പൗരത്വ നിയമ ഭേദഗതി; എല്ലാ മുഖ്യമന്ത്രിമാരും പ്രമേയം പാസാക്കണം, ആവര്‍ത്തിച്ച് ദീദി

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ച് വീണ്ടും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാ സംസ്ഥാനങ്ങളും പുതിയ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്നാണ് ദീദിയുടെ ആവശ്യം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പഠിക്കണം എന്നും മമത അഭിപ്രായപ്പെട്ടു.

രാജ്യത്ത് എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണ് ഇതെന്നും എല്ലാവരും കേന്ദ്രസര്‍ക്കാരിന്റെ ഭീഷണിക്കെതിരെ രംഗത്ത് വരണമെന്നും മമത നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മമത കത്തും അയച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നാണ് മമത കത്തില്‍ ആവശ്യപ്പെട്ടത്.

”ആശങ്കകളാണ് ഞാന്‍ ഈ കത്തില്‍ പങ്കുവെക്കുന്നത്. പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍നീക്കം നടത്തുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും
തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും വളരെയേറെ ആശങ്കാകുലരാണ്. ഈ സാഹചര്യത്തെ വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. നമ്മള് എന്നത്തേക്കാളും ഒരുമിച്ച് നില്‍ക്കേണ്ടസമയമാണിത്.” മമത കത്തില്‍ വിശദീകരിച്ചിരുന്നു.

അതേസമയം വാചക കസറത്ത് കൊണ്ട് മാധ്യമശ്രദ്ധ പിടിക്കാന്‍ ശ്രമിക്കുന്ന ദീദിക്ക് ഒരു പാരയായാണ് പിണറായി മാറിയിരിക്കുന്നത്. എല്ലാവരും പ്രമേയം പാസാക്കണമെന്ന് മമത പലവട്ടം ആവര്‍ത്തിച്ചെങ്കിലും അത് നടപ്പാക്കാനുള്ള ധൈര്യം ‘ ബംഗാള്‍ സിംഹ’ത്തിനില്ല. എന്നാല്‍ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് മമതയ്ക്ക് പോലും ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കാന്‍ പിണറായിക്ക് സാധിച്ചു.

Top