ചുവപ്പിന്റെ അസ്തമയം ആഗ്രഹിച്ചവര്‍ ഇപ്പോള്‍ നിലനില്‍പ്പിനായി ഓടുന്നു . . .

ചോദിച്ചു വാങ്ങുന്ന തിരിച്ചടിയാണ് ഇപ്പോള്‍ മമത ഭരണകൂടം ബംഗാളില്‍ ഏറ്റുവാങ്ങുന്നത്. കാവി രാഷ്ട്രീയം അതിന്റെ ആധിപത്യം എല്ലാ രൂപത്തിലും ബംഗാളില്‍ പ്രകടമാക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെയും മുസ്ലീം ലീഗ് പോലുള്ള വര്‍ഗ്ഗീയ പാര്‍ട്ടികളെയും ബംഗാളില്‍ ഇതുവരെയും തടഞ്ഞു നിര്‍ത്തിയിരുന്നത് കമ്യൂണിസ്റ്റുകളുടെ പോരാട്ട ഫലമായിരുന്നു. അതില്ലായിരുന്നുവെങ്കില്‍ വിഭജനത്തെ പോലും ബംഗാള്‍ അതിജീവിക്കില്ലായിരുന്നു.

എന്നാല്‍ 35 വര്‍ഷത്തോളം നീണ്ടുനിന്ന ചുവപ്പ് ഭരണത്തിന് വിരാമമിട്ട് മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ അധികാരമേറ്റെടുത്തതോടെ കാവി അതിന്റെ വിശ്വരൂപവും പുറത്തെടുത്തിരിക്കുകയാണ്. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ആദ്യ എന്‍.ഡി.എ സര്‍ക്കാറില്‍ മമതയുടെ പാര്‍ട്ടി പങ്കാളിയായതാണ് ബംഗാളിന്റെ മണ്ണില്‍ ബി.ജെ.പിക്ക് ചുവടുറപ്പിക്കാന്‍ സഹായകരമായത്. മതനിരപേക്ഷ പാര്‍ട്ടികള്‍ അകറ്റി നിര്‍ത്തിയ പാര്‍ട്ടിയെ പുണരുക വഴി മമത ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തരമാണ് അന്ന് ചെയ്തിരുന്നത്.

പിന്നീട് ഇടതുപക്ഷ പാര്‍ട്ടികളെ, പ്രത്യേകിച്ച് സി.പി.എമ്മിനെ തകര്‍ക്കുന്നതിനായി എന്തും ചെയ്യുമെന്ന അവസ്ഥയിലേക്ക് മമതയും അവരുടെ പാര്‍ട്ടിയും മാറി. അരും കൊലകള്‍, നാടുകടത്തല്‍, പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കല്‍ തുടങ്ങി സകല അടവുകളും തൃണമൂല്‍ കോണ്‍ഗ്രസ് പയറ്റി. തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണം പേടിച്ച് സ്വന്തം വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തത് അനവധി പേരാണ്. കള്ളവോട്ടുകള്‍ ചെയ്തും പോളിംങ് ബൂത്തുകള്‍ പിടിച്ചെടുത്തും ഭീഷണിപ്പെടുത്തിയും ജനാധിപത്യ പ്രക്രിയയെ പോലും തൃണമൂല്‍ ക്രിമിനലുകള്‍ അട്ടിമറിച്ചു.

കമ്യൂണിസ്റ്റുകളെ മമത ഭരണകൂടം വേട്ടയാടുമ്പോള്‍ അത് നോക്കി നിന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ അടക്കമുള്ളവരാണ് ഇപ്പോള്‍ അന്തം വിട്ടിരിക്കുന്നത്. കാരണം ഇടതുപക്ഷം രാഷ്ട്രീയ പ്രതിരോധം മാത്രമാണ് നടത്തിയിരുന്നതെങ്കില്‍ ബി.ജെ.പിയിപ്പോള്‍ ഇവിടെ പയറ്റുന്നത് സാമുദായിക രാഷ്ട്രീയമാണ്. മനുഷ്യന്റെ വൈകാരികമായ വികാരങ്ങളെ ഉണര്‍ത്തി കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയില്‍ സംഘപരിവാര്‍ ആഞ്ഞടിക്കുമ്പോള്‍ മമതക്ക് ചുവട് പിഴക്കുകയാണ്. വീണുടയുന്ന ഒരു വിഗ്രഹത്തിന്റെ അവസ്ഥയിലേക്ക് അവര്‍ മാറി കഴിഞ്ഞു.

2011 വരെ, അതായത് ഇടതുപക്ഷം ഭരിച്ചിരുന്നത് വരെ ബംഗാളില്‍ ആര്‍.എസ്.എസ് ശാഖകള്‍ പോലും വിരളമായിരുന്നു. എന്നാല്‍ ഇന്ന് 1,500 ശാഖകള്‍ ആര്‍.എസ്.എസിന് വംഗനാടിന്റെ ഈ മണ്ണിലുണ്ട്. എന്തിനും പോന്ന സംഘങ്ങളും കാവിപ്പടയ്ക്ക് ഇവിടെയുണ്ട്. ബംഗാളില്‍ വലിയ രൂപത്തിലുള്ള വര്‍ഗ്ഗീയ ധ്രുവീകരണത്തിന് വഴിമരുന്നിട്ടത് മമതയുടെ രാഷ്ട്രീയ നിലപാടുകളാണ്. കമ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ പ്രയോഗിച്ച തന്ത്രങ്ങളെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിയാണ് ബി.ജെ.പി ചെറുക്കുന്നത്. ഇവിടെ സാമുദായിക വികാരത്തിനു മുന്നില്‍ മനുഷ്യന്റെ പട്ടിണിയും ദുരിതവുമെല്ലാം വഴിമാറി കഴിഞ്ഞിരിക്കുകയാണ്.

അധികാരം നിലനിര്‍ത്താന്‍ മമത കാട്ടിയ പ്രീണന രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെ ഒപ്പം നിര്‍ത്തിയാണ് സംഘപരിവാര്‍ പ്രവര്‍ത്തനം. ഗ്രാമീണ ബംഗാളില്‍ കമ്യൂണിസ്റ്റുകള്‍ യാഥാര്‍ത്ഥ്യമാക്കിയ ജാതി രഹിത- മതനിരപേക്ഷ സമൂഹം ഇപ്പോള്‍ ഇല്ലാതായി കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ വോട്ട് ചെയ്തത് മതാടിസ്ഥാനത്തിലാണ്. ബിജെപി മുന്നേറ്റത്തിന് കാരണവും അതായിരുന്നു. ഇപ്പോള്‍ ജാതിയും ഈ മണ്ണില്‍ തിരിച്ചെത്തി കഴിഞ്ഞു. അടുത്തയിടെ 15 രാഷ്ട്രീയ കൊലപാതകങ്ങളാണ് ബംഗാളില്‍ അരങ്ങേറിയത്. തൃണമൂല്‍ നടത്തുന്ന അക്രമണത്തെ അതേ രീതിയില്‍ സംഘപരിവാറും പ്രതിരോധിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.

‘ജയ് ശ്രീറാം’ വിളികള്‍ തന്നെ അസ്വസ്ഥപ്പെടുത്തുന്നു എന്നു പറഞ്ഞ് വര്‍ഗ്ഗീയ കാര്‍ഡ് കളിക്കാനാണ് ഇപ്പോഴും മമത ശ്രമിക്കുന്നത്. കാറില്‍ നിന്നിറങ്ങി ബി.ജെ.പിക്കാരെ ചീത്ത വിളിച്ചാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ തടയാനാവില്ലെന്ന് അവര്‍ക്ക് തിരിച്ചറിയാതെ പോയി. കമ്യൂണിസ്റ്റു പാര്‍ട്ടികളെ പോലെ ആശയപരമായ ഒരു അടിത്തറയോ പ്രത്യയ ശാസ്ത്ര നിലപാടുകളൊ ഒന്നും ഇല്ലാതെ മാധ്യമങ്ങളെ മുന്‍നിര്‍ത്തിയുള്ള പൊറാട്ട് നാടകമാണ് മമത നടത്തുന്നത്.

കാവി രാഷ്ട്രീയത്തെ ചെറുക്കാന്‍ ന്യൂനപക്ഷ പ്രീണനമെന്ന നയം തന്നെ ആപത്താണ്. ആശയ പരമായാണ് വര്‍ഗ്ഗീയ ശക്തികളെ നേരിടേണ്ടിയിരുന്നത്. അത് ന്യൂനപക്ഷ വര്‍ഗ്ഗീയതയായാലും ഭൂരിപക്ഷ വര്‍ഗ്ഗീയതയായാലും എതിര്‍ക്കപ്പെടേണ്ടത് ഒരു പോലെയാണ്. ഒന്നിനെ പ്രീണപ്പെടുത്തിയാല്‍ അത് മറ്റൊന്നിന് വളമാകുമെന്ന് തിരിച്ചറിയണമായിരുന്നു.

കേന്ദ്ര ഭരണം കയ്യിലുള്ളതുകൊണ്ട് ഐ.പി.എസുകാര്‍ക്ക് മേല്‍ ഇടപെട്ടാണ് മോദി സര്‍ക്കാര്‍ നിലവില്‍ ബംഗാളിലെ ബി.ജെ.പിയെസഹായിക്കുന്നത്. ചില കാര്യങ്ങളില്‍ കേസെടുക്കാനാകില്ലെന്ന് ബംഗാള്‍ ഡി.ജി.പിക്ക് തന്നെ മമതയോട് പറയേണ്ടി വന്നതും യാദൃശ്ചികമല്ല. ഏത് നിമിഷവും മമത ഭരണകൂടം പിരിച്ചുവിടപ്പെടുമെന്ന് പൊലീസും ഭയക്കുന്നുണ്ട് എന്ന് വ്യക്തം. തങ്ങള്‍ പറഞ്ഞിട്ടും ബി.ജെ.പിക്കാരെ അറസ്റ്റു ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് സംസ്ഥാന മന്ത്രിമാര്‍ പോലും മമതയോട് ഇപ്പോള്‍ പരാതിപ്പെടുകയാണ്. നിയന്ത്രണം വിട്ട അവസ്ഥയില്‍ അപക്വമായി പെരുമാറുന്ന മുഖ്യമന്ത്രിയുടെ നടപടികളും കാര്യങ്ങള്‍ ഏറെ വഷളാക്കിയിട്ടുണ്ട്.

ഡോക്ടര്‍മാരുടെ സമരത്തിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും മമതക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഡോക്ടര്‍മാര്‍ മാത്രമല്ല, പൊലീസും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ എതിരായി തുടങ്ങിയത് വലിയ പ്രതിസന്ധിയാണ് മമതക്ക് ഉണ്ടാക്കി കൊടുക്കുന്നത്. മുന്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ വന്ന സി.ബി.ഐ സംഘത്തെ തുരത്തിയോടിച്ച മമതയുടെ പൊലീസ് നിറം മാറി തുടങ്ങുന്നത് അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്.

ചെങ്കൊടിയെ കൈവിട്ട് മമതയെ മാത്രം രക്ഷകയായി കണ്ട ന്യൂനപക്ഷ വിഭാഗങ്ങളും ഇപ്പോള്‍ ആകെ പരിഭ്രാന്തരാണ്. കാവി ആധിപത്യം അവരും ബംഗാളില്‍ ഭയക്കുന്നുണ്ട്. കമ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതിന് മമതക്ക് കരുത്തേകിയതില്‍ അവരില്‍ ഒരു വിഭാഗത്തിനെങ്കിലും ഇപ്പോള്‍ പശ്ചാത്താപമുണ്ട്.

ഈ ഘട്ടത്തില്‍ പ്രമുഖ നാസി വിരുദ്ധ പ്രവര്‍ത്തകനായിരുന്ന ഫ്രെഡറിക് ഗുസ്താവ് എമില്‍ മാര്‍ട്ടിന്‍ നീമോളെറുടെ വാക്കുകള്‍ നാം ഓര്‍ക്കണം. ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു ‘ആദ്യം അവര്‍ കമ്യൂണിസ്റ്റുകളെ തേടി വന്നു ഞാന്‍ ഒന്നും മിണ്ടിയില്ല കാരണം ഞാന്‍ ഒരു കമ്യൂണിസ്റ്റായിരുന്നില്ല. പിന്നെ അവര്‍ തൊഴിലാളികളെ തേടി വന്നു, അപ്പോഴും ഞാന്‍ പ്രതികരിച്ചില്ല, കാരണം ഞാനൊരു തൊഴിലാളി ആയിരുന്നില്ല, പിന്നീടവര്‍ ജൂതരെ തേടി വന്നു ഞാനൊന്നും മിണ്ടിയില്ല കാരണം ഞാനൊരു ജൂതനായിരുന്നില്ല. ഒടുവില്‍ അവര്‍ എന്നെ തന്നെ തേടി വന്നു, അപ്പോള്‍ എനിക്കു വേണ്ടി പ്രതികരിക്കാന്‍ ആരും അവശേഷിച്ചിരുന്നുമില്ല’

നിമോളറുടെ ഈ വാക്കുകള്‍ നമ്മുടെ പുതിയ കാലത്തും പ്രസക്തമാണ്. കാരണം അദ്ദേഹം അന്ന് പറഞ്ഞത് പോലെ ആദ്യം കമ്യൂണിസ്റ്റുകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രതികരിച്ചിരുന്നു എങ്കില്‍ ബംഗാളിന് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. മമത ഭരണകൂടവും തൃണമൂല്‍ ക്രിമിനലുകളും കമ്യൂണിസ്റ്റുകളെ ചോരയില്‍ മുക്കുമ്പോള്‍ നോക്കി നിന്നവരാണ് ഇനി ഭയക്കേണ്ടത്. ചുവപ്പിന്റെ അസ്തമയം വര്‍ഗീയ ചേരി തിരിവിനും കാവിയുടെ ഉദയത്തിനുമാണ് കാരണമാകുന്നതെങ്കില്‍ അതിന് കാരണക്കാര്‍ നിങ്ങള്‍ കൂടിയാണ്.

Express view

Top