പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രധാനമന്ത്രി ഭീഷണിപ്പെടുത്തുകയാണെന്ന് മമതാ ബാനര്‍ജി

mamthanewone

വിശാഖപട്ടണം: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീഷണിപ്പെടുത്തുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളെ ഉപയോഗിച്ച് ആ സംസ്ഥാനങ്ങളെ വിരട്ടുകയാണ് മോദി ചെയ്യുന്നത്. കര്‍ണാടക, ഒഡീഷാ, ബംഗാള്‍, ആന്ധ്രാ സംസ്ഥാനങ്ങളോടെല്ലാം പ്രധാനമന്ത്രിക്ക് ഒരേ മനോഭാവമാണെന്നും അവര്‍ പറഞ്ഞു.

മോദി സാധാരണ ജനങ്ങളുടെ കാവല്‍ക്കാരനല്ലെന്നും പണക്കാരുടെയും അഴിമതിക്കാരുടെയും കാവല്‍ക്കാരനാണെന്നും മമത ആരോപിച്ചു.

പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്നാണ് നരേന്ദ്ര മോദിക്ക് അറിയേണ്ടത്. തങ്ങളുടെ നേതാവിനെക്കുറിച്ച് മോദി ആശങ്കപ്പെടേണ്ടതില്ല. രാജ്യത്തെ നയിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അറിയാം. മോദി ഭരണത്തില്‍ വന്നതിനു ശേഷം നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അധികാരത്തിലേറിയതിനു ശേഷം ഒരു വാര്‍ത്താസമ്മേളനം പോലും പ്രധാനമന്ത്രി അഭിമുഖീകരിച്ചിട്ടില്ല. എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് ഒരു ചര്‍ച്ച നടത്തികൂടാ? വിദേശത്ത് ആകാമെങ്കില്‍ ഇന്ത്യയിലും അതാകാം. നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് താന്‍ തയാറാണെന്നും മമത വ്യക്തമാക്കി.

ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് ടിഡിപി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി.

Top