തന്റെ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമം; കേന്ദ്രത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മമത

കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ താന്‍ പങ്കെടുക്കാത്തതിന്റെ പേരിലുള്ള കേന്ദ്രസര്‍ക്കാരിന്റെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

തനിക്കെതിരെ നടക്കുന്നത് പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണെന്ന് മമത പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തന്നെ അപമാനിക്കുകയാണ് ചെയ്തത് എന്നും മമത ആരോപിച്ചു.
താന്‍ മൂന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വന്നത്. പ്രധാനമന്ത്രിയെ കാണാനായി താന്‍ ഒരു മണിക്കൂര്‍ കാത്തിരുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള യോഗമായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ചത്. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന എല്ലാ യോഗത്തിലും പശ്ചിമബംഗാള്‍ പങ്കെടുക്കാറുണ്ട് എന്നും മമത അഭിപ്രായപ്പെട്ടു.

ബംഗാള്‍ മുഖ്യമന്ത്രിയുടെ പെരുമാറ്റം അസാധാരണമാണെന്നും ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. യാസ് ചുഴലിക്കാറ്റ് വീശിയടിച്ച ഒഡിഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ആകാശനിരീക്ഷണം നടത്തിയ ശേഷമാണ് കലൈകുണ്ടയില്‍ പ്രധാനമന്ത്രി എത്തിയത്. കലൈകുണ്ട എയര്‍ബേസില്‍ പ്രധാനമന്ത്രിയും മമതയും 15 മിനിറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒരാള്‍ പോലും പങ്കെടുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്ഥലത്തുണ്ടായിട്ടും ബംഗാള്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ല. പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ അരമണിക്കൂറോളം മുഖ്യമന്ത്രിയെ കാത്തിരുന്നു. എന്നാല്‍, പെട്ടെന്ന് എത്തി കുറച്ച് കടലാസുകള്‍ പ്രധാനമന്ത്രിയെ ഏല്‍പ്പിച്ച് അവര്‍ തിരിച്ചുപോയെന്നും കേന്ദ്രം കുറ്റപ്പെടുത്തി.

 

Top