മമതയുടെ ഈ വാശി രാജ്യത്തിന് ദോഷം, കൈ കൊടുത്ത കോൺഗ്രസ്സ് വെട്ടിലാകും

ത് മമത ബാനര്‍ജിക്ക് മാത്രം കിട്ടിയ അടിയല്ല, എടുത്ത് ചാടി അവരെ പിന്തുണച്ച കോണ്‍ഗ്രസ്സിന്റെ നെഞ്ചത്ത് കൂടി കിട്ടിയ പ്രഹരമാണ്.

ശാരദാ ചിട്ടിഫണ്ടു കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്ക് പ്രതിരോധം തീര്‍ത്ത മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൊമ്പാണ് സുപ്രീം കോടതി ഉത്തരവോടെ ഇപ്പോള്‍ ഒടിഞ്ഞിരിക്കുന്നത്. കമ്മീഷണര്‍ ഇനി തല കുനിച്ച് സി.ബി.ഐക്ക് മുന്നില്‍ നില്‍ക്കേണ്ടി വരും, അതും അയല്‍ സംസ്ഥാനമായ മേഘാലയ തലസ്ഥാനത്ത്. കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ ആസ്ഥാനമായ ഷില്ലോങ്ങില്‍ വെച്ചാകും ചോദ്യം ചെയ്യല്‍.

കമ്മീഷണറെ സംരക്ഷിക്കാന്‍ കൊല്‍ക്കത്തയില്‍ സ്വന്തം പൊലീസിനെ ഇറക്കിയ മമതക്ക് ഇനി ഗാലറിയില്‍ ഇരുന്ന് കളി കാണേണ്ടി വരും.

കോടതി അലക്ഷ്യ ഹര്‍ജിയില്‍ 19 ന് ബംഗാള്‍ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഹാജരാകേണ്ടി വരുന്നതും ഇതു സംബന്ധമായി കമ്മീഷണര്‍ രാജീവ് കുമാറിന് സുപ്രീം കോടതി നല്‍കിയ നോട്ടീസും മമത ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നതാണ്. രാജ്യത്ത് സമാന്തര ഭരണം വരെ കൊണ്ടുവരാന്‍ മടിക്കാത്ത ധിക്കാരത്തിനുള്ള അനിവാര്യമായ തിരിച്ചടിയാണിത്.

ബംഗാളിനെ സ്വതന്ത്ര രാജ്യമാക്കണമെന്ന് മമത പറഞ്ഞാല്‍ അത് കോണ്‍ഗ്രസ്സ് അംഗീകരിക്കുമോ ? ഇന്ത്യയിലെ നിലവിലെ നിയമ വാഴ്ചയെ തന്നെ വെല്ലുവിളിച്ചുള്ള മമതയുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രാഹുല്‍ ഗാന്ധിയും ഇടതുപക്ഷം ഒഴികെ ഉള്ള പ്രതിപക്ഷ പാര്‍ട്ടികളും അപകടകരമായ രാഷ്ട്രീയമാണ് സിബിഐ മുന്‍നിര്‍ത്തി കളിച്ചിരുന്നത്.

സി.ബി.ഐക്കെതിരെ പറയാന്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്സിനും ഒരു അവകാശവുമില്ല. ശാരദ ചിട്ടി അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചവരില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു. യു.പി.എ ഭരണകാലത്ത് കൂട്ടിലിട്ട തത്ത എന്ന പദവി അവര്‍ക്ക് വാങ്ങി കൊടുത്തതും നെറികേടിന്റെ മന്‍മോഹന്‍ സര്‍ക്കാറാണ്. നിങ്ങള്‍ മുന്‍പ് സഞ്ചരിച്ച പാതയില്‍ അധികാരം ലഭിച്ചപ്പോള്‍ കാവിപ്പട പോകുന്നതും സ്വാഭാവികം. ദുരുപയോഗം യു.പി.എ സര്‍ക്കാര്‍ ചെയ്താലും എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്താലും ഒന്നു തന്നെയാണ്. എന്നാല്‍, ശാരദ ചിട്ടി കേസിലെ സി.ബി.ഐ അന്വേഷണത്തെ കേന്ദ്ര പകപോക്കലായി മാത്രം കാണാന്‍ പറ്റില്ല. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നടക്കുന്ന അന്വേഷണമാണത്.

കോടികളുടെ അഴിമതി നടന്ന ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാളിലെ പെണ്‍ സിംഹത്തിന് പങ്കുണ്ടെങ്കില്‍ അവര്‍ കൂട്ടിലടക്കപ്പെടുക തന്നെ വേണം. അതിനെ ആരെതിര്‍ത്താലും ഏത് പൊലീസ് കവചം തീര്‍ത്താലും അവരും നിയമ നടപടിക്ക് വിധേയമാകണം. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഇടപെടല്‍ നിയമം അതിന്റെ കര്‍ത്തവ്യം ചെയ്യുമെന്ന ശക്തമായ സന്ദേശം കൂടിയാണ്.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ എന്നു പറയുന്നത് രാജ്യത്തെ ഏറ്റവും വലിയ കേന്ദ്ര അന്വേഷണ ഏജന്‍സിയാണ്. സംസ്ഥാന ഭരണകൂടത്തെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തട്ടിപ്പ് കേസ് സി.ബി.ഐ അല്ലാതെ മമതയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല. ഇത് അറിയുന്നതു കൊണ്ടാണ് സുപ്രീം കോടതി തന്നെ മമത ഭരണകൂടത്തിന്റെ എതിര്‍പ്പുകള്‍ തള്ളി സി.ബി.ഐക്ക് അന്വേഷണാനുമതി നല്‍കിയിരുന്നത്.

സുപ്രീം കോടതി ഉത്തരവുണ്ടെങ്കില്‍ ഏത് സംസ്ഥാനത്തും സി.ബി.ഐക്ക് അന്വേഷണം നടത്താം. അതിന് ഒരു മമതയുടെയും മമത ആവശ്യമില്ല.

കേസന്വേഷണത്തിനു വന്ന സി.ബി.ഐ സംഘത്തെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത ബംഗാള്‍ പൊലീസ് നടപടിയും മമതയുടെ സത്യാഗ്രഹ നാടകവുമെല്ലാം ഇന്ത്യന്‍ നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കി ധര്‍ണ്ണ നടത്തുന്ന മമത ബാനര്‍ജി സര്‍ക്കാറിനെതിരെ ആയിരുന്നു യഥാര്‍ത്ഥത്തില്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നത്.

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനെ നമുക്ക് വിമര്‍ശിക്കാം. സി.ബി.ഐയെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയുമാകാം. എന്നാല്‍ പതിനായിരങ്ങളെ കണ്ണീരിലാഴ്ത്തിയ, നിരവധി പേര്‍ ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ ഭീകര തട്ടിപ്പ് സംഭവത്തിന് ഇതൊന്നും ന്യായീകരണമല്ല.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് സി.ബി.ഐ കൈകള്‍ കൊല്‍ക്കത്ത കമീഷണര്‍ക്ക് നേരെ നീണ്ടപ്പോള്‍ എന്തിനാണ് മമതക്ക് പൊള്ളിയത് ? ആ കൈകള്‍ നാളെ തന്റെ നേരെ തിരിയുമെന്ന ഭയമല്ലേ ഇതിനു പിന്നില്‍ ? ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിച്ച കൊല്‍ക്കത്ത കമ്മീഷണര്‍ തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നിയമ നടപടി നേരിടുക തന്നെ വേണം. നിരവധി തവണ സമന്‍സ് നല്‍കിയിട്ടും കൂടിക്കാഴ്ചക്ക് തയ്യാറാകാതെ ഒഴിഞ്ഞു മാറിയ കമ്മീഷണറുടെ നടപടി തന്നെ സംശയകരമാണ്. ഏതെങ്കിലും ഒരു കേസില്‍ സാധാരണക്കാരനാണ് ഇങ്ങനെ പെരുമാറിയതെങ്കില്‍ ഈ കമ്മീഷണര്‍ തന്നെ പിടിച്ച് അകത്തിടുമായിരുന്നില്ലേ ?

കാര്യം വ്യക്തമാണ് തീ ഇല്ലാതെ പുകയുണ്ടാവില്ല. എന്തൊക്കെയോ മമത ഭരണകൂടത്തിന് ഒളിച്ചു വയ്ക്കാനുണ്ട്. ഇക്കാര്യം ശാരദ ചിട്ടി നടത്തിപ്പുകാരുമായി മുഖ്യമന്ത്രി മമത ബാനര്‍ജിക്കുള്ള അടുത്ത ബന്ധം പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും.

ശാരദാ ഗ്രൂപ്പും റോസ് വാലിയുമായുള്ള തൃണമൂല്‍ നേതാക്കളുമായുള്ള ബന്ധം നേരത്തെ പുറത്തു വന്നിട്ടുള്ളതാണ്. ചിത്രകാരിയെന്ന് വാഴ്ത്തപ്പെട്ടിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രങ്ങള്‍ 1.86 കോടി രൂപക്ക് ശാരദാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സുദീപ്ത സെന്‍ വാങ്ങിയതും വലിയ വാര്‍ത്തയായിരുന്നു.

2013 ആയപ്പോഴേക്ക് ഈ രണ്ട് കള്ളക്കമ്പനികള്‍ നടത്തിയ വന്‍ കുംഭകോണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്തു വന്നു. പശ്ചിമബംഗാള്‍, അസം, ഒഡീഷ, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17 ലക്ഷം പാവപ്പെട്ടവരും ഇടത്തരക്കാരുമായ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച 30000 കോടി രൂപയുമായി ഈ സാമ്പത്തിക സ്ഥാപനങ്ങളുടെ മേധാവികള്‍ മുങ്ങി. ടെലിവിഷന്‍ ചാനലുകള്‍, വര്‍ത്തമാനപ്പത്രങ്ങള്‍ എന്നിവയടക്കമുള്ള അവരുടെ നൂറുകണക്കിന് സ്ഥാപനങ്ങള്‍ പൂട്ടുകയും ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. ഭരണകൂടമാണ് ഈ സാമ്പത്തിക കുറ്റവാളികളെ രക്ഷിക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചു വന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ കുനല്‍ ഘോഷ് 16 ലക്ഷം ശമ്പളം വാങ്ങുന്ന ശാരദാ ഗ്രൂപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശതാബ്ദി റോയ് ശാരദാ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നിരവധി പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ശാരദാ ഗ്രൂപ്പിന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, സെബി എന്നിവയുടെ അംഗീകാരമുണ്ടായിരുന്നില്ല. പരാതികളൊന്നും ലഭിക്കാതിരുന്നിട്ടു കൂടി 2008-2009 കാലയളവില്‍ ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ ശാരദാ ഗ്രൂപ്പ് അടക്കമുള്ള കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് സെബിയോടും കേന്ദ്ര സര്‍ക്കാരിനോടും രേഖാമൂലം ആവശ്യപ്പെട്ടിരുന്നു എന്നതു കൂടി നാം ഓര്‍ക്കണം. അന്ന് വ്യാജ സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നിയമം സംസ്ഥാന നിയമസഭ പാസാക്കി കേന്ദ്രത്തിന്റെ അനുമതിക്ക് അയച്ചുകൊടുത്തിരുന്നെങ്കിലും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

2013 ഏപ്രില്‍ 22ന് കൊല്‍ക്കത്ത, ഗുവാഹത്തി ഹൈക്കോടതികളില്‍ ഫയല്‍ ചെയ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികളെ തുടര്‍ന്നാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ അന്വേഷണമുണ്ടായത്. സുദീപ്ത സെന്‍ കുറ്റസമ്മത മൊഴി നല്‍കി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ പിടികൂടി. കുനല്‍ഘോഷാണ് മാധ്യമ വ്യവസായത്തിലേക്ക് തന്നെ വലിച്ചിഴച്ചതെന്ന് സുദീപ്ത ആരോപിച്ചു. ശ്യാമള്‍ കുമാര്‍ സെന്‍ എന്ന റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തില്‍ നാലംഗ ജുഡീഷ്യല്‍ കമ്മീഷനെ മമതാ സര്‍ക്കാര്‍ നിയോഗിച്ചു. സ്ഥാപനത്തിന്റെ സ്വത്ത് പിടിച്ചെടുത്ത് നിക്ഷേപകര്‍ക്ക് ലഭിക്കേണ്ട തുക നല്‍കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പകരം സംസ്ഥാന ഖജനാവില്‍ നിന്ന് 500 കോടി രൂപ നിക്ഷേപകര്‍ക്ക് നല്‍കാനായി നീക്കിവെക്കുമെന്ന പ്രഖ്യാപനം മാത്രം നടത്തി. കേസ് സിബിഐക്ക് വിടണമെന്ന ഇടതുമുന്നണിയുടെ ആവശ്യം ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നില്ല.

സി.ബി.ഐ അന്വേഷണ സംഘം പിടിമുറുക്കിയാല്‍ താന്‍ കുരുങ്ങുമെന്ന് മമത ഭയപ്പെടുന്നത് ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ സ്വാഭാവികമാണ്.

മൊഴി എടുക്കാന്‍ വന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ പിടികൂടാന്‍ നിര്‍ദ്ദേശിക്കുക, പിന്നീട് കമ്മീഷണറുടെ വീട്ടിലേക്ക് മുഖ്യമന്ത്രി തന്നെ പാഞ്ഞെത്തുക, സത്യാഗ്രഹം നടത്തുക . . . സിനിമയെ വെല്ലുന്ന അഭിനയമാണ് കൊല്‍ക്കത്തയില്‍ അരങ്ങേറിയത്.

ആരെയാണ് മമത വെല്ലുവിളിക്കുന്നത്? ചെയ്തത് ചങ്കൂറ്റമാണെങ്കില്‍ പിടിച്ച വരെ വിടരുതായിരുന്നു, കേന്ദ്ര പൊലീസ് എത്തിയപ്പോള്‍ സി ബി ഐ ആസ്ഥാനം വളഞ്ഞ സംസ്ഥാന പൊലീസ് ഓടി ഒളിക്കരുതായിരുന്നു.

കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ ബംഗാള്‍ പൊലീസ് സര്‍വ്വീസ് പഠിച്ചിട്ടല്ല, ഇന്ത്യന്‍ പൊലീസ് സര്‍വ്വീസിന് പഠിച്ചിട്ടാണ് ഐ.പി.എസ് പട്ടം നേടിയത്. ഈ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സിക്ക് അധികാരം മാത്രമല്ല അര്‍ഹതയുമുണ്ട്. ഐ.പി.എസുകാരും ഐ.എ.എസുകാരും അഴിമതി നടത്തിയാല്‍ പിടികൂടുന്നതും സി.ബി.ഐ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്. ഇതിനൊന്നും ഒരു സംസ്ഥാന സര്‍ക്കാറിന്റെയും ഭ്രഷ്ട് സി.ബി.ഐക്ക് ബാധകമല്ലെന്ന് കൂടി ഓര്‍ക്കണം.

ഫെഡറല്‍ സംവിധാനം സംരക്ഷിക്കാന്‍ എന്ന പേരില്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുന്ന ഭരണകൂടം രാജ്യത്തിന് തന്നെ ആപത്താണ്.

വെറും ഒരു പൊറാട്ട് നാടകമാണ് മമത ബംഗാളില്‍ ഇപ്പോള്‍ നടത്തുന്നത്. താന്‍ നടത്തുന്ന ധര്‍ണ്ണയിലേക്ക് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ആകര്‍ഷിക്കുക വഴി പ്രധാനമന്ത്രി സ്ഥാന മോഹമാണ് അവര്‍ ലക്ഷ്യമിടുന്നത്.

42 അംഗങ്ങളെ സംഭാവന ചെയ്യുന്ന ബംഗാളില്‍ കാര്യങ്ങള്‍ തൃണമൂലിന് അനുകൂലമല്ലാത്തതിനാല്‍ തന്ത്രപരമായ ഒരു നീക്കം, അതാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

മമത പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അണിനിരത്തി കൊട്ടിഘോഷിച്ച് റാലി നടത്തിയ അതേ ഗ്രൗണ്ടില്‍ അതിലും ശക്തമായ റാലി ഇടതുപക്ഷം നടത്തിയ ദിവസം തന്നെയാണ് ഈ രാഷ്ട്രീയ നാടകവും അരങ്ങേറിയതെന്നതും ശ്രദ്ധേയമാണ്.

മമതയുടെ രാഷ്ട്രീയ നാടകത്തിനു പിന്തുണ പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി മുന്‍പ് ഛര്‍ദ്ദിച്ചതെല്ലാം ഇപ്പോള്‍ വിഴുങ്ങിയ അവസ്ഥയിലാണ്.

ശാരദ തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും മമത ഭരണകൂടത്തിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തി മുന്‍പ് രംഗത്ത് വന്നത് മറന്നാണ് ഈ പിന്തുണ.

ബംഗാളില്‍ മമതരാജില്‍ പിടഞ്ഞ് വീണ കമ്യൂണിസ്റ്റുകളുടെ മുഖം ഓര്‍ക്കണ്ട, സ്വന്തം പാര്‍ട്ടിക്കാരുടെ മുഖമെങ്കിലും മമതക്ക് പിന്തുണ നല്‍കുന്നതിന് മുന്‍പ് രാഹുലിന് ഓര്‍ക്കാമായിരുന്നു.

team expresskerala

Top