മമത ബാനർജിയുടെ ഫെഡറൽ മുന്നണി തകർക്കാൻ സി.പി.എം ശ്രമം തുടങ്ങി . . .

മത ബാനര്‍ജിയെ മുന്‍ നിര്‍ത്തിയോ മമതയുടെ പാര്‍ട്ടിക്ക് പ്രാതിനിധ്യമുള്ളതോ ആയ ഒരു സര്‍ക്കാറിനെയും കേന്ദ്രത്തില്‍ പിന്തുണക്കില്ലെന്ന കടുത്ത നിലപാടില്‍ സി.പി.എം.

ബംഗാളിന്റെ മണ്ണില്‍ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണത്തില്‍ പിടഞ്ഞ് വീണ രക്തസാക്ഷികളോട് പാര്‍ട്ടി നീതികേട് കാട്ടില്ലെന്ന നിലപാടിലാണ് സി.പി.എം.

മമത ബാനര്‍ജിയുടെ തൃണമൂല്‍ ഭരണം ബംഗാളില്‍ വന്നതു മുതല്‍ അനവധി സി.പി.എം പ്രവര്‍ത്തകരാണ് കൊല ചെയ്യപ്പെട്ടത്. കാമ്പസുകളില്‍ കയറി ചോര വീഴ്ത്താനും ആക്രമികള്‍ തയ്യാറായി. കൊല്ലപ്പെട്ടവരില്‍ എസ്.എഫ്.ഐയുടെയും ഡിവൈ.എഫ്.ഐ യുടെയും പ്രധാന നേതാക്കളും ഉള്‍പ്പെടും.

നിരവധി കുടുംബങ്ങള്‍ക്ക് സ്വന്തം വീട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. പലയിടത്തും സി.പി.എം ഓഫീസുകള്‍ പിടിച്ചെടുത്ത് അവിടെ തൃണമൂല്‍ ഓഫീസാക്കി മാറ്റുകയും ചെയ്തു.

ഈ ക്രൂരതകള്‍ക്ക് മാപ്പില്ലെന്നും ഒരിക്കലും തൃണമൂലുമായി സഹകരിക്കുന്ന പ്രശ്‌നമില്ലെന്നും ബംഗാളിലെ സി.പി.എം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ മമതയുടെ ഫെഡറല്‍ മുന്നണി നീക്കത്തെ മുളയിലേ തള്ളിയതും ഈ വികാരം മാനിച്ചാണ്.

2019ലെ ലോകസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവുമായി ചേര്‍ന്ന് ഫെഡറല്‍ മുന്നണി ഉണ്ടാക്കാനായിരുന്നു മമതയുടെ നീക്കം.

തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇത്തരം സഖ്യങ്ങള്‍ പരാജയപ്പെട്ട ചരിത്രമാണ് ഉള്ളതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടുന്നു. അടിയന്തരാവസ്ഥക്ക് ശേഷമുള്ള ചരിത്രം ഓര്‍മ്മിപ്പിച്ചാണ് യെച്ചൂരിയുടെ പ്രതികരണം.

ഒറീസ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്‌നായിക്ക്, ബി.എസ്.പി നേതാവ് മായാവതി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെ ഒപ്പം കൂട്ടി കുറു മുന്നണി രൂപപ്പെടുത്താനാണ് മമതയും ചന്ദ്രശേഖരറാവുവും ശ്രമിക്കുന്നത്.

Sitaram Yechury

എന്നാല്‍ ഈ നീക്കങ്ങള്‍ പൊളിക്കാന്‍ യെച്ചൂരി തന്നെ ഇപ്പോള്‍ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടി നേതാവും അഖിലേഷ് യാദവിന്റെ പിതാവുമായ മുലായം സിങ് യാദവ് അടക്കമുള്ള നേതാക്കളുമായി യെച്ചൂരി ആശയവിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്.

ബി.എസ്.പി നേതാവ് മായാവതിക്കും മമതയുടെ ചേരിയോട് വലിയ താല്‍പ്പര്യം ഇല്ലെന്നാണ് അറിയുന്നത്. 17 ലോകസഭ അംഗങ്ങള്‍ ഉള്ള തെലങ്കാനയില്‍ മൊത്തം തൂത്തുവാരി കേന്ദ്രത്തില്‍ സമ്മര്‍ദ്ദ ശക്തിയാവാനാണ് തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് നേതാവുമായ ചന്ദ്രശേഖരറാവു ശ്രമിക്കുന്നത്. പ്രധാനമന്ത്രി പദമല്ലെങ്കില്‍ ഉപപ്രധാനമന്ത്രി പദമാണ് ലക്ഷ്യം.

കേന്ദ്രത്തില്‍ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ചന്ദ്രശേഖര റാവു തലപ്പത്ത് ഉണ്ടായിരിക്കുമെന്ന വീരവാദം ഇപ്പോള്‍ തന്നെ തെലങ്കാനയില്‍ അണികള്‍ ഉയര്‍ത്തി കഴിഞ്ഞു. ടി.ആര്‍.എസ് വര്‍ക്കിങ് പ്രസിഡന്റായി മകന്‍ രാമറാവുവിനെ നിയോഗിച്ചാണ് ചന്ദ്രശേഖരറാവു ദേശീയ രാഷ്ട്രീയത്തില്‍ കളിക്കാനിറങ്ങിയിരിക്കുന്നത്.

എന്നാല്‍ സി.പി.എം ലക്ഷ്യമിടുന്നത് അഴിമതി വിരുദ്ധമുന്നണിയാണ്. പ്രതിപക്ഷത്ത് 80 ലോകസഭ അംഗങ്ങളുള്ള യു.പി യില്‍ സമാജ് വാദി ശക്തമായ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷ സി.പി.എമ്മിനുണ്ട്. ഇതിനായി ബി.എസ്.പിയുമായി തല്‍ക്കാലം ധാരണ ഉണ്ടാക്കണമെന്നതാണ് പാര്‍ട്ടി ഉപദേശം.

കേരളത്തില്‍ പരമാവധി സീറ്റുനേടുക, മറ്റു സംസ്ഥാനങ്ങളില്‍ മതേതര ചേരിയുമായി സഖ്യമുണ്ടാക്കുക എന്നതാണ് സി.പി.എം തിരഞ്ഞെടുപ്പ് തന്ത്രം. 40 സീറ്റ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടി ഇപ്പോള്‍ നടത്തി വരുന്നത്.

ഐതിഹാസിക കര്‍ഷക സമരം നടത്തിയ മഹാരാഷ്ട്രയിലടക്കം ചില പ്രതീക്ഷകള്‍ സി.പി.എമ്മിനുണ്ട്. വോട്ടുകള്‍ ഭിന്നിക്കാതെ പരസ്പര ധാരണയില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്സ് – തൃണമൂല്‍ ഇതര പ്രതിപക്ഷ പാര്‍ട്ടികളോട് സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകട്ടെ ഇടതുപക്ഷത്തെ പിണക്കാതെ തന്ത്രപരമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്രത്തില്‍ മുന്‍പ് വി.പി സിംഗ്, ചന്ദ്രശേഖര്‍, ഗുജ്‌റാള്‍ എന്നിവരെ പ്രധാനമന്ത്രിമാരാക്കാന്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനൊപ്പം അണിയറയില്‍ ചരട് വലിച്ച യെച്ചൂരിയുടെ തന്ത്രങ്ങളെ ബി.ജെ.പിയെ പോലെ തന്നെ കോണ്‍ഗ്രസ്സും ഭയപ്പെടുന്നുണ്ട്.

പ്രധാനമന്ത്രി പദം ജ്യോതിബസുവിന് നീട്ടിയപ്പോള്‍ വേണ്ട എന്നു പറഞ്ഞ സി.പി.എം നിലപാട് രാജ്യത്തെ മാത്രമല്ല ലോക രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ അമ്പരപ്പിച്ച സംഭവമായിരുന്നു. അധികാര രാഷ്ട്രീയത്തോട് ആര്‍ത്തി കാട്ടുന്ന ലോകത്ത് ഇത് പുതിയ അനുഭവമായിരുന്നു.

പാര്‍ട്ടി നയങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാറിന്റെ മാത്രം ഭാഗമാകുക എന്നതാണ് സി.പി.എം നയം. പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലാതെ മറ്റു കക്ഷികളുടെ പിന്തുണയില്‍ അധികാരസ്ഥാനത്ത് ഇരിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന മുന്‍ നിലപാട് ഇതുവരെ സി.പി.എം തിരുത്തിയിട്ടുമില്ല.

ആത്യന്തികമായി ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ ലക്ഷ്യം.

കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷത്തിന് കോണ്‍ഗ്രസ്സിനേക്കാള്‍ സീറ്റുകള്‍ ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിമോഹം ഉപേക്ഷിക്കേണ്ടി വരുമെന്നും സി.പി.എം കണക്ക് കൂട്ടുന്നു. മൂന്നാം ബദലിലെ സാധ്യത ഇവിടെയാണ് യെച്ചൂരി കാണുന്നത്.

ഇടതുപക്ഷവും കോണ്‍ഗ്രസ്സും പിന്തുണക്കുന്ന ഒരു സംവിധാനം കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും മുന്നില്‍ കാണുന്നുണ്ട്.

തുടര്‍ച്ചയായി 34 വര്‍ഷം ഭരണം നടത്തിയ ഇടതുപക്ഷ ഭരണം മാറണമെന്ന പുതിയ തലമുറയുടെ ചിന്താഗതിയാണ് ചുവപ്പ് ഭരണത്തിന് ബംഗാളില്‍ തിരശ്ശീല വീഴ്ത്തിയത്.

നന്ദിഗ്രാം വെടിവയ്പ്പുള്‍പ്പെടെ സര്‍ക്കാറിനെതിരെ ആയുധമാക്കാനും മമത ബാനര്‍ജിക്ക് കഴിഞ്ഞു. ഇതോടെയാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭരണം ബംഗാളില്‍ നിന്നും പുറത്തായത്.

Top