അതിഥികള്‍ക്ക് രസഗുളകളും സമ്മാനങ്ങളും നല്‍കും വോട്ട് നല്‍കില്ല: മോദിക്കു മറുപടിയുമായി മമത

mamatha

കൊല്‍ക്കത്ത: മമത ദീദി തനിക്ക് വര്‍ഷം തോറും കുര്‍ത്തകളും മധുരപലഹാരങ്ങളും അയയ്ക്കാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രസഗുളയും പലഹാരങ്ങളും സമ്മാനങ്ങളും നല്‍കും പക്ഷെ വോട്ടു നല്‍കില്ലെന്നാണ് മമത മോദിക്ക് മറുപടിയായി പറഞ്ഞത്.

‘ഞങ്ങള്‍ അതിഥികളെ രസഗുളകളും സമ്മാനങ്ങളും നല്‍കി സ്വീകരിക്കും, അത് ബംഗാളിന്റെ സംസ്‌കാരമാണ്, പക്ഷെ ഒരൊറ്റ വോട്ടുപോലും നല്‍കില്ല’ മോദിയുടെ പേര് പരാമര്‍ശിക്കാതെ മമത പറഞ്ഞു. ഹൂഗ്ലി ജില്ലയിലെ സെറാംപൂരില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലാണ് ഭരണപക്ഷത്തിന് വോട്ടു നല്‍കുന്ന സാധ്യതകള്‍ ഇല്ലാതാക്കിക്കൊണ്ടുള്ള മമതയുടെ പ്രതികരണം.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് രാഷ്ട്രീയത്തില്‍ ശത്രുക്കളാണെങ്കിലും മമതയുമായി മികച്ച സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന വിവരം പങ്കുവച്ചത്. എല്ലാ ശത്രുതയും മറന്ന് ദീദി വര്‍ഷം തോറും കുര്‍ത്തകള്‍ അയയ്ക്കാറുണ്ടെന്നും മധുരപലഹാരങ്ങളോട് ഇഷ്ടമുണ്ടെന്ന് അറിഞ്ഞ് പ്രത്യേകം ബംഗാളി മധുരപലഹാരങ്ങള്‍ അയയ്ക്കാറുണ്ടെന്നും മോദി പറഞ്ഞത്.

Top