മമതക്ക് തട്ടിപ്പുകാരോടും പ്രത്യേക ‘ മമത’ തന്നെ !

കൊൽക്കത്ത: പശ്ചിമ ബംഗാളിനെ ഇളക്കി മറിച്ച ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ ചിട്ടി നടത്തിപ്പുകാരുമായി മുഖ്യമന്ത്രി മമത ബാനർജിക്ക് അടുത്ത ബന്ധം. 2006ൽ പ്രവർത്തനമാരംഭിച്ച ശാരദാ ഗ്രൂപ്പുമായി മമതയ്ക്കുപുറമേ തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്കെല്ലാം അടുത്ത ബന്ധമുണ്ടായിരുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

2006ൽ പ്രവർത്തനമാരംഭിച്ച ശാരദ ഗ്രൂപ്പ് വൻ വാഗ്ദാനങ്ങൾ നൽകിയാണ് നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചത്. പണം നൽകുന്ന ഓരോരുത്തർക്കും ഏഴു മുതൽ 27 ശതമാനം വരെ പലിശ, പ്രധാന കേന്ദ്രങ്ങളിൽ വീടുവെക്കാൻ ഭൂമി, അപ്പാർട്ടുമെന്റുകൾ എന്നിവയൊക്കെയായിരുന്നു വാഗ്ദാനങ്ങൾ. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച കോടിക്കണക്കിന് രൂപ റിയൽ എസ്‌റ്റേറ്റ്, മാധ്യമസ്ഥാപനങ്ങൾ തുടങ്ങിയ മുന്നൂറോളം സ്ഥാപനങ്ങളിലായി നിക്ഷേപിച്ചുവെന്നാണ് അവകാശപ്പെടുന്നത്.

ഈ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബംഗാൾ പോസ്റ്റ്, സെവൻ സിസ്‌റ്റേഴ്‌സ് പോസ്റ്റ് തുടങ്ങിയ പത്രങ്ങൾ, താരാ ന്യൂസ്, താരാ മ്യൂസിക് തുടങ്ങിയ ടെലിവിഷൻ ചാനലുകൾ എന്നിവക്ക് കുറഞ്ഞ കാലം കൊണ്ട് വലിയ പ്രചാരം ലഭിച്ചു. സംസ്ഥാനത്തെ വായനശാലകളിൽ ബംഗാൾ പോസ്റ്റ് അടക്കമുള്ള ഈ ഗ്രൂപ്പിന്റെ പത്രങ്ങൾ വാങ്ങണമെന്ന് അക്കാലത്ത് മമതാ ബാനർജി ഉത്തരവുമിറക്കിയിരുന്നു.

തൃണമൂൽ കോൺഗ്രസിലെ ഉന്നതർ അക്കാലത്ത് ശാരദാ ഗ്രൂപ്പിൽ ഉയർന്ന സ്ഥാനങ്ങളും കൈകാര്യം ചെയ്തിരുന്നു. തൃണമൂൽ കോൺഗ്രസ് എംപി കുനൽ ഘോഷ് ശാരദാ ഗ്രൂപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന് മാസം 16 ലക്ഷം രൂപയായിരുന്നു പ്രതിഫലം. തൃണമൂൽ കോൺഗ്രസ് എംപി ശതാബ്ദി റോയ് ശാരദാ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിരവധി പരസ്യചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയുമുണ്ടായി.

2010-13 കാലത്ത് ശാരദ ഗ്രൂപ്പ്, റോസ് വാലി എന്നീ കമ്പനികൾ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രകാരിയെന്ന് അറിയപ്പെട്ടിരുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രങ്ങൾ 1.86 കോടി രൂപക്ക് ശാരദാ ഗ്രൂപ്പിന്റെ ചെയർമാൻ സുദീപ്‌തൊ സെൻ വാങ്ങിയതും അക്കാലത്ത് വലിയ വാർത്തയായിരുന്നു. എന്നാൽ 2013 ആയപ്പോഴേക്കും കമ്പനിയിൽ നിന്നും അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് ജനങ്ങളെ തേടിയെത്തിയത്. ഈ രണ്ട് കള്ളക്കമ്പനികൾ നടത്തിയ വൻ കുംഭകോണത്തെക്കുറിച്ചുള്ള നിരന്തരമായ വാർത്തകളാണ് അക്കാലത്തെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്.

പശ്ചിമബംഗാൾ, അസം, ഒഡീഷ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 17 ലക്ഷം പാവപ്പെട്ടവരും ഇടത്തരക്കാരുമായ നിക്ഷേപകരിൽ നിന്ന് സമാഹരിച്ച 30000 കോടി രൂപയുമായി ഈ സാമ്പത്തിക സ്ഥാപനങ്ങളുടെ മേധാവികൾ മുങ്ങുകയായിരുന്നു. അതോടെ അവരുടെ നൂറുകണക്കിന് സ്ഥാപനങ്ങൾ പൂട്ടുകയും ജീവനക്കാർ തൊഴിലില്ലാത്തവരാവുകയും ചെയ്തു.

എന്നാൽ അന്ന് പറ്റിയ തെറ്റിൽ നിന്ന് പാഠം പഠിക്കുവാനല്ല, ഇത്രയും വലിയ ജന വഞ്ചന നടത്തിയ കുറ്റവാളികളെ രക്ഷിക്കാനാണ് പശ്ചിമബംഗാളിലെ തൃണമൂൽ സർക്കാരും കേന്ദ്രത്തിലെ യുപിഎ, എൻഡിഎ സർക്കാരുകളും ശ്രമിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവും മമതയുടെ വലംകയ്യും കേന്ദ്ര റെയിൽവെ മന്ത്രിയുമായിരുന്ന മുകുൾ റോയിയെ ശാരദാ കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ ചൊദ്യം ചെയ്തിരുന്നു. അദ്ദേഹം തുടർന്ന് ബിജെപിയിലേക്ക് പോയി.

ശാരദാ ഗ്രൂപ്പിന്റെ ചരിത്രം പരിശോധിച്ചാൽ ഈ തട്ടിപ്പ് പെട്ടൊന്നൊരു ദിവസം ഉണ്ടായതല്ല എന്ന് എളുപ്പം മനസ്സിലാക്കാനാവും. കമ്പനിക്ക് രജിസ്ട്രാർ ഓഫ് കമ്പനീസ്, സെബി എന്നിവയുടെ അംഗീകാരമുണ്ടായിരുന്നില്ല. അന്ന് പരാതികളൊന്നും ലഭിക്കാതിരുന്നിട്ടു കൂടി 2008-09 ൽ ഇടതുമുന്നണി സർക്കാർ ചില സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ശാരദാ ഗ്രൂപ്പ് അടക്കമുള്ള കമ്പനികളുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് സെബിയോടും കേന്ദ്ര സർക്കാരിനോടും 2010 ആഗസ്ത് 23ന് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. വ്യാജ സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നിയമം സംസ്ഥാന നിയമസഭ പാസാക്കി കേന്ദ്രത്തിന്റെ അനുമതിക്ക് അയച്ചുകൊടുത്തു. എന്നാൽ അനുമതി ലഭിച്ചില്ല.

പിന്നീട് 2013 ഏപ്രിൽ 22ന് കൊൽക്കത്ത, ഗുവാഹത്തി ഹൈക്കോടതികളിൽ ഫയൽ ചെയ്യപ്പെട്ട പൊതുതാൽപര്യ ഹർജികളെ തുടർന്നാണ് ഈ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ അന്വേഷണമുണ്ടായത്. അന്നത്തെ കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്ന സുദീപ്‌തൊ സെൻ കുറ്റസമ്മത മൊഴി നൽകി രക്ഷപ്പെട്ടു. വീണ്ടും പിടിയിലായ ഇയാൾ കുനൽഘോഷാണ് മാധ്യമ വ്യവസായത്തിലേക്ക് തന്നെ വലിച്ചിഴച്ചതെന്ന് ആരോപിച്ചിരുന്നു.

ചിട്ടി തട്ടിപ്പ് വിവാദമായതോടെ അന്വേഷണത്തിനായി ശ്യാമൾ കുമാർ സെൻ എന്ന റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിൽ നാലംഗ ജുഡീഷ്യൽ കമ്മീഷനെ മമതാ സർക്കാർ നിയോഗിച്ചു. പണം നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കാൻ സ്ഥാപനത്തിന്റെ സ്വത്ത് പിടിച്ചെടുത്ത് ലേലം ചെയ്യണമെന്ന ആവശ്യവും അന്ന് ഉയർന്നു വന്നിരുന്നു. എന്നാൽ അതിന് തയ്യാറാകാതിരുന്ന മമതാ സർക്കാർ സംസ്ഥാന ഖജനാവിൽ നിന്ന് 500 കോടി രൂപ നിക്ഷേപകർക്ക് നൽകാനായി നീക്കിവെക്കുമെന്ന പ്രഖ്യാപനം മാത്രം നടത്തി വിവാദത്തിന് താൽക്കാലിക വിരാമമിടാൻ ശ്രമിച്ചു. കൂടാതെ കേസ് സിബിഐക്ക് വിടണമെന്ന ഇടതുമുന്നണിയുടെ ആവശ്യത്തിനു നേരെയും അവർ ആദ്യഘട്ടത്തിൽ മുഖം തിരിച്ചു.

Top