മമതാ ബാനര്‍ജി ബംഗാളിലെ വികസനത്തിന്റെ സ്പീഡ് ബ്രേക്കര്‍; വിമര്‍ശനവുമായി മോദി

സിലുഗുരി: മമതാ ബാനര്‍ജിയെ ബംഗാളിലെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറെന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് പൊതു സമ്മേളനത്തില്‍ സംസാരിക്കവേയാണ് മമതയ്‌ക്കെതിരെ പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചത്.

‘ബംഗാളിലെ വികസനത്തിന് ഒരു സ്പീഡ് ബ്രേക്കര്‍ ഉണ്ട്. അവരെ നിങ്ങളറിയും, അവരുടെ പേര് ദീദി (മമത ബാനര്‍ജി) എന്നാണ്. ഈ ദീദിയാണ് നിങ്ങളുടെ വികസനത്തിനെ മന്ദീഭവിപ്പിക്കുന്നത്’- സിലിഗുഡിയില്‍ പ്രസംഗിക്കവേ മോദി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ തനിക്ക് ചെയ്യാന്‍ സാധിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പശ്ചിമംഗാളില്‍ കൊണ്ടുവരാന്‍ കഴിയാതിരുന്നത് മമത കാരണമാണെന്നും മോദി കുറ്റപ്പെടുത്തി.

ബംഗാളില്‍ ആയുഷ്മാന്‍ ഭാരതിന്റെ നടത്തിപ്പിനും മമത എതിര് നിന്നെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പാവപ്പെട്ട ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം വരെയുള്ള ആശുപത്രി ചിലവ് സൗജന്യമായി ലഭ്യമാകുന്ന ആരോഗ്യ പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. പാവങ്ങള്‍ക്ക് പ്രയോജനപ്രദമായ ഈ പദ്ധതിയ്ക്ക് തടസ്സംനില്‍ക്കുകയാണ് മമത ചെയ്യുന്നതെന്നും അവരെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നും മോദി പറഞ്ഞു.

Top