മമതയുടെ സാന്‍ട്രോ കാറില്‍ സവാരി ചെയ്ത് ഷാറൂഖ്ഖാന്‍; പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ

കൊല്‍ക്കത്ത: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ്ഖാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്‍ട്രോ കാറില്‍ സഞ്ചരിക്കുന്ന വീഡിയോ വൈറലാകുന്നു.

ഷാരൂഖ്ഖാനെ തന്റെ കാറില്‍ വിമാനത്താവളത്തിലെത്തിച്ച് യാത്രയാക്കുന്ന മമതാ ബാനര്‍ജിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ വീഡിയോയെ ഇഴകീറി പരിശോധിച്ച് ഇരുവരുടെയും ലാളിത്യത്തെ പ്രശംസിക്കാനും നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ തിരക്ക് കൂട്ടുന്നത്.

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഷാരൂഖ് ഖാനെ തന്റെ സാന്‍ട്രോ കാറിലാണ് മമതാ ബാനര്‍ജി കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിച്ചത്.

വിമാനത്താവളത്തിലെത്തിയ ഉടനെ മുന്‍സീറ്റില്‍ നിന്ന് ഇറങ്ങി വന്ന മമതാ ബാനര്‍ജി പിന്‍സീറ്റിലിരിക്കുന്ന ഷാരൂഖ് ഖാന് കാറിന്റെ ഡോര്‍ തുറന്ന് കൊടുക്കുന്നുതാണ് കാണികളെ ഏറെ സന്തുഷ്ടരാക്കിയത്.

യാത്ര പറയുന്നതിന് മുമ്പ് ഷാരൂഖ് മമതയുടെ കാലില്‍ തൊട്ട് വന്ദിക്കുന്നത് ഷാരൂഖ് ആരാധകരെയും മമതയുടെ അണികളെയും ഒരു പോലെ തൃപ്തിപ്പെടുത്തി.

‘ഷാരൂഖ് ജി, താങ്കള്‍ എന്നാണ് ഇത്രയും ചെറിയ കാറില്‍ യാത്രചെയ്തതെന്ന് ഒരാള്‍ വിളിച്ചു ചോദിക്കുന്നതും’ വീഡിയോയില്‍ ഹിന്ദിയില്‍ കേള്‍ക്കാം.

മമതയെപ്പോലെ ലാളിത്യമുള്ള നേതാവ് ഇന്ത്യയിലുണ്ടാവില്ലെന്ന് അണികള്‍ മമതയെ പ്രശംസിച്ചപ്പോള്‍, ഷാരൂഖിനെപ്പോലെ വിനീതനായ നടന്‍ ബോളിവുഡില്‍ വേറെ ഉണ്ടാവില്ലെന്ന് ഷാരൂഖ് ആരാധകരും തിരിച്ചടിച്ചു.

Top