ഡോക്ടര്‍മാരുമാരുടെ സമരം: മമത വിളിച്ച ചര്‍ച്ച വിജയം, സമരം ഒത്തുതീര്‍ന്നു

Mamtha Banarji

കൊല്‍ക്കത്ത: ബംഗാളില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി മമതാ ബാനര്‍ജി വിളിച്ച ചര്‍ച്ച വിജയം.ഇതേത്തുടര്‍ന്ന്‌ദേശീയ വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.

ഡോക്ടര്‍മാര്‍ മുന്നോട്ടു വെച്ച ഒട്ടുമിക്ക ആവശ്യങ്ങളും മമത അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്. മൂന്നു മണിക്കാണ് മമതാ ബാനര്‍ജിയുമായി ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ ചര്‍ച്ച തുടങ്ങിയത്. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് തടയിടാന്‍ പത്തിന സുരക്ഷാ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുമെന്ന് മമതാ ബാനര്‍ജി ഉറപ്പ് നല്‍കി.സുരക്ഷക്ക് വേണ്ടി എല്ലാ മെഡിക്കല്‍ കോളേജുകളിലും പോലീസ് ഓഫീസറെ നിയോഗിക്കും. എല്ലാ ആശുപത്രികളിലും പ്രശ്ന പരിഹാര സെല്‍ രൂപീകരിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കി.

നേരത്തേ ചര്‍ച്ചയില്‍ മാധ്യമങ്ങളെ അനുവദിക്കാന്‍ മമത തയ്യാറായിരുന്നില്ല. ഇതിനെതിരെ ഡോക്ടര്‍മാരും കര്‍ശന നിലപാടെടുത്തു. പിന്നീട് സമ്മര്‍ദത്തേത്തുടര്‍ന്നാണ് രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് ചര്‍ച്ച തത്സമയം റിപ്പോര്‍ട്ടു ചെയ്യാന്‍ അനുമതി നല്‍കിയത്.

സഹപ്രവര്‍ത്തകനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബംഗാളില്‍ ഡോക്ടര്‍മാര്‍സമരം നടത്തിയത്. എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ പരിബോഹോ മുഖര്‍ജിയെ ചികിത്സാ പിഴവ് ആരോപിച്ച് മരണപ്പെട്ട രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയായിരുന്നു.

പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് നടത്തിയിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കരിച്ചു. സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമായിരുന്നു ഇന്ന് പ്രവര്‍ത്തിച്ചത്. പിന്നീട് സമരം ഒത്തു തീര്‍പ്പായതിനെ തുടര്‍ന്ന് പണിമുടക്ക് പിന്‍വലിച്ചു.

Top