കലാപത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ‘ഇന്ത്യ’ വരുന്നുവെന്ന് മമത ബാനര്‍ജി

ബാംഗ്ലൂര്‍: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഒറ്റക്കെട്ടായി ‘ഇന്ത്യ’. ബാംഗ്ലൂരുവില്‍ ചൊവ്വാഴ്ച ചേര്‍ന്ന 26 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വിശാല സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിടാന്‍ തീരുമാനമായി. ‘ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്’ എന്നാണ് പൂര്‍ണ രൂപം. അടുത്ത പ്രതിപക്ഷ നേതൃയോഗം മുംബൈയില്‍ ചേരാനും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായി. 26 പാര്‍ട്ടികളുടെയും നേതാക്കള്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു.

നാശത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കലാപത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍, ‘ഇന്ത്യ’ വരുന്നുവെന്ന് മമത ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയെ വെല്ലുവിളിക്കാന്‍ ധൈര്യമുണ്ടോ എന്ന് ചോദിച്ച് മമത എന്‍ഡിഎയെ വെല്ലുവിളിക്കുന്നുവെന്നും രാജ്യത്തെ രക്ഷിക്കാന്‍ ‘ഇന്ത്യ’യെ വിളിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ജയിക്കുമെന്നും ബിജെപി നശിക്കുമെന്നും പറഞ്ഞ മമത, ‘ഇന്ത്യ’ ജയിച്ചാല്‍ ജനാധിപത്യം ജയിക്കുമെന്നും പറഞ്ഞു. ഇത് രാജ്യത്തിന്റെ ശബ്ദം തിരിച്ച് പിടിക്കാനുള്ള സഖ്യമാണെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനാലാണ് സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടത്. ഇത് മോദിയും ‘ഇന്ത്യ’യും തമ്മിലുള്ള പോരാട്ടമാണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. എല്ലാം വിറ്റ് തുലയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചു. ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഉറപ്പ് നല്‍കാന്‍ വന്നതാണെന്ന് ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

11 നേതാക്കളടങ്ങിയ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമായതായി മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ആരെല്ലാം വേണമെന്ന കാര്യം അടുത്ത മുംബൈ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അഭിപ്രായവ്യത്യാസങ്ങളെല്ലാം തല്‍ക്കാലം മാറ്റി വയ്ക്കുന്നുവെന്നും ഖര്‍ഗെ പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തും ഭരണഘടനയെ അട്ടിമറിച്ചുമാണ് ബിജെപി ഭരണം തുടരുന്നത്. ജനാധിപത്യം സംരക്ഷിക്കാനാണ് അഭിപ്രായഭിന്നതകള്‍ മാറ്റി വച്ച് ഒന്നിച്ചതെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പങ്കെടുത്ത നേതാക്കളില്‍ പലരും ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചുവെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ അറിയിച്ചു.

Top