ദേശസ്‌നേഹം വളര്‍ത്തുന്ന പരിപാടികള്‍ സ്‌കൂളുകളില്‍ നടപ്പിലാക്കില്ലെന്ന് മമത

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശസ്‌നേഹം വളര്‍ത്തുന്ന പരിപാടികള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളി മമതാ സര്‍ക്കാര്‍.

പ്രധാനമന്ത്രിയുടെ നവഭാരത സങ്കല്‍പ്പ സാക്ഷാത്കാരം എന്ന രീതിയിലുള്ള ആഘോഷ പരിപാടികള്‍ സ്‌കൂളുകളില്‍ നടത്തുക എന്ന നിര്‍ദേശമാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിരാകരിച്ചത്.

ഇത് നടപ്പിലാക്കേണ്ടെന്ന് കാണിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സര്‍ക്കുലറിറക്കി. ഇതിനെത്തുടര്‍ന്ന്, കേന്ദ്ര നിര്‍ദേശ പ്രകാരം സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്താന്‍ സാധിക്കില്ലെന്നാണ് ബംഗാള്‍ സര്‍വ്വ ശിക്ഷാ പദ്ധതി ഡയറക്ടര്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കിയത്.

എന്നാല്‍ ബംഗാള്‍ സര്‍ക്കാരിന്റെ പ്രതികരണം ദൗര്‍ഭാഗ്യകരമായിപ്പോയെന്നാണ് കേന്ദ്രം പ്രതികരിച്ചത്.

ബംഗാള്‍ സര്‍ക്കാരിന്റെ പത്രികയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വിചിത്രവും നിര്‍ഭാഗ്യകരവുമാണെന്നും. കേന്ദ്ര സര്‍ക്കാരിന്റേത് രാഷ്ട്രീയ അജണ്ടയല്ല, മറിച്ച് ഒരു മതേതര അജണ്ടയാണ് ഉദ്ദേശിക്കുന്നതെന്നുമാണ് മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ വ്യക്തമാക്കിയത്.

Top