മമതയുടെ സൗഹൃദം മാരകരോഗങ്ങളുമായി; അമിത് ഷാ

കൊല്‍ക്കത്ത: ഡെങ്കിപ്പനി, മലേറിയ എന്നീ മാരകരോഗങ്ങളുമായാണ് മമതാ ബാനര്‍ജിയുടെ സൗഹൃദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അവര്‍ അധികാരത്തിലുള്ളിടത്തോളം കാലം ഈ രോഗങ്ങള്‍ സംസ്ഥാനം വിട്ടു പോകില്ലെന്നും അമിത് ഷാ പറഞ്ഞു. ബിജെപി പദ്ധതികള്‍ക്കായി നിലകൊള്ളുമ്പോള്‍ തൃണമൂല്‍ സര്‍ക്കാര്‍ നടത്തുന്നത് അഴിമതിയാണെന്നും അമിത് ഷാ പറഞ്ഞു.

‘ദീദി സ്ഥലം വിടാത്തിടത്തോളം കാലം മലേറിയയില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷയില്ല. ഡങ്കിയുടെയും മലേറിയയുടെയും കൂട്ടുകാരിയാണവര്‍. ഞങ്ങള്‍ വോട്ടു ചെയ്യുകയാണെങ്കില്‍ രണ്ട് വര്‍ഷത്തിനകം ഞങ്ങള്‍ ഈ രോഗങ്ങളെ തുരത്തി കാണിക്കാം, ഒരുവശത്ത് പ്രധാനമന്ത്രി മോദി ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ദീദി അവരുടെ മരുമകന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്’, അമിത് ഷാ പരിഹസിച്ചു.

പുരുലിയയില്‍ നിങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നുണ്ടോ. മമതാ ദീദി നിങ്ങള്‍ക്ക് ഫ്ലോറിഡേറ്റഡ് വെള്ളമാണ് നല്‍കുന്നത്. ദീദിയെ നിങ്ങള്‍ ഇവടുന്ന് പുറത്താക്കുകയാണെങ്കില്‍ ബിജെപി സര്‍ക്കാര്‍ 10,000 കോടി രൂപ നിങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാനായി ചെലവഴിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

‘നിങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനുള്ള അവസരമായാണ് മോദിജി തിരഞ്ഞെടുപ്പിനെ കാണുന്നത്. എന്നാല്‍ തന്റെ മരുമകനെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള അവസരമായാണ് ദീദി തിരഞ്ഞെടുപ്പിനെ കാണുന്നത്. നിങ്ങള്‍ക്ക് അവരുടെ മരുമകനെ മുഖ്യമന്ത്രിയായി കാണണമോ അതോ ബംഗാളില്‍ വികസനം വേണമോ’, എന്നും അമിത് ഷാ റാലിയെ അഭിസംബോധന ചെയ്ത് ചോദിച്ചു.

 

Top