പൗരത്വ നിയമത്തില്‍ ഇടഞ്ഞ മമത, മോദിയുമായി വേദി പങ്കിടും

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കേന്ദ്രവുമായി ഇടഞ്ഞ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഞായറാഴ്ച കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ (കെപിടി) പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടും.

കെപിടിയുടെ 150-ാം വാര്‍ഷികാഘോഷ പരിപാടിയിലാണ് മോദിയും മമതയും ഒരുമിച്ച് വേദി പങ്കിടുക.
ഷിപ്പിംഗ് മന്ത്രി മന്‍സുഖ് മണ്ടാവിയയുമായി കൂടക്കാഴ്ചയ്ക്ക് ശേഷമാണ് വേദി പങ്കിടാന്‍ മമത സമ്മതിച്ചത്.

പൗരത്വ നിയമ ഭേദഗതി ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമത കടുപ്പിച്ച് തന്നെ പറഞ്ഞിരുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ മമതാ ബാനര്‍ജി സമരമുഖത്ത് നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മോദി ബംഗാളിലെത്തുന്നത്.

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ മമത എത്തുമൊ എന്ന കാര്യത്തില്‍ സ്ഥിതീകരണമായിട്ടില്ല.

ശനിയാഴ്ച രാത്രി രാജ്ഭവനില്‍ മോദിക്കായി ഒരുക്കുന്ന അത്താഴ വിരുന്നില്‍ മമത പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ വിരുന്നിന് മമതയെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കുന്ന കാര്യത്തില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപി ബംഗാളില്‍ പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നുവന്നതുമുതല്‍ മോദിയും മമതയും സര്‍ക്കാര്‍ പരിപാടിയില്‍ വേദി പങ്കിട്ടിട്ടില്ല. 2018 ല്‍ വിശ്വഭാരതിയില്‍ ബംഗ്ലാദേശ് ഭവന്റെ ഉദ്ഘാടന ചടങ്ങില്‍ ഇരു നേതാക്കളെയും അവസാനമായി വേദി പങ്കിട്ടത്.

സന്ദര്‍ശനത്തില്‍ മോദി ശനിയാഴ്ച ഉച്ചയ്ക്ക് കൊല്‍ക്കത്തയിലെത്തും. മറ്റ് പരിപാടികള്‍ക്ക് പുറമെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.

Top