ഹൈദരാബാദിലെ പാര്‍ട്ടിക്ക് തീവ്രവാദം; മുസ്ലീം വോട്ടുകളെ ലക്ഷ്യമിട്ട് മമത

ഹൈദരാബാദില്‍ നിന്നുള്ള ഒരു പാര്‍ട്ടി മുസ്ലീങ്ങള്‍ക്കിടയില്‍ തീവ്രവാദം വളര്‍ത്തുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭയവും, രോഷവും മൂലമാണ് ദീദി ഈ പ്രസ്താവന നടത്തിയതെന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി തിരിച്ചടിച്ചു.

‘ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദം പുറത്തുവരികയാണ്. ഹിന്ദുക്കള്‍ക്കിടയില്‍ ഉള്ളത് പോലെ തന്നെയാണിത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ട്, ഹൈജരാബാദില്‍ നിന്നുള്ള ഇവര്‍ ബിജെപിയില്‍ നിന്നും പണം വാങ്ങുന്നവരാണ്, അല്ലാതെ പശ്ചിമ ബംഗാളുകാരല്ല’, കൂച്ച് ബിഹാറില്‍ റാലിയില്‍ സംസാരിക്കവെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദ് ഉള്‍ മുസ്ലീമിന്‍ എന്ന ഹൈദരാബാദ് പാര്‍ട്ടിക്കെതിരെ ദീദി ഈ ആരോപണം ഉന്നയിച്ചത്.

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം പശ്ചിമ ബംഗാളിലെ ചൂടേറിയ വിഷയമാണ്. എന്നാല്‍ ദീദിയുടെ ആരോപണങ്ങള്‍ക്ക് ഒവൈസി ട്വിറ്ററില്‍ മറുപടി കുറിച്ചു. ‘ഇത്തരം ആരോപണങ്ങളിലൂടെ ബംഗാളിലെ മുസ്ലീങ്ങള്‍ക്ക് ഒവൈസി പാര്‍ട്ടി സംസ്ഥാനത്ത് ശക്തിയാര്‍ജ്ജിക്കുകയാണെന്ന സന്ദേശമാണ് നല്‍കുന്നത്. മമതാ ബാനര്‍ജി അവരുടെ ഭയവും, രോഷവുമാണ് പ്രകടമാക്കുന്നത്’, ഒവൈസി വ്യക്തമാക്കി.

ഹൈദരാബാദില്‍ നിന്നുള്ള വിരലില്‍ എണ്ണാവുന്നവരെ കുറിച്ച് ആശങ്കപ്പെടുന്ന ദീദി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി 18 സീറ്റ് എങ്ങിനെ നേടിയെന്ന് വ്യക്തമാക്കണം, ഒവൈസി ആവശ്യപ്പെട്ടു. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈദരാബാദ് പാര്‍ട്ടി എത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ബംഗ്ലാദേശികളുടെ അനധികൃത കുടിയേറ്റം വിഷയമാക്കി ബിജെപി ഉയര്‍ത്തുന്ന പ്രതിഷേധം വോട്ടുകള്‍ കരസ്ഥമാക്കുമെന്ന തലവേദനയ്ക്കിടെ മുസ്ലീം വോട്ടുകള്‍ പെട്ടിയിലാക്കാനാണ് ദീദിയുടെ നീക്കങ്ങളെന്നാണ് കരുതുന്നത്.

Top