രോഗി മരിച്ചതിന് ശേഷം ഡോക്ടര്‍ വന്നതുപോലെ; അമിത് ഷായെ പരിഹസിച്ച് മമത

ന്യൂഡല്‍ഹി: ഗോലി മാരോ മുദ്രാവാക്യത്തെ വിമര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രോഗി മരിച്ചതിന് ശേഷം ഡോക്ടര്‍ വന്നതുപോലെയാണ് അമിത് ഷായുടെ വിമര്‍ശനമെന്നാണ് മമതയുടെ പരിഹാസം. ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ സംസ്ഥാന നിയമസഭയില്‍ ഗവര്‍ണര്‍ അഭിസംബോധന ചെയ്ത പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു മമതയുടെ പ്രതികരണം.

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വെടിവെക്കൂ, പാകിസ്ഥാനിലേക്ക് പോകൂ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍, വിവിധ വിഷയങ്ങളില്‍ ബിജെപി നേതാക്കള്‍ നടത്തിയിരുന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളാകാം ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയായതെന്നും മമത പറഞ്ഞു.

ബംഗാളില്‍ സ്ത്രീ സംരക്ഷണത്തിനായുള്ള നിയമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പൊലീസ് ഉടന്‍ പരാതികള്‍ ഫയലില്‍ സ്വീകരിക്കുന്നുണ്ട് എന്നാല്‍, ഉത്തര്‍പ്രദേശിലോ? അവിടെ ഇരകളെ ജീവനോടെ ചുട്ടുകൊല്ലുകയും അവരുടെ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും മമത ആഞ്ഞടിച്ചു.

Top