പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍, ആദ്യം സിഎഎ പിന്‍വലിക്കൂ; മമതാ ബാനര്‍ജി

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി മാറിയതിന് പിന്നാലെ വിവാദ നിയമത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാല്‍ ഇതിന് മുന്‍പ് നിയമം പിന്‍വലിക്കണമെന്നും മമത ആവശ്യപ്പെട്ടു.

‘സിഎഎയില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. പക്ഷെ നിയമം ആദ്യം കേന്ദ്രം പിന്‍വലിക്കണം’, കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ അവര്‍ പറഞ്ഞു. ബംഗാളില്‍ പൗരത്വ നിയമത്തിന് എതിരായുള്ള പ്രതിഷേധങ്ങളെ മുന്നില്‍ നിന്ന് നയിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി. കേന്ദ്രത്തിന്റെ നിയമങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവിരുദ്ധരാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ തൃണമൂല്‍ മാത്രമല്ല പ്രതിഷേധത്തിലുള്ളത്. പ്രതിപക്ഷമായ കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളും, വിദ്യാര്‍ത്ഥികളും മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ പൗരത്വം അനുവദിക്കുന്ന നിയമത്തിന് എതിരെ രംഗത്തുണ്ട്. ചെറിയ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെയ്ക്കാന്‍ സിപിഎമ്മിനോടും, കോണ്‍ഗ്രസിനോടും അവര്‍ ആവശ്യപ്പെട്ടു.

ഒരുമിച്ച് നിന്ന് കേന്ദ്രത്തിലുള്ള ബിജെപിക്കെതിരെ പോരാടാനും ഇവര്‍ ആഹ്വാനം ചെയ്തു. ദേശീയ പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ യുഎന്‍ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി വിവാദത്തിലും ചാടിയിരുന്നു.

Top