കാവി രാഷ്ട്രീയത്തെ ബംഗാളിന്റെ മണ്ണിൽ വളർത്തുന്ന മമതയുടേത് ‘പൊയ്മുഖം’

മത ബാനര്‍ജിയെ ”പുലിക്കുട്ടി” എന്ന് വിളിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം, കാവിമടയില്‍ കിടന്ന ഒരു ഭൂതകാലം അവര്‍ക്കുണ്ട്.

ഇപ്പോള്‍ ന്യൂനപക്ഷ പ്രീണനത്തിനു വേണ്ടിയാണ് മോദിയുമായും ബി.ജെ.പിയുമായും മമത കൊമ്പ് കോര്‍ക്കുന്നത്. അല്ലാതെ കാവി രാഷ്ട്രീയത്തോടുള്ള വെറുപ്പ് കൊണ്ടല്ല. ആശയപരമായ വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ വാജ് പേയി മന്ത്രിസഭയില്‍ കേന്ദ്ര മന്ത്രിയാവില്ലായിരുന്നു.

മമതയെയും ബി.ജെ.പിയെയും ഒരു പോലെ എതിര്‍ക്കുന്ന സി.പി.എമ്മിനെ തുരത്താന്‍ സംഘപരിവാറിനോട് കൂട്ട് കൂടിയ മമത ഇപ്പോള്‍ പയറ്റുന്നത് അധികാര രാഷ്ട്രീയമാണ്. അവരുടെ ഈ ധിക്കാരപരമായ സമീപനമാണ് ബംഗാളില്‍ കാവിപ്പടക്ക് വേരുറപ്പിക്കാന്‍ അവസരം കൊടുത്തിരിക്കുന്നത്.

ഒരു മുഖ്യമന്ത്രിയും ഇത്രയും ധിക്കാരിയാവാന്‍ പാടില്ല. ബംഗാളിലെ പോലെ മറ്റൊരു സംസ്ഥാനത്തും ഇത്രയും ആക്രമണങ്ങള്‍ അരങ്ങേറിയിട്ടില്ല. കൊലപാതകങ്ങള്‍ നടന്നിട്ടില്ല. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊലപ്പെടുത്താന്‍ നോക്കിയത് തൃണമൂല്‍ ഗുണ്ടകളാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാതിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അമിത് ഷായുടെ റാലിക്ക് നേരെ ആക്രമണം നടന്നപ്പോള്‍ മാത്രം കണ്ണ് തുറന്ന് നടപടി സ്വീകരിച്ചു. മുഹമ്മദ് സലീമിനെതിരായ ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു എങ്കില്‍ പിന്നീട് ആക്രമണം നടത്താന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ മടിക്കുമായിരുന്നു. ഇപ്പോള്‍ സംഘര്‍ഷം വിതച്ച് നേട്ടം കൊയ്യാനാണ് തൃണമൂലിനെ പോലെ തന്നെ ബി.ജെ.പിയും ബംഗാളില്‍ ശ്രമിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച് പാകപ്പെടുത്തിയ ബംഗാളിന്റെ മണ്ണില്‍ മതത്തിന്റെ രാഷ്ട്രിയമാണ് ഇപ്പോള്‍ അരങ്ങ് തകര്‍ക്കുന്നത്. ഹിന്ദു വികാരം ആളിക്കത്തിച്ച് നേട്ടം കൊയ്യാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍, മമത ബാനര്‍ജിയും തൃണമൂലം ന്യൂനപക്ഷ വോട്ട് ബാങ്കാണ് ലക്ഷ്യമിടുന്നത്.

മനുഷ്യന്റെ വിശപ്പും തൊഴിലും കഷ്ടപ്പാടുകളും ഒന്നുമല്ല, മതപരമായ വികാരങ്ങളെയാണ് ഇവിടെ ഇരു വിഭാഗവും ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നത്.

രാജ്യത്തിന് അനവധി മഹാരഥന്‍മാരെ സംഭാവന ചെയ്ത പശ്ചിമബംഗാളിന്റെ മാറുന്ന ഈ മുഖം ഏറെ ഭയപ്പെടുത്തുന്നതാണ്.

ഇടതുപക്ഷം ഭരിക്കുമ്പോള്‍ മമതയുടെ തൃണമൂലും കാവിപ്പടയും എല്ലാം പടിക്ക് പുറത്തായിരുന്നു. ആര്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള അവകാശം അക്കാലത്തുണ്ടായിരുന്നു. ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗാളില്‍ മൊത്തം കുഴപ്പമാണെന്ന് അന്ന് പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ വാ തുറന്ന് പറയണം ആരാണ് ശരിയെന്ന്…

രാഷ്ട്രീയ കലാപത്തിന് സാമുദായിക നിറം കൈവരുന്നത് ആ നാടിനെ തന്നെ പിറകോട്ടടിപ്പിക്കും. ബംഗാളിന്റെ പാരമ്പര്യമല്ല അത്.

ഗുജറാത്തിന്റെ മണ്ണില്‍ കലാപകാരികള്‍ ചോരപ്പുഴ ഒഴുക്കി താണ്ഡവ നിര്‍ത്തമാടിയപ്പോള്‍ കൈകൂപ്പി ജീവനു വേണ്ടി കേണ കുത്തുബുദ്ദീന്‍ അന്‍സാരി എന്ന യുവാവിനെ നാം ഓര്‍ക്കണം.ഈ മുസ്ലീം യുവാവിന് അന്ന് അഭയം നല്‍കിയത് പശ്ചിമ ബംഗാളിലെ ജോതിബസു സര്‍ക്കാരായിരുന്നു.

ചുവപ്പ് നല്‍കുന്ന കരുതല്‍ ഒരു കോണ്‍ഗ്രസ് ഭരണകൂടവും തൃണമൂല്‍ ഭരണകൂടവും ന്യൂനപക്ഷ സമൂഹത്തിന് നല്‍കില്ലന്നത് ഓര്‍മ്മപ്പെടുത്താന്‍ ഇനിയും നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.

രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ തെറിവിളിച്ചത് കൊണ്ട് ആരും ന്യൂനപക്ഷ സംരക്ഷകരാവില്ല. മറിച്ച് സ്വയം അപഹാസ്യരാവുകയാണ് ചെയ്യുക. ഇവിടെ ഒരു ഭരണഘടനയുണ്ട്. നിയമങ്ങളുണ്ട് ഇതെല്ലാം പാലിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ. ഇക്കാര്യങ്ങള്‍ മോദി ലംഘിച്ചാലും മമത ലംഘിച്ചാലും ഒരു പോലെ കുറ്റകരം തന്നെയാണ്.

മോദിയെയും അമിത് ഷായെയും നിയന്ത്രിക്കുന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ കണ്ണിലെ കരട് മമതയല്ല അത് പിണറായിയാണ് എന്നതും നാം ഓര്‍ക്കണം.

സംഘപരിവാറിനെ ശക്തമായി ചെറുക്കുന്നതിനാലാണ് പിണറായിയും സി.പി.എമ്മും ആര്‍.എസ്.എസിന്റെ നോട്ടപ്പുള്ളികളായത്. അത്കൊണ്ടാണ് പിണറായിയുടെ തലക്ക് ഇനാമും പ്രഖ്യാപിക്കപ്പെടുന്നത്. മമത സര്‍ക്കാറിനെയല്ല, പിണറായി സര്‍ക്കാരിനെ പിരിച്ചുവിടാനാണ് സംഘ പരിവാര്‍ നേതൃത്വം ഏറ്റവും അധികം ആഗ്രഹിക്കുന്നത്.

റോഡ് ഷോ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടും ബംഗാള്‍ സര്‍ക്കാറിനെ പിരിച്ചുവിടേണ്ട ആവശ്യമില്ലന്നാണ് അമിത് ഷാ പറഞ്ഞത്. ഇതു തന്നെയാണ് അവരുടെ രാഷ്ട്രീയവും.തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തൃണമൂലിനെ പോലും ഭയപ്പെടുത്തി വരുതിയിലാക്കാന്‍ അവര്‍ക്ക് കഴിയും. പക്ഷേ ചെമ്പടയോട് മാത്രം ആ പരിപ്പ് വേവില്ല. അവസാന ശ്വാസം പോകും വരെ ഒരു കമ്യൂണിസ്റ്റുകാരനും കാവി രാഷ്ട്രീയത്തോട് സന്ധി ചെയ്യില്ല. ഭരണമുണ്ടായാലും ഇല്ലങ്കിലും അക്കാര്യം ഉറപ്പാണ്.

Top