സിപിഎം ‘ഭീകരരുടെ പാര്‍ട്ടി’; അവരോട് സഖ്യത്തിനില്ല: മമത ബാനര്‍ജി

ഡല്‍ഹി: സിപിഎം ‘ഭീകരരുടെ പാര്‍ട്ടി’ ആണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അവരോട് സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയെ സഹായിക്കുകയാണ് സിപിഎം എന്നും മമത ആരോപിച്ചു. അതേസമയം, കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് മമത ബാനര്‍ജി മൗനം പാലിച്ചു.

സൗത്ത് 24 പര്‍ഗാനാസില്‍ നടന്ന സര്‍ക്കാര്‍ ചടങ്ങില്‍ സംസാരിക്കവെയാണ് സിപിഎമ്മിനെ ഭീകരരുടെ പ്രസ്ഥാനം എന്ന് മമത ബാനര്‍ജി വിശേഷിപ്പിച്ചത്. 34 വര്‍ഷം ജനങ്ങളുടെ മനസ്സുകൊണ്ട് കളിച്ച പാര്‍ട്ടിയാണ് സിപിഎം. ഇന്ന് അവര്‍ ക്യാമറക്ക് മുന്നില്‍ ഇരുന്ന് സംസാരിക്കുന്നു. അധികാരത്തില്‍ ഇരുന്ന 34 വര്‍ഷം ജനങ്ങള്‍ക്കുവേണ്ടി സിപിഎം എന്ത് ചെയ്തുവെന്നും മമത ചോദിച്ചു. ജനങ്ങള്‍ക്ക് എന്ത് അലവന്‍സാണ് സിപിഎം സര്‍ക്കാര്‍ നല്‍കിയത്? തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 20,000-ഓളം പേര്‍ക്ക് ജോലി നല്‍കിയെന്നും മമത അവകാശപ്പെട്ടു. ബിജെപിക്കും സിപിഎമ്മിനും എതിരായ പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.

Top