തപസ് പ്രതികാര രാഷ്ട്രീയത്തിന്റെ ഇര; കേന്ദ്രത്തെ കുറ്റപ്പെടുത്തി മമത

കൊല്‍ക്കത്ത: ബംഗാളി നടനും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയുമായ തപസ് പാലിന്റെ മരണത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു മനുഷ്യനെ എങ്ങനെ മാനസികമായി നശിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് തപസിന്റെ മരണമെന്ന് മമത കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ പ്രതികാര രാഷ്ട്രീയം അപലപനീയമാണെന്നും മമത ആരോപിച്ചു.

‘ ഇത് രാഷ്ട്രീയമാണെന്ന് പറഞ്ഞാലും ചിലത് പറയാന്‍ ഞാന്‍ നിര്‍ബന്ധിതയാണ്. ഒരു മനുഷ്യനെ എങ്ങനെ മാനസികമായി നശിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് തപസിന്റെ മരണം. അവര്‍ അദ്ദേഹത്തെ പീഡിപ്പിച്ചു. തകര്‍ന്നുപോയ അദ്ദേഹം ഒരിക്കലും ചെയ്ത കുറ്റമെന്താണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഒന്നാംനിര താരമായ അദ്ദേഹത്തെ ഒരു വര്‍ഷം ജയിലിലടച്ചു.’ – മമത പറഞ്ഞു.

കേന്ദ്രത്തിന്റെ പ്രതികാര രാഷ്ട്രീയം മൂലം താന്‍ മൂന്ന് മരണങ്ങള്‍ കണ്ടിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. തപസ് പാലിന് പുറമേ തൃണമൂല്‍ എംപിയായ സുല്‍ത്താന്‍ അഹമ്മദ്, മറ്റൊരു നേതാവായ പ്രസൂണ്‍ ബാനര്‍ജി എന്നിവരാണ് ആ മറ്റ് രണ്ട് പേര്‍. നാരദ തട്ടിപ്പില്‍ ആരോപണ വിധേയനായ സുല്‍ത്താന്‍ അഹമ്മദ് ഹൃദയാഘാതത്തെ തുടര്‍ന്ന് 2017ലാണ് മരിച്ചത്.

ഇന്നലെ മുംബൈയില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് 61-കാരനായ തപസ് പാല്‍ മരിച്ചത്.ബംഗാളില്‍ നിരവധി നേതാക്കള്‍ ഉള്‍പ്പെട്ട ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് തപസ് പാല്‍ അന്വേഷണം നേരിട്ടിരുന്നു.

2016 ഡിസംബറില്‍ റോസ് വാലി ചിറ്റ് ഫണ്ട് അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 13 മാസത്തിനുശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. പിന്നീട് അദ്ദേഹം സിനിമയില്‍ അഭിനയിച്ചിരുന്നില്ല.

കൃഷ്ണനഗറില്‍നിന്നു രണ്ടു തവണ പാര്‍ലമെന്റിലേക്കും അലിപോറില്‍നിന്ന് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Top