ഭവാനിപ്പൂര്‍ സീറ്റില്‍ വീണ്ടും ജനവിധി തേടാന്‍ മമത

കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പിനൊരുങ്ങി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുന്‍കാലങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചു വന്ന ഭവാനിപ്പൂര്‍ സീറ്റിലാവും മമത വീണ്ടും ജനവിധി തേടുക. ഈ സീറ്റില്‍ നിന്നും വിജയിച്ച് മന്ത്രിയായ സൊവന്‍ ദേബ് ചാറ്റര്‍ജി മമതയ്ക്ക് വേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ചു.

മമത നന്ദിഗ്രാമിലേക്ക് മാറിയതിനെ തുടര്‍ന്ന് വിശ്വസ്തനായ സൊവന്‍ ദേബ് ചാറ്റര്‍ജിയെ ഭവാനിപ്പൂരില്‍ മത്സരിപ്പിച്ചിരുന്നു. 57 ശതമാനം വോട്ടുകള്‍ നേടി സൊവന്‍ ദേബ് അവിടെ വന്‍വിജയം കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയെ സുരക്ഷിതമായ സീറ്റില്‍ നിര്‍ത്തി വിജയിപ്പിക്കേണ്ടത് ആവശ്യമായി വന്നതോടെയാണ് സൊവന്‍ ദേബ് ചാറ്റര്‍ജി രാജിവച്ചൊഴിഞ്ഞത്. എംഎല്‍എ സ്ഥാനമൊഴിഞ്ഞെങ്കിലും അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരും എന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

 

Top