മമത ബാനര്‍ജിയുടെ കൊല്‍ക്കത്തയിലെ പ്രചരണ റാലികള്‍ റദ്ദാക്കി

കൊല്‍ക്കത്ത: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന മൂന്ന് ഘട്ടങ്ങള്‍ക്കായുള്ള കൊല്‍ക്കത്തയിലെ തൃണമുല്‍ കോണ്‍ഗ്രസിന്റെ പ്രചരണ റാലികള്‍ റദ്ദാക്കി. മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ മമതാ ബാനര്‍ജിയാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്.

മറ്റ് ജില്ലകളിലെ മമത പങ്കെടുക്കുന്ന പ്രചരണ റാലികള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ പൊതുപരിപാടികളുടെ ദൈര്‍ഘ്യം പരമാവധി 30 മിനിറ്റായി നിജപ്പെടുത്തിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ മമത ബാനര്‍ജി പങ്കെടുക്കില്ലെന്നും പ്രചാരണത്തിന്റെ അവസാന ദിവസമായ ഏപ്രില്‍ ഇരുപത്തിയാറിന് നടക്കുന്ന പരിപാടിയില്‍ സൂചകാത്മകമായി മാത്രം അവര്‍ പങ്കെടുക്കുമെന്നും ടിഎംസി എംപി ഡെറക് ഒ ബ്രയാന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Top