വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5ലക്ഷം രൂപ നഷ്ടപരിഹാരം: മമത ബാനര്‍ജി

കൊല്‍ക്കത്ത: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചൊവ്വാഴ്ചയാണ് മമത ബാനര്‍ജിയുടെ നിര്‍ണായക പ്രഖ്യാപനമെത്തുന്നത്. മാസം തോറും 12000 രൂപ ശമ്പളത്തിലാണ് കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക. പുരുലിയയില്‍ നടന്ന ഒരു പൊതു ചടങ്ങിലാണ് മമത ബാനര്‍ജിയുടെ പ്രഖ്യാപനം എത്തുന്നത്.

വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി ഉറ്റ ബന്ധുക്കള്‍ നഷ്ടമായ 738 പേരുടെ അപേക്ഷയാണ് നിലവില്‍ സര്‍ക്കാരിന് മുന്നിലുള്ളതെന്നും ഇവര്‍ക്കായി ആയിരം തസ്തികകള്‍ സൃഷ്ടിക്കുമെന്നും മമത ബാനര്‍ജി വിശദമാക്കി. നെല്ല് സംഭരണത്തിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നയവും പരിപാടിയില്‍ മമത വ്യക്തമാക്കി. കര്‍ഷകരുടെ വീടുകള്‍ തോറും എത്തി നെല്ല് സംഭരിക്കും. സംസ്ഥാന ഭക്ഷ്യ വകുപ്പ് ഇഉദ്യോഗസ്ഥരെത്തി നെല്ല് അളന്ന് വാങ്ങും. സര്‍ക്കാര്‍ സൌജന്യ റേഷനായി നല്‍കുന്ന അരി സംസ്ഥാനത്തെ കര്‍ഷകര്‍ കൃഷി ചെയ്യുന്നത് ആക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ കുടിശിക പണം കേന്ദ്രം ഏപ്രില്‍ 1നകം നല്‍കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. ഈ പണം ലഭിക്കുമോയെന്ന് ഏപ്രില്‍ ഒന്ന് വരെ കാക്കുമെന്നും ലഭിക്കാത്ത പക്ഷം സംസ്ഥാന സര്‍ക്കാര്‍ 11 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്നും മമത ബാനര്‍ജി പ്രതികരിച്ചു. കേന്ദ്രത്തോട് യാചിക്കാനില്ലെന്നാണ് മമത ബാനര്‍ജി വിശദമാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്ര കുടിശിക ലഭ്യമായില്ലെന്നും മമത ബാനര്‍ജി വിശദമാക്കി.

Top