ബിജെപിയെ ഇന്ത്യയില്‍ നിന്നോടിക്കാന്‍ ക്വിറ്റ് ഇന്ത്യ പ്രചരണവുമായി മമത

കൊല്‍ക്കത്ത: വെള്ളക്കാരെ ഇന്ത്യയില്‍ നിന്നോടിച്ച മാതൃകയില്‍ ബിജെപിയെ ഇന്ത്യയില്‍ നിന്നും തുരത്താനായി പുതിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

1942ല്‍ ആരംഭിച്ച ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 75ാം വാര്‍ഷികമായ ആഗസ്റ്റ് 9നാണ് ബിജെപിയെ ലക്ഷ്യം വച്ചുള്ള മമതയുടെ ക്വിറ്റ് ഇന്ത്യ പ്രചരണത്തിന് തുടക്കം കുറിക്കുന്നത്.

രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ്, ബിജെപിക്കെതിരായി മൂന്നാഴ്ച്ച നീണ്ടു നില്‍ക്കുന്ന ബിജെപി ക്വിറ്റ് ഇന്ത്യ പ്രചരണ പരിപാടി ആരംഭിക്കുന്നതായി മമത പ്രഖ്യാപിച്ചത്.

”ബിജെപിയെ ഇന്ത്യയില്‍ നിന്നോടിക്കുക” എന്ന മുദ്രാവാക്യത്തോടെയാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് മമതാ ബാനര്‍ജി രണ്ടാം പതിപ്പ് സൃഷ്ടിക്കുന്നത്.

യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെ ക്രിക്കറ്റ് കമന്ററിയെ അനുസ്മരിപ്പിക്കും വിധം ബിജെപിയെ ബൗള്‍ ചെയ്ത് ഔട്ടാക്കണമെന്നും, സിക്‌സറടിച്ച് ഗ്രൗണ്ടിന് പുറത്തിടണമെന്നും അവര്‍ അണികളോട് ആഹ്വാനം ചെയ്തു.

ബിജെപിയെ നമ്മള്‍ ഇന്ത്യയില്‍ നിന്നോടിക്കും. ഇത് നമ്മുടെ വെല്ലുവിളിയാണ്. ശാരദ-നാരദ കേസുകളുടെ പേരില്‍ നമ്മളെ വിരട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. പക്ഷേ നാം അതില്‍ ഭയപ്പെടേണ്ടതില്ല, കാരണം നമ്മളാരും കുറ്റക്കാരല്ല അണികളോടായി മമത പറഞ്ഞു.

Top