മന്ത്രിസഭാ പുനഃസംഘടനയ്‌ക്കൊരുങ്ങി മമത

ഡൽഹി: പശ്ചിമ ബംഗാളില്‍ മന്ത്രിസഭാ പുനഃസംഘടന പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി മമത ബാനര്‍ജി.. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബംഗാള്‍ സര്‍ക്കാരിന്റെ നടപടി.

നാലോ അഞ്ചോ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാവും മന്തിസഭ പുനഃസംഘടിപ്പിക്കുകയെന്ന് മമത അറിയിച്ചു. ‘സുബ്രതാ മുഖര്‍ജി, സാധന പാണ്ഡെ എന്നിവരെ നഷ്ടപ്പെട്ടു. പാര്‍ത്ഥ ചാറ്റര്‍ജി ജയിലിലാണ്. അവരുടെ വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ പുതിയ മന്ത്രിമാര്‍ ആവശ്യമാണ്. എനിക്ക് ഒറ്റയ്ക്ക് ഈ ചുമതലകള്‍ നിറവേറ്റാന്‍ കഴിയില്ല’, മമത ബാനര്‍ജി പറഞ്ഞു. മുഴുവന്‍ മന്ത്രിമാരെയും പിരിച്ചു വിട്ട് പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മമത വ്യക്തമാക്കി.

അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പാര്‍ത്ഥ ചാറ്റര്‍ജി ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. വ്യാപക പ്രതിഷേധമുയര്‍ന്നതോടെ കഴിഞ്ഞ ദിവസം മമത ബാനര്‍ജി അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഈ കേസില്‍ പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തും അനുയായിയുമായ അര്‍പ്പിത മുഖര്‍ജിയും ഇഡിയുടെ കസ്റ്റഡിയിലാണ്. 50 കോടിയോളം രൂപ അര്‍പ്പിതയുടെ വിവിധ ഫ്‌ളാറ്റുകളില്‍ നിന്ന് കണ്ടെടുത്തതിന് പിന്നാലെ കാറിലും പണം ഒളിപ്പിച്ചതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഹോണ്ടയുടെ രണ്ട് കാറുകളും ഓഡി, ഒരു ബെന്‍സ് എന്നിവയാണ് ഇഡി അന്വേഷിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച്‌ നടക്കുന്ന അന്വേഷണത്തില്‍ ഇതുവരെ തുമ്ബൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, ഈ കേസില്‍ അര്‍പ്പിത മുഖര്‍ജി ഇഡിയോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Top