തൃണമൂൽ കോൺഗ്രസിൽ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്;അടിയന്തര യോഗം വിളിച്ച് മമത

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിൽ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്. തൃണമൂൽ മൈനോറിറ്റി സെൽ ജനറൽ സെക്രട്ടറി കബീറുൾ ഇസ്ളാമും രാജിവെച്ചു. സിൽബദ്ര ദത്ത എംഎൽഎയ്ക്ക് പിന്നാലെയാണ് കബീറുൾ ഇസ്ളാമും രാജിവെച്ചിരിക്കുന്നത്. പാർട്ടിയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ മമത ബാനര്‍ജി അടിയന്തിര യോഗം വിളിച്ചതിന് പിന്നാലെയാണ് രാജി. രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് എംഎൽഎമാരാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. കൂടുതൽ രാജിക്ക് സാധ്യതയുണ്ട്.

 

പശ്ചിമബംഗാളിൽ ബിജെപി പിടിമുറുക്കുകയാണ്. പത്തോളം എംഎൽഎമാർ തൃണമൂലിൽ നിന്ന് രാജിവയ്ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ഇവരെ പിടിച്ചുനിർത്തുക നിലവിൽ മമതയ്ക്കു മുന്നിൽ വലിയ വെല്ലുവിളിയാണ്. അടുത്ത ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ സന്ദർശിക്കാനിരിക്കെയാണ് പ്രമുഖ നേതാക്കളുടെ പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് എന്നത് ശ്രദ്ധേയമാണ്. അമിത്ഷാ നാളെ മിഡ്നാപ്പൂരിൽ നടത്തുന്ന റാലിയിൽ നിരവധി തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്നും സൂചനയുണ്ട്. അതിനിടെ ബിജെപി നേതാക്കൾക്കെതിരെ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ സ്വതന്ത്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ പശ്ചിമബംഗാൾ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകി. ആറ് ബിജെപി നേതാക്കൾ നൽകിയ ഹർജിയിലാണ് നോട്ടീസ്. കേസുകളിൽ ഉടൻ നടപടി പാടില്ലെന്ന് സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകി.

Top