നന്ദിഗ്രാമിലെ മമതയുടെ പരാജയം; ഇവിഎമ്മുകള്‍ സൂക്ഷിച്ചുവെയ്ക്കണമെന്ന് കോടതി

mamata

കൊല്‍ക്കത്ത: നന്ദിഗ്രാം മണ്ഡലത്തില്‍ വോട്ടെടുപ്പിന് ഉപയോഗിച്ച ഇ.വി.എം മെഷീനുകള്‍ സൂക്ഷിച്ചുവെയ്ക്കണമെന്ന് കല്‍ക്കട്ട കോടതി. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ പരാജയപ്പെട്ടിരുന്നു. എതിര്‍ സ്ഥാനാര്‍ഥി സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് മമത നല്‍കിയ ഹര്‍ജിയിലാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും എം.എല്‍.എയുമായ സുവേന്ദു അധികാരിക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് രേഖകള്‍, ഡിവൈസുകള്‍, വിഡിയോ റെക്കോര്‍ഡ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് കമീഷനും റിട്ടേണിങ് ഓഫീസര്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വി.വി.പാറ്റ് സ്ലിപ്പുകളും വോട്ടിങ് മെഷീനും സൂക്ഷിക്കണം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സാധാരണയായി ആറ് മാസത്തേക്കാണ് സൂക്ഷിക്കുക. ഇത് നീട്ടണമെന്നായിരുന്നു മമതയുടെ അഭിഭാഷകന്റെ ആവശ്യം.

Top