അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ മമത ബാനര്‍ജി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പ്രതിനിധികളെ ചടങ്ങിലേക്ക് അയക്കേണ്ടതില്ലെന്നും മമത തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചടങ്ങ് ബഹിഷ്‌കരിക്കാനാണ് സാധ്യത. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ ആയുധമായി രാമക്ഷേത്ര ഉദ്ഘാടനം ഉയര്‍ത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ടിഎംസിയുടെ വിലയിരുത്തല്‍. കൂടാതെ മതപരമായ ചടങ്ങിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം.

നേരത്തെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. മതപരമായ ചടങ്ങിനെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയാക്കി മാറ്റിയ ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച യെച്ചൂരി, മതം ഒരു വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും അതിനെ രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമാക്കി മാറ്റരുതെന്നും പറഞ്ഞിരുന്നു.

Top