ദാദയ്‌ക്കെതിരെ ദീദി; ബി.സി.സി.ഐ നടപടിക്കെതിരെ അതൃപ്തിയറിയിച്ച് മമതാ

കൊല്‍ക്കത്ത: ബി.സി.സി.ഐ നടപടിയില്‍ അതൃപ്തിയറിയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അതൃപ്തിയറിയിച്ചത്.

സൗരവ് ഗാംഗുലിയുടെ നടപടിയെ ആണ് മമത വിമര്‍ശിച്ചത്. ഏകദിനം ഉപേക്ഷിച്ച തീരുമാനം എടുക്കുന്നതിന് മുമ്പ് സര്‍ക്കാരിനെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കാത്തതിനെയാണ് മമതാ വിമര്‍ശിച്ചത്. അതേസമയം മത്സരം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള അറിയിപ്പുകളൊന്നും തന്നെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചില്ലെന്നും മമത പറഞ്ഞു.

ഈഡന്‍ ഗാര്‍ഡന്‍സില്‍ മാര്‍ച്ച് 18-ന് നടക്കേണ്ടിയിരുന്ന മത്സരത്തിന് മുന്നോടിയായി എല്ലാ മുന്നൊരുക്കങ്ങളും കൊല്‍ക്കത്ത പൊലീസ് നടത്തിയിരുന്നെന്നും മത്സരം ഉപേക്ഷിക്കുന്നതിന് മുമ്പ് അക്കാര്യം പൊലീസുമായി ചര്‍ച്ച ചെയ്യാന്‍ പോലും ബി.സി.സി.ഐ തയ്യാറായില്ലെന്നുമാണ് മമതാ വ്യക്തമാക്കിയത്.

മാത്രമല്ല ഈ വിവരം ചീഫ് സെക്രട്ടറിയേയോ ആഭ്യന്തര സെക്രട്ടറിയേയോ പൊലീസ് കമ്മീഷണറേയോ അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെ ആരെയെങ്കിലും അറിയിക്കേണ്ട ബാധ്യത ബി.സി.സി.ഐക്കുണ്ട്. എന്നാല്‍ അത് ചെയ്തില്ലെന്നാണ് മമത പറഞ്ഞത്.

Top