷിപ്പിക്കുന്നത്.

ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും പ്രതിപക്ഷ ചേരിയിലെ അധികാര വടംവലി പല പാര്‍ട്ടികളെയും ഒടുവില്‍ എന്‍.ഡി.എ പാളയത്തില്‍ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം.

ഒറീസയിലെ ബിജു ജനതാദള്‍, ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, തെലങ്കാനയിലെ ടി.ആര്‍.എസ്, പവാറിന്റെ എന്‍.സി.പി തുടങ്ങിയ പാര്‍ട്ടി നേതൃത്വവുമായി ഇപ്പോള്‍ തന്നെ ഹോട്ട്‌ലൈന്‍ ബി.ജെ.പി സ്ഥാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മോഹം ഉപേക്ഷിച്ച് മായാവതിക്കും മമതക്കും ബി.ജെ.പിയെ പിന്തുണക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും നേതൃത്വം കരുതുന്നു. മുന്‍ വാജ്‌പേയി സര്‍ക്കാറില്‍ കേന്ദ്ര റെയില്‍വെ മന്ത്രി ആയിരുന്നു മമത ബാനര്‍ജി എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിരീക്ഷണം. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിയും ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്താതിരിക്കാനുമാണ് ഇപ്പോഴത്തെ നാടകമെന്നാണ് ബി.ജെ.പി കരുതുന്നത്.

ബിജു ജനതാദള്‍, ടി.ആര്‍.എസ്, അണ്ണാ ഡി.എം.കെ പാര്‍ട്ടികള്‍ രാജ്യസഭയില്‍ പലപ്പോഴും കേന്ദ്ര സര്‍ക്കാറിന്റെ രക്ഷക്ക് എത്തി വോട്ടിങ്ങില്‍ സഹായിച്ചിരുന്നതും ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

ഇടതുപക്ഷ പാര്‍ട്ടികള്‍, കോണ്‍ഗ്രസ്സ്, ഡി.എം.കെ, സമാജ് വാദി പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ ഒഴികെ മറ്റു എല്ലാ പാര്‍ട്ടികളും അവസരം വരുമ്പോള്‍ എന്‍.ഡി.എയില്‍ എത്തുമെന്ന് തന്നെയാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം.

political reporter

Top