മോദിയുടെ ആദ്യ ലക്ഷ്യം മമത സർക്കാർ, സി.ബി.ഐ സംഘം ഇനി പിടിമുറുക്കും ! !

വീണ്ടും അധികാരം ഏറ്റെടുക്കുന്ന നരേന്ദ്ര മോദിയുടെ ആദ്യ അജണ്ട ഓപ്പറേഷന്‍ ബംഗാള്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റിന്റെ അട്ടിമറി വിജയം ബംഗാളില്‍ നേടിയ ബി.ജെ.പി ഇനി ലക്ഷ്യമിടുന്നത് സംസ്ഥാന ഭരണമാണ്. 2021 ല്‍ ആണ് ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

മമത സര്‍ക്കാരിന്റെ കീഴില്‍ എന്തായാലും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി തയ്യാറാകില്ല. അതിന് മുന്‍പ് തന്നെ പിരിച്ചുവിടാനാണ് സാധ്യത. ഇതിനാവശ്യമായ ‘ഭൗതിക’ സാഹചര്യം ഒരുക്കാന്‍ ബംഗാള്‍ ഘടകത്തോട് ബി.ജെ.പി ദേശീയ നേത്യത്വം ആവശ്യപ്പെട്ടു കഴിഞ്ഞു.

തെരെഞ്ഞെടുപ്പ് കാലത്തടക്കം ബംഗാളില്‍ നടന്ന ആക്രമണങ്ങളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ ബിജെപി സമീപിക്കുമെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമല്ലാതെ സി.ബി.ഐ അന്വേഷണം നടത്താന്‍ കഴിയില്ല എന്നതിനാലാണ് ഇത്തരമൊരു നീക്കം.

തെരെഞ്ഞെടുപ്പ് കമ്മിഷനില്‍ സമ്മര്‍ദ്ദം ചെലുത്തി സിബിഐ അന്വേഷണത്തിന് കളമൊരുക്കാനും ബി.ജെ.പിക്ക് ആലോചനയുണ്ട്.

ഇതോടൊപ്പം തന്നെ ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം സി.ബി.ഐ വേഗത്തിലാക്കും. ഇതിന്റെ ഭാഗമായി കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ഉടന്‍ ചോദ്യം ചെയ്യും. ഈ കേസിലെ തെളിവുകള്‍ മമത ബാനര്‍ജിയുടെ ഈ വിശ്വസ്തന്‍ നശിപ്പിച്ചതായാണ് സി.ബി.ഐ ആരോപിക്കുന്നത്.

രാജീവ് കുമാറിന്റെ മൊഴിയില്‍ മമതക്ക് എതിരായ പരാമര്‍ശം ഉണ്ടായാല്‍ മമതയും കുരുക്കിലാകും. തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇടപെട്ട് നടത്തിയ ശാരദ ചിട്ടി തട്ടിപ്പ് കേസ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ ഗുണമാണ് ചെയ്തിരുന്നത്.

വന്‍ തുക മടക്കിക്കൊടുക്കുമെന്ന് വിശ്വസിപ്പിച്ച് സാധാരണക്കാരില്‍ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് 2014 ല്‍ രജിസ്റ്റര്‍ ചെയ്ത ശാരദാ ചിട്ടിതട്ടിപ്പ് കേസ്. സമൂഹത്തിലെ പ്രമുഖര്‍ ഉള്‍പ്പെട്ട 200 ഓളം കമ്പനികളുടെ കണ്‍സോഷ്യമായിരുന്നു ചിട്ടി കമ്പനിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.

അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചിരുന്നത്.

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍ . സുപ്രീം കോടതി തന്നെ നിര്‍ദ്ദശിച്ച് കേസ് സിബിഐ ഏറ്റെടുത്തപ്പോള്‍ കേസ് ഡയറിയും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്നാണ് സി.ബി.ഐ വാദം.

ഇതെ തുടര്‍ന്ന് കമ്മീഷണര്‍ രാജീവ് കുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡിന് ശ്രമിച്ചിരുന്നെങ്കിലും കൊല്‍ക്കത്ത പൊലീസ് അന്വേഷണ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ നടപടിക്കുള്ള തിരിച്ചടിക്കൊരുങ്ങുകയാണിപ്പോള്‍ സി.ബിഐ. ഇനിയും മമത ഭരണകൂടം രാജീവ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും.

മോദി വീണ്ടും അധികാരമേല്‍ക്കുന്നതോടെ സി.ബി.ഐ നീക്കത്തിന് വേഗതയേറും.എത്രയും പെട്ടന്ന് മമത ഭരണകൂടത്തെ ബംഗാളില്‍ നിന്നും പുറത്താക്കണമെന്ന കാര്യത്തില്‍ വലിയ വികാരമാണ് ബി.ജെ.പിയില്‍ ഉള്ളത്

മോദിയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞതും അമിത് ഷായുടെ റോഡ് ഷോക്ക് നേരെ നടന്ന ആക്രമണവും ബി.ജെ.പിയെ ഏറെ പ്രകോപിപ്പിച്ച സംഭവങ്ങളാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പലവട്ടം നിലത്തിറങ്ങാതെ പറത്തിച്ച നടപടിയും കാവി പടയെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഇനി മമതയെ എത്രയും പെട്ടന്ന് തെറിപ്പിക്കണമെന്നതാണ് ബംഗാളിലെ ബി.ജെ.പി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. വര്‍ഗ്ഗീയമായി ബംഗാളിലെ ജനത രണ്ട് ചേരിയിലായി തിരഞ്ഞ കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പില്‍ ദൃശ്യമായത്. ന്യൂനപക്ഷ വിഭാഗം മമതയെ പിന്തുണച്ചപ്പോള്‍, ഭൂരപക്ഷ വോട്ടില്‍ തൃണമൂലിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.

ഇതാണ് 18 സീറ്റിന്റെ വലിയ വിജയം നേടാന്‍ ബി.ജെ.പിക്ക് അവസരം ഒരുക്കിയത്. തൃണമൂലിന് 34ല്‍ നിന്നും 22 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇടതുപക്ഷം പൂര്‍ണ്ണമായും വാഷ് ഔട്ടായി. കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും ദയനീയമാണ്.

അമിത് ഷായുടെ തന്ത്രങ്ങളും മോദിയുടെ പ്രചരണവും ആണ് ചരിത്ര വിജയം ബി.ജെ.പിക്ക് ബംഗാളില്‍ സാധ്യമാക്കിയത്. 2014ല്‍ മോദി അധികാരത്തില്‍ വന്നശേഷം ചിട്ടയായി ബി.ജെ.പി നടത്തിയ പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിന് കാരണമായത്.മുകള്‍ റോയ് ഉള്‍പ്പെടെ ഉള്ളവരെ മമത പക്ഷത്ത് നിന്നും അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമായി.

തൃണമൂല്‍ ഗുണ്ടകളുടെ അടികൊണ്ട് സഹികെട്ട ഇടതുപക്ഷ അനുഭാവികളില്‍ ഒരു വിഭാഗവും കാവി പാളയത്തിലെത്തി. ഇത് അസാധാരണമായ സംഭവമായിരുന്നു. ഇക്കാര്യത്തില്‍ ഒരു മുന്നറിയിപ്പ് പ്രകാശ് കാരാട്ട് തന്നെ നേരത്തെ തുറന്നു പറഞ്ഞിരുന്നു. കാരാട്ടിന്റെ ഭയം ശരിയായെന്ന് തെളിയിക്കുന്നതാണ് ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം.

സിപിഎമ്മിന് ലഭിച്ച വോട്ടിംങ് ശതമാനവും നാണം കൊടുത്തുന്നതാണ്. ഇനി ഒരു തിരിച്ചുവരവ് ചുവപ്പിനെ സംബന്ധിച്ച് പ്രയാസകരമാകും.

സംസ്ഥാന ഭരണം പിടിക്കാന്‍ കഴിയുമെന്ന വലിയ ആത്മവിശ്വാസമാണ് ഈ വിജയം ബി.ജെ.പിക്ക് ഉണ്ടാക്കിയിരിക്കുന്നത്.ബംഗാളിന് കേന്ദ്ര മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിത്യം മോദി കൊടുക്കുമെന്ന കാര്യവും ഉറപ്പാണ്. ഈ കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യം തന്നെ മമതയുടെ ഉറക്കം കെടുത്തുന്നതാകും

Top